Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (23-06-22)

June 23, 2022
Google News 3 minutes Read

സോണിയ ഗാന്ധി ഇന്നും ഹാജരാകില്ല; രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നൽകി. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം.

കുറയാതെ കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ, എൻ സിഡി സി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദേശിച്ചേക്കും.

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ; മരണം 89

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. 15000 ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബ്രഹ്മപുത്ര, ബരാക്ക് നദികളിൽ ജലനിരപ്പ് ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെനാല് യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും ബരാക് താഴ്‌വരയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിയാനി വിന്യസിച്ചിട്ടുണ്ട്.

മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഒഴിവു വന്ന മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭ​ഗവന്ത് മാൻ രാജിവച്ച സംഗ്രൂർ, സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ രാജിവച്ച ഉത്തർപ്രദേശിലെ അസം​ഗർ, യുപിയിലെ മറ്റൊരു സീറ്റായ റാംപുർ എന്നിവിടങ്ങളിലാണു വോട്ടെടുപ്പ്. ആറു സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കും ഇന്നാണ് വോട്ടടെപ്പ്. വോട്ടെണ്ണൽ ജൂൺ 26ന് നടക്കും.

’44 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ പക്ഷം’; ഷിൻഡെ വഞ്ചകനെന്ന് ശിവസേന മുഖപത്രം ‘സാമ്ന’

മഹാരാഷ്ട്രീയ നാടകം തുടരുന്നു. മുംബൈയിൽ തിരക്കിട്ട നീക്കങ്ങൾ. യോഗം വിളിച്ച് ഇരുപക്ഷവും. ഏകനാഥ് ഷിൻഡെ പക്ഷം 10 മണിക്ക് യോഗം ആരംഭിച്ചു. എന്നാൽ ശിവസേനയുടെ അടിയന്തര യോഗം 11.30നാണ്. ഇതിനിടെ പ്രിയങ്ക ഗാന്ധി മുംബൈയിൽ എത്തി. സ്വകാര്യ സന്ദർശനമെന്ന് കോൺഗ്രസ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.(maharashtra crisis live updates 44 mlas with us says eknath shinde)

അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും പുറത്തേക്ക്

അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

കോഴിക്കോട് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

കോഴിക്കോട് കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ സുരക്ഷ ഏർപ്പെടുത്തി. (kozhikode sewage plant protest)

‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’;വിജയ് ബാബു കേസില്‍ ഹൈക്കോടതി പരാമര്‍ശം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് സന്ദേശങ്ങളില്‍ നിന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഓരോന്നായി പരിശോധിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.(highcourt opinion on vijay babu case)

അഭയക്കേസ് പ്രതികളുടെ ജാമ്യം; സിബിഐ മനപൂർവം തോറ്റുകൊടുത്തു: ജോമോൻ പുത്തൻപുരയ്ക്കൽ

അഭയക്കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ വിമർശിച്ച് കേസിൽ ഹർജി ചേർന്ന ജോമോൻ പുത്തൻപുരയ്ക്കൽ. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി സി ബി ഐയുടെ ഭാഗത്ത് നിന്നുണ്ടായി. പ്രതികളുടെ അപ്പീലിന് സി ബി ഐ മറുപടി നൽകിയില്ല.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here