മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് മേരി കോം; കേരള ഗെയിംസിന് തുടക്കമായി
കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022ന് തുടക്കമായി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശ്വാരൂഢസേനക്കു പിന്നാലെ ഗെയിംസ് ദീപശിഖയും പതാകയുമേന്തിയ അത്‌ലറ്റുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
ഇവര്‍ക്ക് തൊട്ടുപിന്നിലായി രാജ്യത്തിന്റെ അഭിമാനമായ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ മേരി കോമും പി.ആര്‍. ശ്രീജേഷും രവികുമാര്‍ ദഹിയയും ബജ്രംഗ് പൂനിയയും മലയാളി ഒളിമ്പ്യന്മാരായ സജന്‍ പ്രകാശും അലക്സ് ആന്റണിയും കെ.ടി. ഇര്‍ഫാനും എം.പി. ജാബിറും തുറന്ന ജീപ്പിലേറി മാര്‍ച്ച് പാസ്റ്റിന്റെ ഭാഗമായി. ഇതിനു പിന്നാലെ 14 ജില്ലകളില്‍ നിന്നുമുള്ള കായിക താരങ്ങളും കായിക പ്രേമികളും അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുന്നേറിയ മാര്‍ച്ച് പാസ്റ്റ് ആറു മണിയോടെ ഉദ്ഘാടനവേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു.
കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്സര്‍ മേരി കോമിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ ജേതാക്കളായ പി.ആര്‍. ശ്രീജേഷിനും, രവി കുമാര്‍ ദഹിയക്കും, ബജ്‌റംഗ് പൂനിയക്കും മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, ജി.ആര്‍ അനിലും അന്റണി രാജുവും അവാര്‍ഡുകള്‍ സമ്മാനിച്ചു. മലയാളി ഒളിംപ്യന്മാരായ സജന്‍ പ്രകാശും കെ.ടി. ഇര്‍ഫാനും അലക്സ് ആന്റണിയും എം.പി. ജാബിറും ആദരം ഏറ്റുവാങ്ങി.
‘എല്ലാവര്‍ക്കും നമസ്‌കാരം’ എന്നു പറഞ്ഞുകൊണ്ടു മലയാളത്തിലാണ് മേരി കോം സംസാരം ആരംഭിച്ചത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ കായിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കായിക രംഗത്തെ തന്റെ യാത്ര തടസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നുവെന്നും നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് അതിനെയൊക്കെ മറികടന്നതെന്നും മേരി കോം വ്യക്തമാക്കി. കേരള ഗെയിംസ് മികച്ച തുടക്കമാണെന്നും ഗെയിംസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മേരി കോം പറഞ്ഞു.
ഒളിമ്പിക് മെഡല്‍ സ്വപ്നം കാണാന്‍ കേരള ഗെയിംസ് കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കട്ടേ എന്ന് പി.ആര്‍. ശ്രീജേഷ് ആശംസിച്ചു. ഗെയിംസിലെ മത്സരങ്ങള്‍ നാളെയാരംഭിക്കും ഈ മാസം 10ന് ഗെയിംസ് സമാപിക്കും.
Story Highlights: kerala games begins at thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here