Advertisement

വരുന്നു നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി; എന്താണ് ഭഗത് സിംഗ് നഗര തൊഴിലുറപ്പ് പദ്ധതി ? [ 24 Explainer ]

July 20, 2022
3 minutes Read
bhagat singh urban employment scheme
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

..

യദുൽ കൃഷ്ണ

ഡൽഹി സർവ്വകലാശാല നിയമ വിദ്യാർത്ഥി, ബിനോയ് വിശ്വം എംപിയുടെ ലെജിസ്ലേറ്റീവ് അസിസ്റ്റന്റ്

————

ഗ്രാമവികസനത്തിനും, തൊഴിൽരഹിതർക്കുള്ള ഉപജീവനമാർഗവുമായി അവതരിപ്പിക്കപ്പെട്ട പദ്ധതിയാണ് 2005 ൽ രൂപം കൊണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പദ്ധതി നഗര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടക്കുകയാണ്. മെയ് 25 ന് ബിനോയ് വിശ്വം എംപി ഇത് സംബന്ധിച്ച ബിൽ രാജ്യസഭയ്ക്ക് മുന്നിൽ വച്ചിരുന്നു. വർഷകാല സമ്മേളനത്തിൽ ചർച്ചയ്‌ക്കെടുക്കാനിരിക്കെ, ഈ ബിൽ ഡ്രാഫ്റ്റ് ചെയ്ത ഡൽഹി സർവ്വകലാശാല നിയമ വിദ്യാർത്ഥിയും എംപിയുടെ ലെജിസ്ലേറ്റീവ് അസിസ്റ്റന്റുമായ യദുൽ കൃഷ്ണ എന്താണ് ‘ഭഗത് സിംഗ് നഗര തൊഴിലുറപ്പ് പദ്ധതി’യെന്ന് ട്വന്റിഫോറിനോട് വിശദീകരിക്കുകയാണ്. ( bhagat singh urban employment scheme )

എന്താണ് ഭഗത് സിംഗ് നഗര തൊഴിലുറപ്പ് ബിൽ?

വൈദഗ്ധ്യമുള്ള/ അർധ വൈദഗ്ധ്യമുള്ള/ അവിദഗ്ധ ജോലികൾ ചെയ്യാൻ സന്നദ്ധരാകുന്ന പ്രായപൂർത്തിയായ അംഗങ്ങളുള്ള എല്ലാ കുടുംബങ്ങൾക്കും ഓരോ സാമ്പത്തിക വർഷത്തിലും കുറഞ്ഞത് നൂറ് ദിവസത്തെ തൊഴിലെങ്കിലും ഉറപ്പുനൽകിക്കൊണ്ട് രാജ്യത്തെ നഗരപ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ വർധിപ്പിക്കുക എന്നതാണ് ബില്ലുകൊണ്ട് ലക്ഷ്യംവെക്കുന്നത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്ന വിദഗ്ധ/ അർദ്ധ വിദഗ്ധ/ അവിദഗ്ധ ജോലികൾ ചെയ്യാൻ തയ്യാറുള്ള എല്ലാ വീട്ടിലെയും മുതിർന്ന അംഗങ്ങൾക്ക് തന്റെ വീടിന്റെ അധികാരപരിധിയിലുള്ള വാർഡിൽ അവരുടെ പേരും പ്രായവും വീട്ടുവിലാസവും നൽകികൊണ്ട് ഒരു ജോബ് കാർഡിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്ത വീട്ടിലെ ജോബ് കാർഡിൽ പേരുള്ള ഇത്തരം മുതിർന്ന അംഗങ്ങൾക്ക് സ്‌കീമിന് കീഴിൽ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാവും.

ഒരു കുടുംബത്തിലെ രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് സ്‌കീമിന് അനുസൃതമായി ഒരു നിശ്ചിത സാമ്പത്തിക വർഷത്തിൽ താൻ ആവശ്യപ്പെടുന്ന അത്രയും ദിവസത്തേക്ക്, എന്നാൽ പരമാവധി 200 ദിവസങ്ങൾക്ക് വിധേയമായി, ജോലിക്ക് അർഹതയുണ്ടാവുന്നതാണ്.

ഇത്തരം ജോലിക്കുള്ള അപേക്ഷകൾ കുറഞ്ഞത് പതിന്നാലു ദിവസത്തെ തുടർച്ചയായ ജോലിക്ക് വേണ്ടിയുള്ളതായിരിക്കണം. ഓരോ അപേക്ഷകനും അപേക്ഷിച്ച പതിനഞ്ച് ദിവസത്തിനകം ജോലി ലഭിക്കുന്നുണ്ടെന്ന് പ്രോഗ്രാം ഓഫീസർ ഉറപ്പാക്കണം. എന്നാൽ സ്‌കീമിന് കീഴിൽ രജിസ്റ്റർ ചെയ്യുകയും ജോലിക്ക് അഭ്യർത്ഥിക്കുകയും ചെയ്ത ഗുണഭോക്താക്കളിൽ കുറഞ്ഞത് മൂന്നിലൊന്ന് ശതമാനം എന്ന തരത്തിൽ സ്ത്രീകൾക്ക് മുൻഗണന നൽകുകയും ചെയ്യണം.

പ്രവർത്തന ഘടന

നിലവിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രവർത്തന അധികാരങ്ങൾ നൽകുന്ന വികേന്ദ്രീകൃത പദ്ധതിയായിരിക്കും നഗര തൊഴിലുറപ്പ് പദ്ധതി. നഗരപഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ പോലുള്ള നഗര തദ്ദേശ സ്ഥാപനങ്ങളായിരിക്കും (ULB) തൊഴിലുറപ്പ് പരിപാടിയുടെ നടത്തിപ്പിന്റെ പ്രധാന അധികാരികൾ. നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ഓരോ വാർഡും ഓരോ സാമ്പത്തിക വർഷത്തേക്ക് വാർഷിക കർമ്മ പദ്ധതി (AAP) തയ്യാറാക്കണം. അതിൽ തൊഴിൽ നൽകുന്നതിനുള്ള വിശദമായ പ്രവർത്തന പദ്ധതിയും പ്രസ്തുത തൊഴിൽ ഏറ്റെടുക്കാൻ പറ്റുന്നവരുടെ പട്ടികയും ഉണ്ടായിരിക്കേണ്ടതാണ്.

പ്രവർത്തനങ്ങളുടെ ആസൂത്രണം, ജോലി അപേക്ഷയുടെ രസീത്, തീയതിയുടെ രസീത്, തൊഴിൽ രജിസ്‌ട്രേഷനായുള്ള അപേക്ഷ സ്വീകരിക്കൽ, പരിശോധിക്കൽ, രജിസ്റ്റർ ചെയ്യൽ, തീർപ്പാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ അടങ്ങുന്ന വിവരങ്ങൾ ഓരോ വാർഡിൽ നിന്നും ലഭിക്കുന്ന വാർഷിക പ്രവർത്തന പദ്ധതിയിൽ ഉണ്ടാവും. ഇവയെല്ലാം ചർച്ച ചെയ്യുന്നതിനും അന്തിമമാക്കുന്നതിനുമായി ഒരു നഗര തദ്ദേശ സ്ഥാപന ലെവൽ കമ്മിറ്റി രൂപീകരിക്കും.

