Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (10-05-2022)

May 10, 2022
Google News 2 minutes Read

‘ കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ല’; ലിതാരയുടെ അച്ഛൻ 24നോട് ( news round up may 10 )

കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അന്തരിച്ച ബാസ്‌കറ്റ് ബോൾ താരം കെ.സി ലിതാരയുടെ അച്ഛൻ കരുണൻ. കോച്ച് രവി സിംഗിൽ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരി ലിൻസിയുടെ ട്വന്റിഫോറിനോട് പറയുന്നു.

പി.സി ജോർജിനെതിരെ വീണ്ടും കേസ്

പി സി ജോർജിനെതിരെ വീണ്ടും കേസ്. വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് വിണ്ടും കേസെടുത്തത്. പാലാരിവട്ടം പൊലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. 153 A 295 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെണ്ണലയിൽ പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുത്തത്.

കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്

കെവി തോമസിന്റെ നിലപാടിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് രം​ഗത്ത്. സിപിഐഎമ്മിനോട് ചേർന്ന് നിൽക്കുന്ന നിലപാട് കൈക്കൊള്ളുന്ന കെവി തോമസിന്റെ രാഷ്ട്രീയമാറ്റം ദൗർഭാ​ഗ്യകരമാണെന്ന് ഉമ തോമസ് പറഞ്ഞു. ഓരോ ചുവടിലും തന്റെ ആത്മവിശ്വാസം വർധിക്കുകയാണെന്നും വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, മാനേജ്‌മെന്റ് തീരുമാനിക്കട്ടെയെന്നും ആന്റണി രാജു

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് സര്‍ക്കാര്‍ 10-ാം തീയതി ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ആ ഉറപ്പ് ലംഘിച്ചാണ് യൂണിയനുകള്‍ സമരം ചെയ്തത്. ഇനി എന്തു ചെയ്യണമെന്ന് യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെയെന്നും മന്ത്രി പറയുന്നു.

‘വികസന രാഷ്ട്രീയത്തിന് വേണ്ടി സഹകരിക്കാം’; സിപിഐഎമ്മിനൊട് സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട്

തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തോടൊപ്പം, സിപിഐഎമ്മിനൊട് സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസുകാരനായി തുടരാൻ സംഘടനയിൽ വേണമെന്നില്ല. തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി പ്രചരണത്തിൽ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം നാളെ. കോൺഗ്രസ് സംസ്‌കാരവും വികാരവുമാണ്. വികാരം ഉൾകൊള്ളുന്ന ഒരു കോൺഗ്രസുകാരനായി തുടരും.

പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസുകാരന്റെ കുടുംബമാണ് മരിച്ചത്. മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സിപിഒ റെനീസിന്റെ ഭാര്യ ജില, മക്കളായ ടിപ്പു സുൽത്താൻ മജില എന്നിവരെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഡാനിഷ് സിദ്ദീഖി ഉൾപ്പെടെ നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

ഈ വർഷത്തെ പുളിറ്റ്‌സർ പുരസ്‌കാരം നേടിയവരുടെ പട്ടികയിൽ നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകരും. അന്തരിച്ച ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നിവർക്കാണ് പുരസ്‌കാരം. റോയിറ്റസിലെ മാധ്യമ പ്രവർത്തകരാണ് ഇവർ.

പൂര നഗരിയിൽ ആനയിടഞ്ഞു; ഉടൻ തളച്ചു; ആശങ്കയൊഴിഞ്ഞു

പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലിൽ ആനയെ ശാന്തമാക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

മൊഴി വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച്; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. പക്ഷേ ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.

Story Highlights: news round up may 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here