Advertisement

ബില്‍ക്കിസ് ബാനുവിന് ലഭിച്ച നീതി

August 17, 2022
Google News 2 minutes Read

ഗുജറാത്തിലെ ദഹോഡിലുള്ള ദേവഗഢ് ബാരിയയിലെ വീട്ടിലിരുന്ന് വാര്‍ത്ത കണ്ടപ്പോള്‍ ബില്‍കിസ് ബാനുവിന് തളര്‍ച്ചയാണ് തോന്നിയത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്ത 11 പ്രതികളേയും ഗോദ്ര സബ്ജയിലില്‍ നിന്നും വിട്ടയച്ചിരിക്കുന്നു. ആ വീട്ടിലാകെ ശൂന്യത പടര്‍ന്നു. ആ വീട്ടിലുള്ളവര്‍ക്കാര്‍ക്കും ദീര്‍ഘനേരത്തേക്ക് ചലിക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ല. മോചനം എന്ന വാക്കിനോട് എല്ലാവര്‍ക്കും വെറുപ്പുതോന്നി. പ്രതികളെ വിട്ടയച്ചെന്ന വാര്‍ത്ത വന്നശേഷമുള്ള തങ്ങളുടെ അവസ്ഥ ബില്‍കിസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് റസല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിശദീകരിച്ചത് ഈ വിധമാണ്. ബാനുവിനും യാക്കൂബിനും മാത്രമായിരുന്നില്ല, ഈ കേസിന്റെ നാള്‍വഴികള്‍ അറിയുന്ന സകലര്‍ക്കും ഈ വാര്‍ത്ത സമ്മാനിച്ചത് ഇതേ ഞെട്ടലായിരുന്നു. (Bilkis Bano gang-rape case explained)

എന്താണ് ബില്‍ക്കിസ് ബാനു കേസ്?

2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ സബര്‍മതി ട്രെയിന്‍ കത്തിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഗുജറാത്തിലാകെ ചോര മണക്കാന്‍ തുടങ്ങി. സ്ഥിതിഗതികള്‍ മോശമായ ഘട്ടത്തില്‍ ഭയപ്പാടോടെ അന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനു അവളുടെ ഗ്രാമമായ രണ്‍ധിക്പൂരില്‍ നിന്ന് അവളുടെ മൂന്നര വയസ്സുള്ള മകളോടും മറ്റ് 15 കുടുംബാംഗങ്ങളോടും ഒപ്പം പലായനം ചെയ്യാനൊരുങ്ങുകയായിരുന്നു. ഛപര്‍വാദ് ജില്ലയിലേക്കായിരുന്നു അവരുടെ യാത്ര. ഛപര്‍വാദിലും പക്ഷേ അവര്‍ക്ക് സമാധാനമുണ്ടായിരുന്നില്ല.

ബാനുവിനെ സംബന്ധിച്ച് മാര്‍ച്ച് മൂന്ന് ഒരു നശിച്ച ദിവസമായിരുന്നു. അന്ന് അരിവാളും വടികളുമായി 11 പേര്‍ ബാനുവിന്റേയും കുടുംബത്തിന്റേയും അടുത്തെത്തി. വെറുപ്പാണ് ആ സംഘത്തെ നയിച്ചിരുന്നത്. ആയുധങ്ങളുമായി എത്തിയവര്‍ ബാനുവിന്റെ കുടുംബത്തിലെ പുരുഷന്മാരെ ക്രൂരമായി ആക്രമിച്ചു. സ്ത്രീകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു മര്‍ദനം. ഗര്‍ഭിണിയായ ബില്‍ക്കീസിനെയും അവളുടെ അമ്മയെയും മറ്റ് മൂന്ന് സ്ത്രീകളെയും അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്ത ശേഷം ഇവര്‍ക്കുനേരെ ക്രൂരമായ ആക്രമണമുണ്ടായി. മൂന്ന് വയസുള്ള കുഞ്ഞിനെ പോലും അക്രമികള്‍ കൊലപ്പെടുത്തി. രാധിക്പൂര്‍ ഗ്രാമത്തിലെ 17 അംഗ മുസ്ലീം സംഘത്തില്‍ എട്ട് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറ് പേരെ കാണാതായി. ബില്‍ക്കിസും ഒരു പുരുഷനും മൂന്ന് വയസ്സുള്ള ഒരു കുട്ടിയും മാത്രമാണ് ജീവനോടെ അവശേഷിച്ചത്.

Read Also: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; 11 കുറ്റവാളികളെയും വിട്ടയച്ചു

ബലാത്സംഗത്തിന് ശേഷം മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബില്‍ക്കിസ് ബോധം വീണ്ടെടുത്തു. കുടുംബത്തിലെ ഏഴ് പേരെ ബാനുവിന് നഷ്ടമായിരുന്നു. ഒരു ആദിവാസി സ്ത്രീയില്‍ നിന്ന് വസ്ത്രങ്ങള്‍ കടം വാങ്ങിയ ശേഷം ബാനു പിടഞ്ഞെഴുന്നേറ്റു. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലിംഖേഡ പോലീസ് സ്റ്റേഷനിലേക്ക് പോയി. ബാനുവിനെ ഗോധ്ര ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച ശേഷമാണ് മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബാനു കേസ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റെടുത്തതോടെ സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കേസിന് പിന്നീട് എന്താണ് സംഭവിച്ചത്?

കലാപത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട് നിയമ പോരാട്ടത്തിനൊടുവില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അതിജീവിതയാണ് ബില്‍ക്കിസ് ബാനു. കേസിലെ പ്രതികളെ 2004ല്‍ അറസ്റ്റ് ചെയ്യുകയും അഹമ്മദാബാദില്‍ വിചാരണ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ ശേഖരിച്ച തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ബില്‍ക്കിസ് ആശങ്ക പ്രകടിപ്പിച്ചതോടെ സുപ്രിംകോടതി കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

2008 ജനുവരി 21-ന് പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികള്‍ക്ക് ബലാത്സംഗം, ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റ് ഏഴ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പ്രതികളിലൊരാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. ഏകദേശം 10 വര്‍ഷത്തിന് ശേഷം, ബോംബെ ഹൈക്കോടതി, 2017 മെയ് മാസത്തില്‍, കൂട്ടബലാത്സംഗ കേസില്‍ 11 പേരുടെ ശിക്ഷയും ജീവപര്യന്തം തടവും ശരിവച്ചു. ബിജെപി നേതാവ് ഷൈലേഷ് ഭട്ടടക്കമുള്ളവര്‍ക്കായിരുന്നു ശിക്ഷ വിധിച്ചത്. 2019 ല്‍ സുപ്രീം കോടതി ബില്‍ക്കിസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. കേസിന്റെ ഓരോതിരിവിലും ഭീഷണിയും അധിക്ഷേപവും നേരിട്ടിരുന്നെങ്കിലും അതിലൊന്നും തളരാത്ത ബാനുവിന്റെ ഇച്ഛാശക്തിയെ കോടതി അഭിനന്ദിച്ചിരുന്നു.

കേസില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്?

15 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചതായി കാണിച്ച് പ്രതികളില്‍ ഒരാള്‍ മോചനത്തിനായി സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് പ്രതികളുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ഇതേത്തുടര്‍ന്ന് ശിക്ഷാ ഇളവ് പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയാത്രയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ഏകകണ്ഠമായ ശുപാര്‍ശ അംഗീകരിച്ചാണ് പ്രതികളെ വിട്ടയാക്കാനുള്ള തീരുമാനം. ഇതോടെ തിങ്കളാഴ്ച 11 പ്രതികളും ഗോദ്ര ജയിലില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു.

Story Highlights: Bilkis Bano gang-rape case explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here