India at 75 : സ്വാതന്ത്ര്യ പുലരിയിൽ ദേശീയപതാക ഉയർത്തിയ വിദ്യാർത്ഥി പിന്നീട് രാജ്യത്തിന്റെ കാവലാളായി മാറി; ഇത് ഏഴ് യുദ്ധങ്ങളിൽ ഇന്ത്യയ്ക്ക് കാവലായ ധീരസൈനികൻ

സ്വാതന്ത്ര്യ പുലരിയിൽ സ്‌കൂളിൽ ദേശീയപതാക ഉയർത്തിയ ഹൈസ്‌കൂൾ വിദ്യാർത്ഥി പിന്നീട് രാജ്യത്തിന്റെ കാവലാളായി മാറിയ ചരിത്രമുണ്ട്. തൃശൂർ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കൊമ്പൊടിഞ്ഞാമാക്കലിൽ ഗീവർഗീസ് പത്രോസാണ് ഏഴ് യുദ്ധങ്ങളിൽ സേവനമനുഷ്ഠിച്ച ധീരസൈനികൻ. രാജ്യം എഴുപത്തിയഞ്ച് ആണ്ടിൻറെ മധുരം നുണയുമ്പോൾ പ്രായാധിക്യത്തിലും ഭൂതകാലം വീണ്ടെടുക്കുകയാണ് ഈ തൊണ്ണൂറ്റിമൂന്നുകാരൻ. ( geevarghese pathrose took part in 7 Indian war )
1947 ആഗസ്റ്റ് പതിനാലിലെ അർദ്ധരാത്രി.. രാജ്യം സ്വാതന്ത്ര്യത്തിൻറെ മധുരം നുണഞ്ഞ രാത്രി. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള ആളൂർ ആർഎം ഹൈസ്‌കൂളിൽ ത്രിവർണ്ണപതാക പാറിക്കാൻ നേതൃത്വം നൽകിയത് അധ്യാപകൻ വി കെ ജോസഫ്. അധ്യാപകനൊപ്പം നിന്ന് പതാക നാട്ടിയത് കൂട്ടത്തിലെ ഏറ്റവും ഉയരക്കാരനായ പുന്നേലിപ്പറമ്പിൽ ഗീവർഗീസ് പത്രോസ് എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥി. ആ വിദ്യാർത്ഥിക്ക് ഇപ്പോൾ പ്രായം 93. മങ്ങിത്തുടങ്ങിയിട്ടുണ്ട് പത്രോസിന് ഓർമ്മകൾ. പക്ഷെ ചിലതെല്ലാം ഓർത്തോർത്ത് പറയാനുമാകുന്നുണ്ട്.
തിരുക്കൊച്ചി മന്ത്രിസഭയിലെ അംഗമായിരുന്ന പറമ്പി ലോനപ്പനെ പരാജയപ്പെടുത്തി എംഎൽസിയിലേക്ക് വികെ ജോസഫ് എന്ന അധ്യാപകൻ തെരഞ്ഞെടുക്കപ്പെടാൻ അന്നത്തെ പത്രോസടക്കമുള്ള വിദ്യാർത്ഥിക്കൂട്ടത്തിൻറെ പങ്ക് ചെറുതല്ല. സ്വതന്ത്രമായ രാജ്യത്തിൻറെ അതിരുകൾ സംരക്ഷിക്കാൻ പിന്നീട് പട്ടാളത്തിലേക്കുള്ള ചേക്കേറൽ. 62ലെ ഇന്ത്യാ ചൈനയുദ്ധം. രണ്ട് ഇന്ത്യ-പാക് യുദ്ധം അങ്ങിനെയങ്ങിനെ ഏഴ് യുദ്ധങ്ങളിൽ പോർമുഖത്തെത്തിയ സൈനികൻ. വിയറ്റ്‌നാമിൽ സമാധാന സേനയുടെ ഭാഗമായും പ്രവർത്തിച്ചതിൻറെ കരുത്തുണ്ട് പത്രോസിന്. ഇന്ത്യൻ ആർമിയിൽ വയർലെസ് ആൻഡ് സിഗ്‌നൽസിൽ ആയിരുന്നു സേവനം. ഇന്ത്യാ-പാക് യുദ്ധത്തെ ആസ്പദമാക്കി മേജർ രവി സംവിധാനം ചെയ്ത 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചലച്ചിത്രം ഓർമ്മപ്പെടുത്തുന്നത് പത്രോസ് അടക്കമുള്ളവരുടെ പോരാട്ട വീര്യത്തെയായിരുന്നു.
രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൻറെ വീര്യവും സ്വാതന്ത്ര്യാനന്തരം അതിർത്തികളെ സംരക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൻറെ ചരിത്രവും പുതുതലമുറയ്ക്ക് പങ്കുവയ്ക്കുന്നുണ്ട് കൊമ്പൊടിഞ്ഞാമാക്കലിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന പത്രോസ്. രാജ്യം കരുത്തോടെ തുടരുന്നത് ഇത്തരത്തിലുള്ള സൈനികരുടെ ത്യാഗത്തിൻറെ കൂടി പരിണിത ഫലമായാണെന്ന
ഓർമ്മപ്പെടുത്തലാണ് പത്രോസ് പകരുന്നത്.
Story Highlights: geevarghese pathrose took part in 7 Indian war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here