Advertisement

എല്‍ഡിഎഫ് വന്നു, എല്ലാം ശരിയായി; മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

March 31, 2022
Google News 3 minutes Read
vd satheeshan is against liquor policy

ഇന്ധനവില വര്‍ധനവിനും ബസ് ചാര്‍ജ് വര്‍ധനവിനുമെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷം. ജനങ്ങളെ പ്രയാസപ്പെടുത്താനുള്ള നടപടികളെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞു, എല്ലാം ശരിയാക്കി. ഇന്ധനവില കുറയ്ക്കുന്നില്ല. ബസ് ചാര്‍ജും വര്‍ധിപ്പിച്ചു. രണ്ടര കിലോമീറ്ററിനാണ് ചാര്‍ജ് കൂട്ടിയത്. മിനിമം ചാര്‍ജ് 10 രൂപയാക്കി കൂട്ടിയത് സര്‍ക്കാര്‍ ആലോചിക്കാതെയെടുത്ത നടപടിയാണ്. നിരവധി അപാകതകളുള്ള തീരുമാനമാണിത്. അതിലെല്ലാം പരിഹാരമുണ്ടാകണം’. വി ഡി സതീശന്‍ പറഞ്ഞു.(vd satheeshan is against liquor policy)

മദ്യനയത്തിനെതിരെ യാതൊരു കൂടിയാലോചനകളും ചര്‍ച്ചകളും നടന്നിട്ടില്ല. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കമാണ്. കഴിഞ്ഞ പ്രാവശ്യം അഴിമതി ആരോപണത്തിന്റെ പേരില്‍ തഴയപ്പെട്ട ബ്രൂവെറികളും ഡിസ്റ്റലറികളും പുതിയ കുപ്പായമിട്ട് തുറക്കാനുള്ള ശ്രമമാണ്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണിത്.

‘നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി വ്യാപകമായി ബാറുകളുള്ള സംസ്ഥാനമാണ് കേരളം. ബിവറേജസ് കോര്‍പറേഷന്റെ റീട്ടെയില്‍ ഔട്‌ലെറ്റുകള്‍ ധാരാളമായി കേരളത്തിലുണ്ട്. ബാറുകളുടെ എണ്ണം കുറവാണെന്നോ മദ്യത്തിന്റെ ലഭ്യത കുറവെന്നോ ഒരു വിഷയം കേരളത്തിലില്ല. പുതിയ മദ്യശാലകള്‍ തുടങ്ങാനുള്ള ഇപ്പോഴത്തെ തീരുമാനം വ്യാപക അഴിമതി നടത്താന്‍ വേണ്ടിയാണ്’. വി ഡി സതീശന്‍ പറഞ്ഞു.

Read Also : ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നതിനൊപ്പം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 6 കൊല്ലത്തിനിടയില്‍ വര്‍ധിപ്പിച്ച നികുതിയുടെ ഭാഗമായുള്ള നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 6000 കോടിയിലധികമാണ്. അതില്‍ അധികമായി കിട്ടിയ നികുതിയുടെ 25 ശതമാനം തുക കെഎസ്ആര്‍ടിസിക്കും പ്രൈവറ്റ് ബസുകള്‍ക്കും വള്ളങ്ങള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും ഓട്ടോ-ടാക്‌സികള്‍ക്കും നല്‍കിയാല്‍ ഈ ചാര്‍ജ വര്‍ധനവ് ഇത്രയും കൂട്ടാതെ തടഞ്ഞുനിര്‍ത്താമായിരുന്നു.

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ചാര്‍ജ് കൂട്ടിയും ജനങ്ങളെ പീഡിപ്പിക്കുന്നത് പോലെ തന്നെയാണ്. സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമായി. ഫ്യുവല്‍ സബ്‌സിഡി നല്‍കി സംസ്ഥാനം നിരക്ക് വര്‍ധനവ് കുറയ്ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Read Also : 29 ബാറിൽ നിന്ന് 800 ബാറുകളാണ് തുറന്നത്; മദ്യനയത്തിനെതിരെ കെസിബിസി

അതേസമയം തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നതില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. എംപിമാരായ വി കെ ശ്രീകണ്ഠന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നോട്ടിസ് നല്‍കിയത്. പാര്‍ലമെന്റിന് സമീപം കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. അതേസമയം, മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്.

Story Highlights: vd satheeshan is against liquor policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here