Advertisement

രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഇന്ന് ചുമതലയേൽക്കും

September 30, 2022
Google News 2 minutes Read
cds general anil chauhan

രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (റിട്ട) ഇന്ന് ചുമതല ഏൽക്കും. ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്തിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്. (cds general anil chauhan)

Read Also: ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി അനില്‍ ചൗഹാന്‍; പുതിയ സംയുക്ത സേനാ മേധാവി

കര, നാവിക, വ്യോമ സേനകളിൽ നിന്നു വിരമിച്ചവരെയും സിഡിഎസ് നിയമനത്തിനു പരിഗണിക്കാൻ വ്യവസ്ഥ ചെയ്ത് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. 65 വയസ്സു വരെയാണു സിഡിഎസിന്റെ സേവനകാലാവധി. 1981ൽ 11 ഗൂർഖ റൈഫിൾസിന്റെ ഭാഗമായി കരസേനയിൽ ചേർന്ന അനിൽ ചൗഹാൻ കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സേനയുടെ ഭീകരവിരുദ്ധ നടപടികൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലകളിലെ സൈനിക നടപടികളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ), കൊൽക്കത്ത ആസ്ഥാനമായുള്ള കിഴക്കൻ സേനാ കമാൻഡ് മേധാവി തുടങ്ങിയ പദവികൾ വഹിച്ചു. പരമവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.

Read Also: ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച അധ്യാപികയ്ക്ക് ജാമ്യം

ഡൽഹിയിൽ നിന്നും ബുധനാഴ്ച രാവിലെ ഒൻപത് മണിക്കാണ് ജനറൽ ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ നടുക്കി ആ ദുരന്ത വാർത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റർ ദുരന്തത്തിൽ പെട്ടെന്നും ജനറൽ ബിപിൻ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന പുറത്ത് വിട്ട ആദ്യ ഔദ്യോഗിക വിവരത്തിൽ പറഞ്ഞിരുന്നത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം തന്നെ ജനറൽ ബിപിൻ റാവത്തിന്റെയും മറ്റ് 12 പേരുടെയും വിയോഗ വാർത്ത പുറത്ത് വന്നു.

Story Highlights: cds general anil chauhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here