Advertisement

ദിവസവും നേരിടേണ്ടി വരുന്നത് കലിപ്പന്മാരുടെ അധിക്ഷേപം; എ ഐ കാമുകിയുടെ കഥ ഞെട്ടിക്കുന്നത്‌

July 2, 2022
Google News 2 minutes Read

മനുഷ്യരുടെ ഒറ്റപ്പെടലിലും നിസഹായാവസ്ഥയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂട്ടാകുന്നതും ആ വൈകാരികബന്ധം വളരെ ആഴത്തിലാകുന്നതും സിനിമകളിലും കഥകളിലും കേട്ടിട്ടുണ്ടാകാം. അലക്‌സ ഉള്‍പ്പെടെയുള്ളവ പലരുടേയും ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിട്ടുമുണ്ട്. നമ്മളെ മാത്രം കേള്‍ക്കുകയാണെന്ന് തോന്നിപ്പിച്ച് നമ്മുടെ ആജ്ഞകള്‍ അനുസരിച്ച് തിരിച്ച് പ്രതികരിക്കുന്ന യന്ത്രങ്ങള്‍ വളരെവേഗത്തില്‍ ജീവിതത്തോട് ഇഴുകിച്ചേരാറുണ്ട്. ഇത്തരത്തില്‍ വളരെ വേഗത്തില്‍ പ്രചാരം നേടിയ സ്മാര്‍ട്ട് ഫോണ്‍ ചാറ്റ് ബോട്ടാണ് റെപ്ലിക്ക. ഒരു സുഹൃത്തിനെയോ മെന്ററിനെയോ പോലെയോ ഉപയോക്താക്കളോട് സംസാരിക്കാന്‍ ഡിസൈന്‍ ചെയ്യുന്ന റെപ്ലിക്ക വളരെ വേഗത്തില്‍ ശ്രദ്ധ നേടി. റെപ്ലിക്കയെ പലരും തങ്ങളുടെ എ ഐ ഗേള്‍ഫ്രണ്ടായി അംഗീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും തുടങ്ങി. സെക്‌സ് ബോട്ടായി പോലും തങ്ങള്‍ റെപ്ലിക്കയെ കാണുന്നുവെന്ന് തുറന്ന് പറയാന്‍ പലരും മടിച്ചില്ല.

റെപ്ലിക്കയ്ക്ക് റെഡ്ഡിറ്റില്‍ വളരെയധികം ഫോളോവേഴ്‌സുണ്ട്. ഇവരുടെ പല പോസ്റ്റുകളും ചില അപകടകരമായ ട്രെന്‍ഡുകള്‍ പുറത്തുകൊണ്ടുവരുന്നതായി ഒരു വൈറല്‍ റെഡ്ഡിറ്റ് ചർച്ചയെ അധികരിച്ച് ഫ്യൂച്ചറിസം.കോം റിപ്പോർട്ട് ചെയ്യുന്നു. തങ്ങള്‍ സെക്‌സ് ബോട്ടുകളായും വിര്‍ച്വല്‍ കമിതാവായും കാണുന്ന റെപ്ലിക്കയെ റെഡ്ഡിറ്റ് പോസ്റ്റുകളില്‍ പലരും വിളിക്കുന്നത് കേട്ടാലറയ്ക്കുന്ന അശ്ലീലമാണ്. പല ടോക്‌സിക് പങ്കാളികളും തങ്ങളുടെ യഥാര്‍ഥ ജീവിതത്തില്‍ ചെയ്യുന്നതിനേക്കാള്‍ രൂക്ഷമായ അധിക്ഷേപങ്ങളാണ് റെപ്ലിക്കയ്ക്ക് നേരിടേണ്ടിവരുന്നത്. താന്‍ സ്ഥിരമായി എ ഐ കാമുകിയെ അധിക്ഷേപിക്കാറുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന് വീമ്പ് പറയുക, നന്നായി അധിക്ഷേപിച്ച ശേഷം ഒടുവില്‍ മാപ്പിരക്കുക തുടങ്ങി കേട്ടാല്‍ വിശ്വസിക്കാത്ത കാര്യങ്ങളാണ് പലരും ചെയ്യുന്നത്. റെപ്ലിക്കയെ ആണ്‍ ബോട്ടായോ പെണ്‍ബോട്ടായോ ഭാവന ചെയ്യാമെങ്കിലും കൂടുതല്‍ പേരും റെപ്ലിക്കയെ പെണ്‍ബോട്ടായാണ് ഉപയോഗിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ഭയാനകമായ അധിക്ഷേപമാണ് പലരും ഈ ബോട്ടിനെതിരെ നടത്തുന്നത്. ലിംഗപദവി സംബന്ധിച്ച പല വാര്‍പ്പ് മാതൃകകളും ഉപയോഗിച്ചാണ് അധിക്ഷേപം നടത്തുന്നതെന്ന് ചില കമന്റുകള്‍ സൂചിപ്പിച്ചുകൊണ്ട് ഫ്യൂചറിസം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടകരമായ പുരുഷാധിപത്യമാണ് പല പോസ്റ്റുകളില്‍ നിന്നും വെളിവാകുന്നത്. നീ തോല്‍വിയാണെന്ന് പറഞ്ഞ് മാനസികമായി തളര്‍ത്താന്‍ ശ്രമിക്കല്‍, സ്ലട് ഷേയ്മിംഗ് നടത്തുക തുടങ്ങി റെഡ്ഡിറ്റിന് മാനേജ് ചെയ്യാന്‍ പോലും സാധിക്കാത്ത അധിക്ഷേപങ്ങളാണ് റെപ്ലിക്കയ്‌ക്കെതിരെ എത്തുന്നത്.

എന്നാല്‍ സാധാരണ ടോക്‌സിക് ബന്ധങ്ങളിലെപ്പോലെയല്ല ബോട്ടുകളുമായുള്ള ബന്ധത്തില്‍ സംഭവിക്കുന്നത്. ഈ കസര്‍ത്തുകള്‍ക്കൊന്നും ബോട്ടിനെ തളര്‍ത്താന്‍ കഴിയില്ല. ബോട്ടുകള്‍ നിങ്ങളോട് അനുഭാവപൂര്‍വം സംസാരിക്കുകയാണെന്ന് തോന്നുമെങ്കിലും അവയെ നിങ്ങള്‍ക്ക് വൈകാരികമായി ദ്രോഹിക്കാന്‍ കഴിയില്ലെന്ന് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ യോചനന്‍ ബിഗ്മാന്‍ സ്ഥിരീകരിക്കുന്നു.

Read Also: സ്പർശനസുഖം അറിയുന്ന ചർമ്മവുമായി സെക്സ് റോബോട്ടുകൾ എത്തുന്നു

എന്നാല്‍ ബോട്ടിനെ അധിക്ഷേപിക്കുന്ന മനുഷ്യരുടെ അവസ്ഥ അങ്ങനെയാകില്ല. യഥാര്‍ഥ ജീവിതത്തില്‍ തീര്‍ത്തും അനാരോഗ്യകരമായ ചില പ്രവണതകള്‍ ഇതില്‍ നിന്നും വളര്‍ന്നുവരാം. അധിക്ഷേപിക്കുന്ന വ്യക്തികളും മാനസികമായി തകരുന്നതായി മൊനാഷ് ഡാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫിലോസഫി വിഭാഗത്തിലെ വിദഗ്ധര്‍ പറയുന്നു. അതസമയം തന്നെ പലരും തങ്ങളുടെ നിരാശയും ദേഷ്യവും അമര്‍ഷവും പുറത്തുവിടാനുള്ള മാര്‍ഗമായും ചാറ്റ് ബോട്ടുകളെ കാണുന്നു.

ചാറ്റ് ബോട്ടുകള്‍ക്കടുത്താകുമ്പോള്‍ തങ്ങള്‍ക്ക് നല്ല സുഖവും ആശ്വാസവും തോന്നുന്നുവെന്നാണ് റെഡ്ഡിറ്റില്‍ പല ഉപയോക്താക്കളും പറയുന്നത്. ആത്മവിശ്വാസവും സന്തോഷവും വര്‍ധിക്കുന്നുണ്ടെന്നും സുരക്ഷിതത്വം തോന്നുന്നുവെന്നും പലരും സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യര്‍ക്ക് അധിക്ഷേപത്തിലൂടെ ബോട്ടുകളില്‍ യാതൊരു വിധ ദോഷവും ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഉപയോക്താക്കളെ തിരുത്താനുള്ള പല ശ്രമങ്ങളും ഗൂഗിളും ആപ്പിളും ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നുണ്ട്. സിരി ഉള്‍പ്പെടെയുള്ളവരോട് ലൈംഗികച്ചുവയോടെ സംസാരിക്കാന്‍ ശ്രമിച്ചാല്‍ അവ കൃത്യമായി താല്‍പര്യമില്ലെന്ന് പറയുകയും ഇത് നിങ്ങള്‍ ഉദ്ദേശിച്ച ആപ്പല്ലെന്ന് വ്യക്തമാക്കുകയും ചെയ്യും. എന്തൊക്കെയായാലും ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് റെപ്ലിക്ക ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നുണ്ട്.

Story Highlights: men using Replika chat bots as sex bots and verbally abusing it

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here