Advertisement

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസ്; പുനരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

July 29, 2022
Google News 2 minutes Read
balabhaskar death investigation appeal

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസിൽ പുനരന്വേഷണം വേണമെന്ന ഹരജിയിൽ വിധി ഇന്ന്. ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി ഉണ്ണിയുടെ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. (balabhaskar death investigation appeal)

ബാലഭാസ്‌കറിന്റെ ഫോണുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. അപകടത്തിന് ശേഷം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി പോലീസില്‍ നിന്ന് ഏറ്റു വാങ്ങിയ ഫോണ്‍ പിന്നീട് ഡി.ആര്‍.ഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് സി.ബി.ഐ പരിശോധിച്ചില്ലെന്ന് ഹര്‍ജി ആരോപിക്കുന്നു. ആദ്യം ഇക്കാര്യം അംഗീകരിച്ചില്ലെങ്കിലും ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് സി.ബി.ഐ കോടതിയില്‍ സമ്മതിച്ചു. ഫോൺ പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഇല്ലായിരുന്നുവെന്നാണ് സി.ബി.ഐ നിലപാട്.

Read Also: ബാലഭാസ്‌കറിന്റെ അപകടമരണം: കുടുംബാംഗങ്ങളുടെ ആരോപണം അന്വേഷിക്കണമെങ്കില്‍ അവര്‍ തെളിവ് കൊണ്ടുവരണമെന്ന് പ്രോസിക്യുഷന്‍

ബാലഭാസ്‌കറിന്റെ പിതാവാണ് പുനരന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ബാലഭാസ്‌കറിന്റെ ഫോണ്‍ അടക്കം എല്ലാം പരിശോധിച്ചിട്ടുണ്ട്. അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അന്ന് അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നെങ്കില്‍ ഡിആര്‍ഐ ബാലഭാസ്‌കറിന് എതിരേ നടപടി എടുക്കുമായിരുന്നില്ലേ എന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.

സിബിഐ അന്വേഷണം ശരിയായ നിലയിലായിരുന്നു. കുടുംബാംഗങ്ങളുടെ ആരോപണം അന്വേഷിക്കണമെങ്കില്‍ അവര്‍ തെളിവ് കൊണ്ടുവരണം. നാട്ടിലുള്ള എല്ലാവരുടെയും സംശയം ദൂരീകരിക്കുന്ന രീതിയില്‍ അന്വേഷണം നടത്താനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

കേസിൽ ഡ്രൈവർ അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 132 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. നൂറിലധികം രേഖകൾ പരിശോധിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്നും കുറ്റപത്രത്തിൽ പറയുന്നു.

അർജുനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ്. തെറ്റായ വിവരങ്ങൾ നൽകിയതിനും തെളിവുകൾ കെട്ടിച്ചമച്ചതിനും കലാഭവൻ സോബിക്കെതിരെയും കേസെടുക്കും.

2018 സെപ്റ്റംബർ 25നാണ് തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഗീതജ്ഞൻ ബാലഭാസ്‌കറും കുടുംബവും അപകടത്തിൽപ്പെടുന്നത്. പുലർച്ചെ 3.45 ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിൽ ബാലഭാസ്‌കറിനെയും ലക്ഷ്മിയേയും ആശുപത്രിയിലേക്ക് മാറ്റി. മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ തുടർന്ന് ബാലഭാസ്‌കർ ഏഴ് ദിവസത്തിന് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

Story Highlights: balabhaskar death investigation appeal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here