ഇന്നത്തെ പ്രധാന വാർത്തകൾ ( 15-05-2022 )
മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു ( may 15 news round up )
മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് (46) ക്വീന്‍സ്ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ക്വീന്‍സ്ലാന്റിലെ ടൗണ്‍സ്വില്ലയിലുള്ള വീടിന് സമീപം വച്ചാണ് അപകടമുണ്ടായത്.
അതി തീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം : മന്ത്രി കെ.രാജൻ
മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ.രാജൻ. ജില്ലാ ഭരണകൂടങ്ങളോട് സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കും.
മഴയില്‍ വീടുകള്‍ തകര്‍ന്നു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊല്ലം ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. കൊല്ലം താലൂക്കില്‍ രണ്ട് വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകര്‍ന്നത്. കനത്ത മഴയില്‍ നാദാപുരം കച്ചേരിയില്‍ വീട് തകര്‍ന്നു. കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി. രണ്ട് ദിവസം മുൻപാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ 50 പേരടങ്ങുന്ന സംഘം കടലിൽ വച്ച് ആയുധങ്ങളുമായി എത്തിയാണ് മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ സുരക്ഷിതിരായി തിരിച്ചെത്തി.
പെരുംമഴയിലും തോരാത്ത പ്രചാരണ ചൂടിലാണ് തൃക്കാക്കര. കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഇന്നും ശക്തമായ പ്രചാരണമാണ് മുന്നണികള്‍ തൃക്കക്കരയില്‍ നയിക്കുന്നത്. ഇടതുക്യാമ്പിന് ആത്മ വിശ്വാസം നല്‍കുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെ പങ്കെടുത്ത് കൊണ്ട് ലോക്കല്‍ കമ്മിറ്റികള്‍ ചേരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അത്തരത്തില്‍ അടുക്കും ചിട്ടയുമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ് സിപിഐഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കുടുംബയോഗങ്ങളിലും എല്‍ഡിഎഫ് കണ്‍വെന്‍ഷനുകളിലും പങ്കെടുക്കാന്‍ വിവിധ മന്ത്രിമാരും തൃക്കാക്കരയില്‍ തുടരുന്നുണ്ട്. 60 എംഎല്‍എമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്.
മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് അന്തരിച്ചു
മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് സി.പി സുധാകര പ്രസാദ്.
എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍
സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ലി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ എല്ലാ ഫണ്ടും കെ ഫോണിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്റര്‍നെറ്റ് സേവന ദാതാവിനെ കെ ഫോണ്‍ തെരഞ്ഞെടുക്കുന്നതുവരെ പ്രാദേശിക സേവന ദാതാക്കളെ ഉപയോഗിച്ച് കണക്ഷന്‍ നല്‍കാനാണ് നിര്‍ദ്ദേശം.
Story Highlights: may 15 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here