സിദാൻ പിഎസ്ജി പരിശീലകനാവില്ലെന്ന് ഉപദേശകൻ

റയൽ മാഡ്രിഡിൻ്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമൻ്റെ പരിശീലകനാവില്ലെന്ന് അദ്ദേഹത്തിൻ്റെ ഉപദേശകൻ അലയ്ൻ മിഗ്ലിയാസോ. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സിദാനെയോ തന്നെയോ പിഎസ്ജി ബന്ധപ്പെട്ടിട്ടില്ലെന്നും ഫ്രഞ്ച് ദിനപത്രമായ എൽ എക്വിപ്പിനു നൽകിയ അഭിമുഖത്തിൽ മിഗ്ലിയാസോ പറഞ്ഞു. (zinedine zidane psg coach)
“പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം തെറ്റാണ്. സിദാന് ഉപദേശം നൽകാനും അദ്ദേഹത്തെ പ്രതിനിധാനം ചെയ്യാനും അനുമതിയുള്ള ഒരേയൊരാൾ ഞാനാണ്. സിദാനെയോ എന്നെയോ പിഎസ്ജിയുടെ ഉടമ വിളിച്ചിട്ടില്ല. ഖത്തർ അമീറായ ഷെയ്ഖ് തമീൻ ബിൻ ഹമാദ് അൽ താനി സമൂഹമാധ്യമങ്ങൾ പരതി പിഎസ്ജിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുമെന്ന് തോന്നുന്നില്ല. സിദാൻ വരുന്നതിനോട് അദ്ദേഹത്തിനു താത്പര്യമുണ്ടോ എന്നുപോലും അറിയില്ല.”- മിഗ്ലിയാസോ വ്യക്തമാക്കി.
Read Also: മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സിദാൻ?; ഒലെ പുറത്തേക്കെന്ന് റിപ്പോർട്ട്
നിലവിലെ പരിശീലകനായ മൗറീസിയോ പൊചെറ്റിനോയെ പിഎസ്ജി പുറത്താക്കുമെന്നും പകരം സിദാൻ പരിശീലകനാകുമെന്നും ഫ്രഞ്ച് റേഡിയോ സ്‌റ്റേഷനായ യൂറോപ്പ് 1 ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് മറ്റ് ഫ്രഞ്ച് മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. ഇതിനെയാണ് മിഗ്ലിസിയോ തള്ളിയത്.
രണ്ട് ഘട്ടങ്ങളായി സിദാൻ റയലിനെ പരിശീലിപ്പിച്ചിരുന്നു. 2016-18 സീസണുകളിലും 2019-21 സീസണുകളിലും സിദാൻ റയലിനെ പരിശീലിപ്പിച്ചു. ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം 11 ട്രോഫികൾ ടീമിന് സമ്മാനിച്ച സിദാൻ 2021നു ശേഷം വേറെ ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. ഫ്രാൻസ് ദേശീയ ടീമിൻ്റെ പരിശീലകനായി സിദാൻ എത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
Story Highlights: zinedine zidane psg coach adviser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here