Advertisement

‘അച്ഛൻ പുറത്തിറങ്ങിയാൽ എന്നെയും കുടുംബത്തെയും കൊല്ലും’; ഹമീദിനെതിരെ മൂത്ത മകൻ

March 20, 2022
2 minutes Read
hameed will kill us says eldest son
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊടുപുഴ ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിനെതിരെ മൂത്തമകൻ. ഹമീദ് പുറത്തിറങ്ങിയാൽ തങ്ങളെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഹമീദിനെ മൂത്തമകൻ ഷാജി എ.എച്ച് ട്വന്റിഫോറിനോട്. ഹമീദിന് ഒരു തരത്തിലുള്ള നിയമസഹായവും ഒരുക്കില്ലെന്നും ഷാജി പറഞ്ഞു. ( hameed will kill us says eldest son )

കഴിഞ്ഞ 30 വർഷമായി ഹമീദ് മക്കളുമായോ കുടുംബവുമായോ സഹകരണമില്ലെന്ന് ഷാജി പറയുന്നു. ‘രണ്ടാഴ്ച മുൻപ് ജ്യോഷ്ഠനോട് അച്ഛൻ പറഞ്ഞിരുന്നു എല്ലാവരേയും തീർക്കുമെന്നും എനിക്ക് മേൽപോട്ട് നോക്കിയാൽ ആകാശം, താഴേക്ക് നോക്കിയാൽ ഭൂമി എന്നാണെന്ന്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പുറത്തിറങ്ങിയാൽ ഇനി ഞങ്ങളെയും കൊല്ലുമെന്ന് നല്ല ഭയമുണ്ട്. ഫൈസലിനെ കൊലപ്പെടുത്തിയതിന് ശേഷം ഇവിടെ വന്നും കൊല്ലാനായിരുന്നിരിക്കണം പദ്ധതി. അച്ഛൻ ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ഉള്ള എല്ലാ കാര്യവും ചെയ്യും’- ഷാജി പറഞ്ഞു.

ഇന്നലെ പുലർച്ചെയാണ് മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, പേരക്കുട്ടികളായ മെഹ്‌റ, അസ്‌ന എന്നിവരെ പിതാവ് ഹമീദ് വീടിന് തീവച്ച് കൊന്നത്. സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു കൂട്ടക്കൊല. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.

വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ഹമീദ് ശ്രമിച്ചു. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.

മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുൽ ട്വന്റിഫോറിനോട് പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Story Highlights: hameed will kill us says eldest son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement