Advertisement

എന്താണ് നാച്വറല്‍ സെലക്ഷന്‍? സി രവിചന്ദ്രന്റെ വൈറലായ ഉദാഹരണത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം

October 4, 2022
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂമിയിലെ ജീവിവര്‍ഗങ്ങള്‍ എങ്ങനെ വൈവിധ്യത്തോടെയും സങ്കീര്‍ണതയോടെയും പരിണമിച്ചു എന്ന് വിശദീകരിക്കുന്ന ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തമാണ് പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം അഥവാ തിയറി ഓഫ് നാച്വറല്‍ സെലക്ഷന്‍. എന്താണ് നാച്വറല്‍ സെലക്ഷനെന്ന് ഒരു ഉദാഹരണത്തിലൂടെ അധ്യാപകനും വാഗ്മിയുമായ സി രവിചന്ദ്രന്‍ വിശദീകരിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്. എസന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ ലിറ്റ്മസ് 22 എന്ന പേരില്‍ എത്തീസ്റ്റ് മീറ്റ് നടക്കുന്ന പശ്ചാത്തലത്തിലാണ് മുമ്പ് ഒരു അഭിമുഖത്തില്‍ രവിചന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നത്. എന്താണ് നാച്വറല്‍ സെലക്ഷനെന്ന ചോദ്യത്തിന് രവിചന്ദ്രന്‍ നല്‍കുന്ന മറുപടി അശാസ്ത്രീയമാണെന്നും അബദ്ധജടിലമാണെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. (social media trolls over c ravichandran viral example of natural selection)

എന്താണ് പ്രകൃതി നിര്‍ദ്ധാരണം?

ബാഹ്യ പരിസ്ഥിതിയുമായി കൂടുതല്‍ ഇണങ്ങുന്ന ജീവിവര്‍ഗത്തിന്റെ പരിണാമത്തിനും വികാസത്തിനുമുള്ള ഒരു മെക്കാനിസമാണ് പ്രകൃതി നിര്‍ദ്ധാരണം. സാഹചര്യങ്ങളുമായി കൂടുതല്‍ ഇണങ്ങുന്ന ജീനുകള്‍ കൈമാറാനുള്ള ഒരു പ്രക്രിയയാണിത്. പ്രകൃതിയുടെ ഗൈഡിംഗ് ഫോഴ്‌സിന് വിധേയമായിക്കൊണ്ട് ജീവി വര്‍ഗങ്ങളില്‍ പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്.

Read Also: ബര്‍മ ജയിലിലെ കഠിനമായ പീഡനകാലത്തും ദുര്‍ഗാപൂജയ്ക്കുള്ള അവകാശത്തിനായി പോരാട്ടം; സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ അധ്യായം

സി രവിചന്ദ്രന്‍ നാച്വറല്‍ സെലക്ഷനെക്കുറിച്ച് പറഞ്ഞത്…?

എന്താണ് നാച്വറല്‍ സെലക്ഷനെന്ന ചോദ്യത്തിന് ഒരു ഉദാഹരണം പറഞ്ഞുകൊണ്ടാണ് സി രവിചന്ദ്രന്‍ മറുപടി പറഞ്ഞത്. നാഷണല്‍ അക്വാടിക് ടൂര്‍ണമെന്റില്‍ മെഡല്‍ നേട്ടമുണ്ടാക്കിയ കേരള ടീമംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ള ഒരു എ സി ട്രെയിന്‍ കേരളത്തിലൂടെ സഞ്ചരിക്കുകയാണ്. ചില വാതിലുകള്‍ തുറക്കാനാകുമെങ്കിലും മൊത്തത്തില്‍ അടഞ്ഞ ഒരു എസി കംപാര്‍ട്ട്‌മെന്റ്. ട്രെയിന്‍ പെരുമണ്‍ പാലത്തിലെത്തുന്നു. ഇതേ സമയം ട്രെയിനിലിരുന്ന ഒരു കൊച്ചുകുട്ടി നിര്‍ത്താതെ കരയുന്നു. കുട്ടിയുടെ കരച്ചില്‍ മാറ്റാനായി അമ്മ ട്രെയിനിന്റെ ജനലുകള്‍ പയ്യെ തുറന്ന് കുട്ടിയെ പുറത്തുള്ള കാഴ്ചകള്‍ കാണിക്കുന്നു. പെട്ടെന്ന് നടുക്കുള്ള കംപാര്‍ട്ട്‌മെന്റ് വച്ച് ട്രെയിന്‍ തകരുകയാണ്. ഇതിന്റെ ആഘാതത്തില്‍ അമ്മയുടെ കൈയില്‍ നിന്ന് കുട്ടി ജനലിലൂടെ തെറിച്ച് പുറത്തേക്ക് വീഴുന്നു. ഈ കംപാര്‍ട്ട്‌മെന്റും വെള്ളത്തിലേക്ക് പതിക്കുന്നു. എല്ലാവരും മരിക്കുന്നു. പക്ഷേ ഒരു വൈക്കോല്‍ കൂനയിലേക്ക് തെറിച്ചുവീഴുന്ന ആ കുട്ടി മാത്രം രക്ഷപ്പെടുന്നു. ട്രെയിനിലുണ്ടായിരുന്ന നീന്തല്‍ വിദഗ്ധര്‍ പോലും രക്ഷപ്പെടുന്നില്ല. പക്ഷേ ആ കുഞ്ഞ് രക്ഷപ്പെടുന്നു. ട്രെയിന്‍ അടഞ്ഞുകിടന്നതുകൊണ്ട് നീന്തല്‍ വിദഗ്ധര്‍ക്ക് പോലും രക്ഷപ്പെടാനാകുന്നില്ല. സര്‍വൈവ് ചെയ്യാനായി തെരഞ്ഞെടുക്കപ്പെടുന്നത് ആ കുഞ്ഞാണ്. അമ്മയുടേയും കുഞ്ഞിന്റേയും തീരുമാനമല്ല കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. നീന്തല്‍ക്കാര്‍ രക്ഷപ്പെടാത്തത് അവര്‍ക്ക് കഴിവില്ലാത്തതുകൊണ്ടല്ല. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത, ബുദ്ധിപോലും വികസിച്ചിട്ടില്ലാത്ത ആ കുഞ്ഞാണ് ഫിറ്റസ്റ്റ്. അത് പ്രകൃതി തെരഞ്ഞെടുത്തതാണ്. ഇതാണ് പ്രകൃതി നിര്‍ദ്ധാരണം.

നാച്വറല്‍ സെലക്ഷനെന്ന സിദ്ധാന്തത്തെ വിശദീകരിക്കാന്‍ രവിചന്ദ്രന്‍ ഉയര്‍ത്തിക്കാട്ടിയത് ഒരു നല്ല ഉദാഹരണമല്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. അതിലളിതമായി തെറ്റായ ഉദാഹരണമുയര്‍ത്തി നാച്വറല്‍ സെലക്ഷനെ തെറ്റായി രവിചന്ദ്രന്‍ വ്യാഖ്യാനിക്കുന്നതായി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

രവിചന്ദ്രന്റെ ഉദാഹരണം അശാസ്ത്രീയമാണെന്ന് വിദഗ്ധരും പറയുന്നുണ്ട്. ‘ഒരേ കാറിലിരുന്ന് യാത്ര ചെയ്യുന്ന രണ്ടുപേര്‍ക്ക് ഒരേ അപകടം സംഭവിച്ചു. ഒരാള്‍ സീറ്റ് ബെല്‍റ്റ് ഇട്ടതുകൊണ്ട് മരിച്ചില്ല, രണ്ടാമന്‍ മരിച്ചു എന്ന ഉദാഹരണത്തെ നാച്വറല്‍ സെലക്ഷനായി കാണാനാകില്ലല്ലോ’, ഇതുപോലെയാണ് രവിചന്ദ്രന്റെ ഉദാഹരണവും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് സൂവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ എ യു അരുണ്‍ പറയുന്നു.

