കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. താരങ്ങളും ഒഫീഷ്യൽസും അടക്കം 322 അംഗ സംഘത്തെയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചത്. ജൂലായ് 28 മുതൽ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ്. (commonwealth games indian team)
215 കായികതാരങ്ങളാണ് സംഘത്തിലുള്ളത്. ബാക്കി 107 പേർ ഒഫീഷ്യലുകളും സപ്പോർട്ട് സ്റ്റാഫുമാണ്. 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരുന്നു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.
Read Also: കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ്; ശക്തമായ ടീമുമായി ഇന്ത്യ
ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ ടി-20 വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് ചാമ്പ്യൻ പട്ടം ചൂടിയത്.
ഓസ്ട്രേലിയയെ കൂടാതെ പാകിസ്താനെയും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും. ജൂലായ് 31നാണ് ഈ മത്സരം നടക്കുക. രണ്ട് മത്സരങ്ങളും രാവിലെ 11 മണിക്കാണ്. ബാർബഡോസ് ആണ് ഗ്രൂപ്പ് എയിലുള്ള നാലാമത്തെ ടീം. ബാർബഡോസിനെ ഓഗസ്റ്റ് മൂന്നാം തീയതി വൈകിട്ട് 6 മണിക്ക് ഇന്ത്യ നേരിടും. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീം കൂടി ഗ്രൂപ്പ് ബിയിൽ പരസ്പരം പോരടിക്കും. ഓഗസ്റ്റ് ആറ് മുതലാണ് സെമി ഫൈനൽ പോരാട്ടങ്ങൾ. ആദ്യ മത്സരം രാവിലെ 11നും അടുത്ത മത്സരം വൈകിട്ട് 6 മണിക്കുമാണ്. വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും ഏഴാം തീയതി നടക്കും. വെങ്കലമെഡൽ പോരാട്ടം രാവിലെ 10 മണിക്കും ഫൈനൽ വൈകിട്ട് 5 മണിക്കുമാണ്.
Story Highlights: commonwealth games indian team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here