ചീനികുഴി കൊലപാതകം : ഹമീദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

ഇടുക്കി ചീനികുഴിയിൽ മകനേയും കുടുംബത്തെയും തീവെച്ചുകൊന്ന ഹമീദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ ചീനിക്കുഴിയിലെ മുഹമ്മദ് ഫൈസലിന്റെ കടയിൽനിന്ന് മോഷ്ടിചതെന്നാണ് ഹമീദിന്റെ മൊഴി. ഇക്കാര്യങ്ങൾ അടക്കം ഉറപ്പുവരുത്താൻ വീണ്ടും ചോദ്യം ചെയ്യുകയും, കടയിൽ എത്തിച്ച് തെളിവെടുക്കേണ്ടതുമുണ്ട്. ഇതിനാണ് പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുക. ( cheenikuzhi murder hameed custody )
ഇന്നലെ പുലർച്ചെയാണ് മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, പേരക്കുട്ടികളായ മെഹ്‌റ, അസ്‌ന എന്നിവരെ വീടിന് തീവെച് പ്രതി കൊന്നത്. സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു കൂട്ടക്കൊല.
കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.
വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ഹമീദ് ശ്രമിച്ചു. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.
മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുൽ ട്വന്റിഫോറിനോട് പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്.
Story Highlights: cheenikuzhi murder hameed custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here