നാച്വറല്‍ സെലക്ഷന്റെ ഗൈഡിംഗ് ഫോഴ്‌സ് പ്രകൃതിയാണ്. അങ്ങനെ സെലക്ഷന്‍ നടത്താന്‍ പ്രകൃതിക്ക് അതിനുള്ള കാരണമുണ്ടാകണം. അത് മനുഷ്യരുടെ എന്തെങ്കിലും പ്രവൃത്തികൊണ്ട് മാറുന്നതല്ല. ഒരേ നാച്വറല്‍ ബാഹ്യപരിസ്ഥിതിയില്‍ എല്ലാ ജീവികള്‍ക്കും ഒരു കാരണം കൊണ്ട് ഒരേ ആഘാതമുണ്ടായി അതില്‍ ഒന്നിനെ പ്രകൃതി തെരഞ്ഞെടുക്കുന്നതിനെ മാത്രമേ പ്രകൃതി നിര്‍ദ്ധാരണമെന്ന് പറയാന്‍ കഴിയൂ. ഒരേ കാറിലിരുന്ന് യാത്ര ചെയ്യുന്ന രണ്ടുപേര്‍ക്ക് ഒരേ അപകടം സംഭവിച്ചു ഒരാള്‍ സീറ്റ് ബെല്‍റ്റ് ഇട്ടതുകൊണ്ട് മരിച്ചില്ല, രണ്ടാമന്‍ മരിച്ചു എന്ന ഉദാഹരണത്തെ നാച്വറല്‍ സെലക്ഷനായി കാണാനാകില്ല. മനുഷ്യന്റെ ഏതെങ്കിലും പ്രയോഗതലത്തിലല്ല നാച്വറല്‍ സെലക്ഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം കാരണങ്ങളൊന്നുമില്ലാതെ ഒരു ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പുമായി നേരിട്ട് ബന്ധമുള്ള ഒരു ഗൈഡിംഗ് ഫോഴ്‌സാണ് പ്രകൃതി പ്രയോഗിക്കുന്നത്.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

പ്രകൃതി നിര്‍ദ്ധാരണം നടത്തപ്പെടുന്ന ഒരു പ്രവൃത്തി( procedure) ആണ് അര്‍ഹരായവരുടെ അതിജീവനം അഥവാ സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്. സ്ത്രീകളില്‍ പലപ്പോഴും ചില സ്‌പൊണ്ടേനിയസ് അബോര്‍ഷന്‍ സംഭവിക്കാറുണ്ട്. ജീവിക്കാന്‍ ഫിറ്റെന്ന് തോന്നുന്ന കുഞ്ഞുങ്ങള്‍ മാത്രമാണ് ഇതിനെ അതിജീവിച്ച് പുറത്തെത്തുന്നത്. ഈ ഫിറ്റെസ്റ്റിനെ കണ്ടെത്തുന്നതിന് പരിണാമപരമായ കാരണങ്ങളാണുള്ളത്. രാത്രി കുഞ്ഞ് കരഞ്ഞതുകൊണ്ട് അമ്മയ്ക്ക് ജനല്‍ തുറക്കാന്‍ ആ സമയത്ത് തോന്നി അതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു എന്നത് പ്രകൃതി നിര്‍ദ്ധാരണമായി പറയുന്നത് അശാസ്ത്രീയമാണ്. വൈകല്യങ്ങള്‍, അസുഖങ്ങള്‍, അപകടങ്ങള്‍ മുതലായവ കൊണ്ട് ജീവിക്കാന്‍ ഫിറ്റാതാകുക എന്ന സിദ്ധാന്തം മനുഷ്യരുടെ കാര്യത്തില്‍ പറയാനുമാകില്ല. മികച്ച ചികിത്സയും ബുദ്ധിവികാസവുമാര്‍ജിച്ച മനുഷ്യന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണെന്നും ഡോ എ യു അരുണ്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: social media trolls over c ravichandran viral example of natural selection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement