Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (12-03-22)

March 12, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുപിയിൽ കോൺഗ്രസിന്റെ നില പരിതാപകരം; 97 ശതമാനം സ്ഥാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നില പരിതാപകരം. യുപിയിൽ കോൺഗ്രസിന്റെ 97 ശതമാനം സ്ഥാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി. മത്സരിച്ച 399 മണ്ഡലങ്ങളിലും 387 ഇടത്തും കോൺഗ്രസ് നേരിട്ടത് ദയനീയ തോൽവിയാണ്. മായാവതിയുടെ ബി എസ് പിയിലെ 290 സ്ഥാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി. ബി ജെ പിയുടെ മൂന്ന് സ്ഥാർത്ഥികൾക്കും എസ് പിയുടെ ആറ് സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായി.

കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്തത ഏറ്റുമുട്ടലുകളിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും സൈന്യം അറിയിച്ചു. പുല്‍വാമ,ഹന്ദ്വാര, ഗന്ദര്‍ബാൽ എന്നീ ജില്ലകളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍; 89 മരണം

രാജ്യത്ത് 3614 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരണനിരക്ക് 5,15,803 ആയി. 40,559 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയില്‍ കഴിയുന്നത്.

തോട്ടഭൂമിയിൽ ഇടവിള കൃഷി; എതിർപ്പുമായി സിപിഐ

തോട്ടഭൂമിയിൽ ഇടവിള കൃഷി,എതിർപ്പുമായി സിപിഐ. ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വരുത്താൻ എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇടവിള കൃഷി നിർദേശം മുന്നോട്ട് വച്ചത് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ്.

‘പരാജയപ്പെടുത്തിയത് മാധ്യമങ്ങളുടെ അജണ്ട’; ചാനല്‍ ഡിബേറ്റുകള്‍ ബഹിഷ്‌കരിച്ച് ബിഎസ്പി

ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തുക എന്നത് മാധ്യമങ്ങളുടെ അജണ്ടയായിരുന്നുവെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. ബിഎസ്പി മുന്നോട്ടുവെക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. ഇത് തന്റെ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് മായാവതി പറഞ്ഞു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിഎസ്പി നേതാക്കള്‍ ടെലിവിഷന്‍ ഡിബേറ്റുകള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്.

മി ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി രാജ്യം വിട്ടിട്ടില്ലെന്ന് ഡിസിപി

മി ടു ആരോപണം നേരിടുന്ന മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി രാജ്യം വിട്ടിട്ടില്ലെന്ന് ഡിസി പി വി.യു കുര്യാക്കോസ് . അനീസ് അൻസാരിയെ പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ഡിസിപി അറിയിച്ചു. യുവതികൾ സാമൂഹിക മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത് പ്രതിക്ക് തുണയായെന്ന് ആദിമ പറഞ്ഞു. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അനസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു

ഒന്നര വയസുള്ള കുഞ്ഞിനെ മുക്കിക്കൊന്ന സംഭവം; മുത്തശ്ശി സിപ്‌സി അറസ്റ്റിൽ

ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് ഇവർ പിടിയിലായത്. സിപ്‌സിയെ ഉടൻ കൊച്ചി പൊലീസിന് കൈമാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്ത മൂന്ന് ദിവസം താപനില ഉയരാൻ സാധ്യത; ആറ് ജില്ലകളിൽ മൂന്നുഡിഗ്രിവരെ ഉയരും

കേരളത്തിൽ അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക.

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കും

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

ഗോവയിൽ പ്രമോദ് സാവന്ത് രാജി സമർപ്പിച്ചു; മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം തീരുമാനമെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിക്കത്ത് നൽകി. ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ രാജ് ഭവനിൽ സന്ദർശിച്ചാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്.ഗവർണർ ഗോവ മുഖ്യമന്ത്രിയുടെ രാജിക്കത്ത് സ്വീകരിച്ചു. തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement