Advertisement

‘ദുഷ്‌കരമായ യാത്രയിൽ അമ്മയായിരുന്നു പ്രതീക്ഷ’: തടവിലെ ദിനരാത്രങ്ങൾ വിവരിച്ച് പേരറിവാളന്‍

May 19, 2022
2 minutes Read
My hope was my mother A G Perarivalan writes
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘അര്‍പ്പുതമ്മാള്‍’, 3 പതിറ്റാണ്ടിലേറെയായി രാജ്യം മുഴുവന്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പേര്. രാജീവ് ഗാന്ധി വധക്കേസിൽ ഗൂഡാലോചന കുറ്റമാരോപിച്ച് ജയിലിൽ അടച്ച മകൻ പേരറിവാളിൻറെ നീതിക്കായി അവര്‍ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഏറ്റവും കൂടുതല്‍ കാലം അര്‍പ്പുതമ്മാള്‍ കഴിഞ്ഞത് ജയിലിന് പുറത്താണ്. ഒടുവിൽ ആ അമ്മയ്ക്ക് മുന്നിൽ നീതിപീഠവും മുട്ടുമടക്കി. നീണ്ട മുപ്പത്തി ഒന്ന് വർഷത്തെ തടവിനു ശേഷം എ.ജി പേരറിവാളൻ ജയിൽ മോചിതനായിരിക്കുന്നു.

വീണ്ടും സൂര്യ വെളിച്ചം കാണാൻ സഹായിച്ചവരെ നന്ദി അറിയിക്കാൻ പേരറിവാളന്‍ മറന്നില്ല. പ്രതീക്ഷകൾ അവസാനിക്കുമ്പോഴും തളരാതെ പൊരുതിയ അമ്മയോടാണ് പേരറിവാളന് ആദ്യം നന്ദി പറയാനുള്ളത്. ഒപ്പം ഏകാന്ത തടവിലെ അനുഭവങ്ങളും പേരറിവാളന്‍ തൻ്റെ കുറിപ്പിൽ പങ്കുവെയ്ക്കുന്നു. “കഠിനമായ യാത്രയില്‍ അമ്മയായിരുന്നു ഏക പ്രതീക്ഷ. ജയിൽ മോചിതനായി വീട്ടിൽ എത്തിയപ്പോൾ, ഇത്രയും വർഷം എനിക്ക് വേണ്ടി പോരാടിയ അമ്മ കരയുകയായിരുന്നു. അമ്മ എന്നോട് ഒന്നും മിണ്ടിയില്ല, കരച്ചിലടക്കാൻ അമ്മയ്ക്ക് സാധിക്കുന്നില്ല. പക്ഷേ ഒരിക്കൽ കൂടി അമ്മയ്‌ക്കൊപ്പം ഇരുന്ന് സംസാരിക്കാൻ എനിക്ക് സാധിച്ചു.” – പേരറിവാളന്‍ കുറിക്കുന്നു.

എ.ജി പേരറിവാളൻ്റെ കുറിപ്പ് പൂർണരൂപം;

“എന്നെ മോചിപ്പിക്കാന്‍ രാവിലെ 10.40 ഓടെ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, സുഹൃത്തിനൊപ്പം അമ്മാവന്റെ വീടിനടുത്തുള്ള പൊതു ഹാളില്‍ കാത്തുനില്‍ക്കുകയായിരുന്നു ഞാൻ. ഒടുവില്‍ കാത്തിരുന്ന വാര്‍ത്ത വന്നപ്പോള്‍ വീട്ടിൽ പോകാൻ ധൃതിയായി. വീട്ടിൽ ഇത്രയും വര്‍ഷം എനിക്കുവേണ്ടി പോരാടിയ അമ്മ കരയുകയായിരുന്നു. മൂത്ത സഹോദരിയും അവിടെയുണ്ടായിരുന്നു, അവള്‍ ഇങ്ങനെ കരയുന്നത് മുന്‍പ് ഞാൻ കണ്ടിട്ടില്ല. അല്‍പ്പം വൈകി വീട്ടിലെത്തിയ അനുജത്തിയും തമിഴ് അധ്യാപകനായി വിരമിച്ച അച്ഛനും വളരെ സന്തോഷത്തിലായിരുന്നു.

ഇന്ന് അമ്മ എന്നോട് മിണ്ടിയില്ല, കരയുക മാത്രം ചെയ്തു. അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചോയെന്ന് എനിക്ക് ഓര്‍മയില്ല. പക്ഷേ അമ്മയുടെ കൂടെ ഇരുന്ന് എനിക്ക് സംസാരിക്കണം. സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മണിക്കൂറുകള്‍ മാത്രം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള നിരവധി ഫോണുകള്‍ക്കു മറുപടി പറഞ്ഞ് ഞാന്‍ ക്ഷീണിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട നിയമ പോരാട്ടമാണ്. പക്ഷേ, അമ്മ എനിക്കായി എത്രമാത്രം പോരാടുന്നുവെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ തളര്‍ന്നില്ല. 6×9 അടി സെല്ലിലെ ഏകാന്ത തടവില്‍ ഏകദേശം 11 വര്‍ഷമാണു ഞാന്‍ ചെലവഴിച്ചത്.

എനിക്ക് കാണാനും സംസാരിക്കാനും ഭിത്തികള്‍ മാത്രം. പതിവായി ഭിത്തിയിലെ ഇഷ്ടികകള്‍ എണ്ണുകയും, വാതിലുകളുടെയും കുറ്റികളുടെയും അളവുകള്‍ എടുക്കുകയും, കൊതിക്കുന്ന മണം സങ്കല്‍പ്പിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് നേരത്തെ ആരോടോ ഞാൻ പറഞ്ഞിരുന്നു. ആ ദിവസങ്ങളിലാണ് എന്റെ ഇന്ദ്രിയങ്ങളെക്കുറിച്ച് ഞാൻ ബോധവാന്മാരാകാൻ തുടങ്ങിയത്. ജയിലിൽ ഒരു കുഞ്ഞിനെ കാണാൻ കൊതിച്ച ദിവസങ്ങളുണ്ടായിരുന്നു. തടവുകാലത്തിന്റെ ആദ്യ ഘട്ടത്തില്‍ വീട്ടിൽ ജനിച്ച കുഞ്ഞുങ്ങളെല്ലാം ഇപ്പോള്‍ മുതിര്‍ന്നവരായി മാറിയിരിക്കുന്നു.

എന്റെ സഹോദരിയുടെ കൗമാരക്കാരിയായ മകള്‍ സെഞ്ചോലൈ ഇപ്പോള്‍ എന്റെ കൂടെയുണ്ട്. ജയിൽ മോചിതനാകുമ്പോൾ അവൾക്ക് വിരുന്ന് നല്‍കണമെന്നും മധുരപലഹാരങ്ങള്‍ വാങ്ങണമെന്നും എന്നോട് പറഞ്ഞിരുന്നു. അതിനുള്ള ക്രമീകരണങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ല. എന്റെ സഹോദരിമാരുടെ മക്കളായ അഗരനെയും ഇനിമൈയെയും ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നു. അഗരന്‍ യുഎസിലാണ്. ഇനിമൈ കോളജില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലും. വിദേശത്തായിരുന്ന സെല്‍വ അണ്ണയെ (സെല്‍വരാജ്) ഞാന്‍ മിസ് ചെയ്യുന്നു. വധശിക്ഷയ്ക്കെതിരായ പോരാട്ടത്തിൽ അമ്മയെ സഹായിച്ച നിസ്വാര്‍ത്ഥ വ്യക്തിയായിരുന്നു അദ്ദേഹം. പോരാട്ടത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഡല്‍ഹിയിലെ അഭിഭാഷകനായ എസ് പ്രഭു രാമസുബ്രഹ്‌മണ്യനെ ഞാന്‍ മിസ് ചെയ്യുന്നു.

കേസില്‍ നിന്നു മോചിതനായ എന്റെ സുഹൃത്തും സഹോദരനുമായ ശേഖര്‍ ഇപ്പോള്‍ വിദേശത്താണ്. 1999-ല്‍ മോചിതനായപ്പോള്‍ എനിക്ക് ഷൂസും ഒരു ഷര്‍ട്ടും ഒരു ജോടി ട്രൗസറും അവൻ സമ്മാനമായി നല്‍കിയത് ഞാൻ ഓർക്കുന്നു. ഞാൻ പുറത്തിറങ്ങുന്ന ദിവസം അവ ധരിക്കണമെന്ന് അവൻ പറഞ്ഞിരുന്നു. ഇന്നെനിക്ക് ആ വസ്ത്രങ്ങള്‍ പാകമല്ലാതായി. എങ്കിലും ഇപ്പോഴും അവ നിധിപോലെ സൂക്ഷിക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെന്നറിഞ്ഞ്, കേസ് നടത്തിപ്പിനായി സ്വന്തം സ്വര്‍ണമാല അയച്ചുതന്ന തേന്‍മൊഴി അക്കയെ ഓര്‍ക്കുന്നു. പിന്നീട് അര്‍ബുദം ബാധിച്ച് മരിച്ച അവരെ എനിക്ക് കാണാന്‍ അവസരമുണ്ടായില്ല.

1997ല്‍ സേലം ജയിലില്‍ എന്നെ സന്ദര്‍ശിച്ച് ”ഞാന്‍ നിങ്ങളോടൊപ്പമുണ്ട്” എന്ന കുറിപ്പ് കൈമാറിയ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അന്തരിച്ച മുകുന്ദന്‍ സി മേനോനെ മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ ചെലുത്തിയ സ്വാധീനം വിവരിക്കാനാവില്ല. എന്റെ പോരാട്ടത്തില്‍ താങ്ങായി നിന്നത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരായിരുന്നു. എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാൾ ജസ്റ്റിസ് കൃഷ്ണയ്യരായിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെയും, ഞങ്ങള്‍ക്കു വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് 2011-ല്‍ സ്വയം തീകൊളുത്തിയ ഇരുപതുകാരിപി സെങ്കൊടിയുടെയും ഫൊട്ടോകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അർപ്പിക്കുന്നു.

എല്ലാവരോടും നന്ദി പറയുന്നു…. നീതിക്കു വേണ്ടി പോരാടാന്‍ നിര്‍ബന്ധിതരായ എല്ലാവർക്കും എന്റെ കഥ പ്രതീക്ഷ നൽകുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജന്മനാടായ ജോലാർപേട്ടിൽ ചെറുപ്പത്തിൽ ചെലവഴിച്ച മനോഹരമായ ദിവസങ്ങൾ ഞാൻ ഓർക്കുന്നു. അന്നും ഇന്നും തമ്മിൽ ഒരു വലിയ വിടവ് കാണുന്നു – ഞാനിപ്പോൾ ഒരു മധ്യവയസ്കനാണ്, കൂടുതൽ പക്വതയും ജീവിതാനുഭവവുമുള്ള ഒരു മനുഷ്യനാണ്. ഞാൻ എങ്ങനെയാണ് വിടവ് നികത്താൻ പോകുന്നത്? എനിക്കറിയില്ല. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ അവശേഷിപ്പിച്ച ചെറിയ കൂടല്ല എന്റെ നാട്.

Story Highlights: My hope was my mother A G Perarivalan writes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement