Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25-04-22)

April 25, 2022
2 minutes Read
todays news headlines april 25
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി തുടരും

ഫ്രാൻസിൻ്റെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തുടരും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മാക്രോൺ വിജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം വോട്ട് നേടി. ജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് മാക്രോണിന്.

ഇടുക്കിയിൽ വീടിനു തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; ഗുരുതര പരുക്കേറ്റ മകൾ ആശുപത്രിയിൽ

ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തീപിടുത്തം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല.

ആംബുലൻസ് എത്താൻ ഏഴ് മണിക്കൂർ വൈകി; ജോൺ പോളിന് ചികിത്സ എത്തിച്ചതിൽ വീഴ്ച പറ്റിയെന്ന് ആരോപണം

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് അടിയന്തിര ചികിത്സാസഹായം എത്തിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു എന്ന് ആരോപണം. ആംബുലൻസ് എത്താൻ ഏഴ് മണിക്കൂർ വൈകിയെന്ന് നിർമാതാവ് ജോളി ജോസഫ് 24നോട് പറഞ്ഞു. ജോൺ പോൾ ഗുരുതരാവസ്ഥയിൽ വീണുകിടന്നപ്പോൾ സഹായമെത്തിയില്ല. കട്ടിലിൽ നിന്ന് വീണ ജോൺ പോൾ മണിക്കൂറുകളോളം വെറും നിലത്ത് കിടന്നു. ഫയർഫോഴ്സിനെയും ആംബുലൻസിനെയും നിരന്തരം ബന്ധപ്പെട്ടിട്ടും സഹായിച്ചില്ല. പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈകിയെന്നും എന്നും ജോളി ജോസഫ് 24നോട് പറഞ്ഞു. (john paul allegation ambulance)

ചന്ദ്രബോസ് കൊലക്കേസ്: വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ചന്ദ്രബോസ് കൊലക്കേസ് വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ശോഭാ സിറ്റി സെക്യൂരിറ്റി ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിഷാം.

സിപിഐയിലും പ്രായപരിധി കർശനമാക്കി

സിപിഐയിലും പ്രായപരിധി കർശനമാക്കി. സംസ്ഥാന നേതൃത്വത്തിൽ 75 വയസ് പ്രായപരിധിയാക്കാൻ സിപിഐ എക്‌സിക്യൂട്ടിവിൽ തീരുമാനമായി. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധി. ( cpi makes age limit mandatory )

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയുമായി കോൺഗ്രസ്

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരു എംപവർ കമ്മിറ്റിയെ നിയോ​ഗിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. പ്രശാന്ത് കിഷോറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതാധികാര കർമ്മസമിതി രുപീകരിക്കും. കൂടാതെ കോൺ​ഗ്രസിൻ്റെ സംഘടനാ പ്രശ്നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ച‍ർച്ച ചെയ്യാനായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി വിളിച്ച ചിന്തിൻ ശിബിർ അടുത്ത മാസം രാജസ്ഥാനിൽ നടക്കും. ഇന്ന് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗമാണ് പരിപാടിക്ക് അന്തിമരൂപം നൽകിയത്.

മോദിക്ക് പിന്നാലെ അമിത് ഷായും ജമ്മു കശ്മീരിലേക്ക്

പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

ഗുജറാത്തിൽ വൻ ലഹരിവേട്ട; 280 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് പിടികൂടി

ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി. അല്‍ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പാകിസ്താൻ ബോട്ട് കണ്ടെത്തിയത്.

അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സി. ഐ.ടി.യു

കെഎസ്ആർടിസി യിൽ അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സി ഐ ടി യു. ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെ എസ് ആർ ടി സി സേവനമേഖലയാണ്. സർക്കാർ സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പമ്പയിലെ മരാമത്ത്‌ പ്രവൃത്തികൾ; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേടിൽ നടപടി- 24 IMPACT

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പമ്പയിലെ മരാമത്ത് പ്രവർത്തികളുടെ സ്റ്റോക്ക് രജിസ്റ്റർ കാണാനില്ലെന്ന വാർത്തയിൽ സർക്കാർ ഇടപെടൽ. ദേവസ്വം മന്ത്രി കെ രാധാകൃഷണൻ അടിയന്തിര റിപ്പോർട്ട് തേടി . 2016 മുതൽ 2018 വരെയുള്ള മരാമത്ത് പ്രവർത്തികളുടെ രജിസ്റ്റർ കാണാനില്ലെന്ന ട്വന്റി ഫോർ വർത്തയെ തുടർന്നാണ് നടപടി. നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് കമ്മിഷണർക്ക് ദേവസ്വം മന്ത്രി നിർദേശം നൽകി.

സില്‍വര്‍ ലൈന്‍ സമരം; പൊലീസിന് സിപിഐയുടെ വിമര്‍ശനം

സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട കരിച്ചാറയിലെ പൊലീസ് നടപടി ശരിയായില്ലെന്ന് സിപിഐ. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്ന് സിപിഐ എക്‌സിക്യുട്ടീവില്‍ വിമര്‍ശനം. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാന്‍. ഇങ്ങനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement