Advertisement

ജനങ്ങളുടെ ഡെപ്പോസിറ്റ് പണം സി.പി.ഐ.എമ്മുകാർ മോഷ്ടിക്കുന്നു; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം

July 29, 2022
Google News 3 minutes Read
karuvannur bank scam, VT Balram with Facebook post against CPIM

വിവാദങ്ങൾക്കൊടുവിൽ കരുവന്നൂർ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചതിന് പിന്നാലെ, രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ വി.ടി ബൽറാം. ജനങ്ങളുടെ ഡെപ്പോസിറ്റ് പണം സി.പി.ഐ.എമ്മുകാർ മോഷ്ടിക്കുകയാണെന്നും, വിവാദമാകുമ്പോൾ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നെടുത്ത് തുക കൊടുക്കുകയാണെന്നുമാണ് ബൽറാമിന്റെ ആരോപണം. സിപിഐഎം ഭരിച്ചുമുടിച്ച റബ്കോക്കും ഇതുപോലെ 300 കോടിയോളം രൂപ പൊതുഖജനാവിൽ നിന്നെടുത്ത് കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ( karuvannur bank scam, VT Balram with Facebook post against CPIM )

സി.പി.ഐ.എമ്മുകാർ കട്ട ജനങ്ങളുടെ ഡെപ്പോസിറ്റ് പണം വീണ്ടും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നെടുത്ത് കൊടുക്കുന്നു. നേരത്തെ, സി.പി.ഐ.എമ്മുകാർ ഭരിച്ചുമുടിച്ച റബ്കോക്കും ഇതുപോലെ 300 കോടിയോളം രൂപ പൊതുഖജനാവിൽ നിന്നെടുത്ത് കൊടുത്തിരുന്നു!. ഇതെന്ത് ന്യായമാണ്?, ഇതെന്ത് ഭരണമാണ്?. മുൻ എം.എൽ.എ വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫിലോമിനയുടെ കുടുംബത്തെ മന്ത്രി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിൻ്റെ ഇരിങ്ങാലക്കുടയിലെ ഓഫീസ് വളയുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ 9.30നാണ് കോൺ​ഗ്രസ് സമരം നടത്തുന്നത്. മന്ത്രി ആർ. ബിന്ദുവിൻ്റെ പരാമർശത്തിൽ ദു:ഖമുണ്ടെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചിരുന്നു. ഫിലോമിനയുടെ മൃതദേഹം പൊതുസ്ഥലത്ത് വച്ച് ഷോ കാണിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. മൃതദേഹം റോഡിൽ വച്ച് തനിക്ക് ഒന്നും നേടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന ശ്രദ്ധ കിട്ടാൻ ആയിരുന്നില്ല ഇത് ചെയ്തത്. മറ്റേതു തരത്തിലാണ് തനിക്കുണ്ടായ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Read Also: ‘എന്തൊരു ഭീരുവാണ് ഈ കേരളത്തിന്റെ മുഖ്യമന്ത്രി’; ശബരീനാഥന്റെ അറസ്റ്റിൽ പ്രതികരിച്ച് വി.ടി ബൽറാം

ബാങ്കിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത അപമാനമാണെന്നും ഭാര്യയുടെ ചികിത്സയ്ക്കായി അടുത്തിടെയാണ് പണം ആവശ്യപ്പെട്ടതെന്നും ദേവസി പറയുന്നു. എന്നാൽ മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും ആവശ്യമുള്ള ഘട്ടത്തിൽ പണം ലഭ്യമാക്കാനുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്.

ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്നും മന്ത്രി ആർ. ബിന്ദുവും വ്യക്തമാക്കി. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.

Story Highlights: karuvannur bank scam, VT Balram with Facebook post against CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here