Read Also: കുടുംബശ്രീ അംഗത്തിന് 50,000 രൂപ; ഔട്ട്‌ലെറ്റ് നടത്തിപ്പുകാർക്ക് 87,000 രൂപ; ഹിറ്റായി കേരളാ ചിക്കൻ

ഓരോ കോർപ്പറേഷനിലെയും ബന്ധപ്പെട്ട അഡീഷണൽ സെക്രട്ടറിയോ അല്ലെങ്കിൽ മുനിസിപ്പാലിറ്റി സെക്രട്ടറിയോ പ്രോജക്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരിക്കുന്ന ഈ കമ്മിറ്റിയിൽ സെക്രട്ടറിയെ സഹായിക്കാൻ ഒരു അസിസ്റ്റന്റ് ഓഫീസർ, മുനിസിപ്പാലിറ്റി അംഗങ്ങൾ, ഹെൽത്ത് ഓഫീസർ, ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ, നോഡൽ കമ്മ്യൂണിറ്റി ഓർഗനൈസർ, സി.എം.എം.യു. മാനേജർ, ഫെഡറേഷന്റെ പ്രസിഡന്റ് & സെക്രട്ടറി, എംസി/ഇഒ, സിറ്റി എഞ്ചിനീയർ/മുനിസിപ്പൽ എഞ്ചിനീയർ എന്നിവരെ ഉൾപ്പെടുത്തിയിട്ടായിരിക്കും രൂപീകരിക്കപ്പെടുന്നത്.

നഗര തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക കർമ്മ പദ്ധതികളും അതത് നഗര തദ്ദേശ സ്ഥാപനങ്ങളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും വാർഷിക റിപ്പോർട്ടും പരിശോധിച്ച് അംഗീകാരത്തിനായി അതത് ജില്ലാതല പ്രോഗ്രാം കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കും. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വാർഷിക റിപ്പോർട്ടിന്റെ അംഗീകാരം, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുക, പദ്ധതിയുടെ പൂർണ്ണമായ പ്രവർത്തനം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അസിസ്റ്റന്റ് കളക്ടർ അധ്യക്ഷനായ ഒരു ജില്ലാതല അവലോകന – നിരീക്ഷണ സമിതിയും രൂപീകരിക്കും.

നഗര തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക കർമ്മ പദ്ധതികളും അതത് ജില്ലയിൽ ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും വാർഷിക റിപ്പോർട്ടും അവലോകനത്തിനും രൂപകല്പനയ്ക്കും പരിശോധനയ്ക്കുമായി ജില്ലാതല കമ്മിറ്റി പിന്നീട് അതത് സംസ്ഥാനതല പ്രോഗ്രാം കോർഡിനേറ്റർക്ക് സമർപ്പിക്കും. സാങ്കേതിക സഹായം നൽകുന്നതിനും പ്രോജക്റ്റ് എക്‌സിക്യൂഷൻ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പദ്ധതിയുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുംവേണ്ടി ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഒരു സംസ്ഥാനതല അവലോകന – നിരീക്ഷണ സമിതിയും രൂപീകരിക്കും.

ഏത് തരം തൊഴിലുകൾ ?

മാസങ്ങൾ നീണ്ട ലോക്ക്ഡൗണിന് ശേഷം പൊതു സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ പരിസരം പുനഃസ്ഥാപിക്കുന്നതിനായി (ക്ലീനിംഗ്, സാനിറ്റൈസിംഗ്, വൈറ്റ്-വാഷിംഗ്, പെയിന്റിംഗ്, പ്ലംബിംഗ് മുതലായവ) വളരെയധികം ജോലി ആവശ്യമാണ്. ഇതോടൊപ്പം നമ്മുടെ പൊതു സ്ഥാപനങ്ങൾക്കും പൊതു ഇടങ്ങൾക്കും (ബസ് സ്റ്റാൻഡുകൾ, ജയിലുകൾ, ഷെൽട്ടറുകൾ, ഹോസ്റ്റലുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ, ഓഫീസുകൾ മുതലായവ) മോശം അറ്റകുറ്റപ്പണികളുടെ ദീർഘകാല പ്രശ്നവുമുണ്ട്. ഹെൽത്ത് കെയർ സെന്ററുകൾ, സ്‌കൂളുകൾ, ജുഡീഷ്യറി തുടങ്ങി വിവിധ പൊതു ഇടങ്ങളിൽ തൊഴിലാളി ക്ഷാമമുണ്ടെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയും (സിഎംഐഇ) മുൻപ് എടുത്തുകാട്ടിയ വിഷയമാണ്. ആയതിനാൽ ഈയൊരു നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ മേൽപ്പറഞ്ഞ പൊതു സ്ഥലങ്ങളിൽ ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാനും തൊഴിലില്ലായ്മകൊണ്ടുണ്ടായ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും സഹായിക്കും. അതോടൊപ്പം വികേന്ദ്രീകൃതമായി നടത്തപ്പെടുന്ന തൊഴിൽ ആസൂത്രണവും അതിലൂടെ ലഭിക്കുന്ന പരിശീലനവും അംഗീകൃത തൊഴിലുടമകളുടെ ഒരു കൂട്ടം സജീവമാക്കുന്നതിനും അതുവഴി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും.

പരിമിതമായ സ്ഥലങ്ങളിലെ വ്യവസായ കേന്ദ്രീകരണം ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം ഇന്ത്യയിലെ ഗ്രാമീണ, നഗര തൊഴിൽ മേഖലയിൽ ഭീമമായ അസന്തുലിതാവസ്ഥയുണ്ട്. കുറഞ്ഞ വരുമാനവും തൊഴിൽ സുരക്ഷിതത്വമില്ലായ്മയും ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ട സാമൂഹിക സുരക്ഷാ നടപടികളുടെ അഭാവവും കാരണം അസംഘടിത മേഖലകളിലെ ദരിദ്രരും ദുർബലരുമായ തൊഴിലാളികൾ ദുരിതത്തിലാണ്. ഇത്തരം വിഭാഗങ്ങളിൽപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസവും സംരക്ഷണവും നൽകുന്നതിന് നഗര-ഗ്രാമ പ്രദേശങ്ങളിൽ സാമൂഹിക സുരക്ഷാ പദ്ധതികളും പൊതുജനക്ഷേമ പരിപാടികളും വിപുലീകരിക്കേണ്ടത് അനിവാര്യമാണ്.

കൊവിഡ് -19 ന്റെ പ്രതികൂല സാമ്പത്തിക പ്രത്യാഘാതങ്ങളെ ചെറുക്കാൻ എന്നാൽ ഷോർട്ട്-ടേം നടപടികൾ കൊണ്ട് മാത്രം സാധിക്കില്ല. വളർച്ചാ പ്രക്രിയക്ക് കൂടുതൽ വേഗത നൽകാൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വഴി വളർച്ചാ തന്ത്രത്തിന്റെ സമൂലമായ ദീർഘകാല പുനഃക്രമീകരണത്തിന് സർക്കാർ മുൻകൈയെടുക്കേണ്ടതുണ്ട്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ആനുകാലിക തൊഴിൽ സർവേ പ്രകാരം, 2022 ജനുവരി-മാർച്ചിൽ ഇന്ത്യയിലെ നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 8.2 ശതമാനമാണ്. ഇതിൽ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 10.1 ശതമാനവും പുരുഷ തൊഴിലില്ലായ്മാ നിരക്ക് 7.7 ശതമാനവുമാണ്. ഇതേ റിപ്പോർട്ടിൽ, 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ നഗരപ്രദേശങ്ങളിലെ ഇണടൽ (നിലവിലെ പ്രതിവാര നില) തൊഴിൽ പങ്കാളിത്ത നിരക്ക് 47.3 ശതമാനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ ഈ സാഹചര്യത്തിലാണ് ഭഗത് സിംഗ് നഗര തൊഴിലുറപ്പ് ബിൽ നിയമനിർമാണം ചെയ്യപ്പെടേണ്ടതിന്റെ പ്രസക്തിയേറുന്നത്.

Story Highlights: bhagat singh urban employment scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement