Advertisement

ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ; സഭാ സമ്മേളനം നാളെ മുതൽ

August 21, 2022
Google News 1 minute Read

ഗവർണറുടെ എതിർപ്പ് മൂലം അസാധുവായ ഓർഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. സർവകലാശാലാ വൈസ് ചാന്‍സിലർമാരുടെ നിയനമത്തില്‍ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ നിയമസഭ പരിഗണിച്ചേക്കും. സെപ്തംബർ 2 വരെയാണ് പ്രത്യേക സഭാ സമ്മേളനം.

റദ്ദായ ഓർഡിനന്‍സുകള്‍ക്ക് പകരമുളള 11 ബില്ലുകളും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്ലുമുള്‍പ്പെടെ 12 ബില്ലുകളാണ് ഈ സഭാ സമ്മേളനം പരിഗണിക്കുന്നത്. സഭാ സമ്മേളത്തിന്‍റെ ആദ്യ ദിനമായ നാളെ സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷികവുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണ് നടക്കുക. മറ്റന്നാള്‍ മുതല്‍ ബില്ലുകള്‍ പരിഗണിച്ചു തുടങ്ങും.

സർവകലാശാലാ വൈസ് ചാന്‍സിലർമാരുടെ നിയനമത്തില്‍ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ അടുത്ത ദിവസങ്ങളിലാകും പരിഗണിക്കുക. ഏതൊക്കെ ബില്ലുകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പരിഗണിക്കണമെന്നത് നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകും അന്തിമ തീരുമാനമാവുക.

Read Also: ‘ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു’; ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല

സർക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവർണർ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. ഗവർണർ ബില്ലുകള്‍ ഒപ്പിടാതെ വെച്ചു താമസിപ്പിക്കാനോ രാഷ്ട്രപതിക്ക് അയക്കാനോ സാധ്യതയുണ്ട്. രാഷ്ട്രപതി തിരിച്ച് ഗവർണർക്ക് വിട്ടാലും ആറ് മാസം വരെ ഗവർണർക്ക് ഒപ്പിടാതിരിക്കാം. അങ്ങനെ സംഭവിച്ചാല്‍ ബില്ലുകള്‍ വീണ്ടും പാസാക്കി അയക്കേണ്ടി വരും. അത്തരം കടുത്ത നടപടിയിലേക്ക് ഗവർണർ നീങ്ങിയാല്‍ ഈ സഭാ സമ്മേളനം തന്നെ വൃഥാവിലാകും. താനൊപ്പിട്ടാലേ ബില്‍ നിയമമാകൂവെന്ന ഗവർണറുടെ കഴിഞ്ഞ ദിവസത്തെ വെല്ലുവിളി സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ലോകായുക്ത ഭേദഗതി ബില്ലില്‍ സിപിഐ സഭയില്‍ സ്വീകരിക്കുന്ന നിലപാടും സർക്കാരിനെ സംബന്ധിച്ച് നിർണായകമാണ്.

Story Highlights: Kerala assembly session Start Tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here