ആക്രമണത്തിന് പിന്നിൽ ഒരാളല്ല, സംഘത്തിൽ മറ്റ് ചിലരുണ്ടാകും; സന്ദീപാനന്ദ ഗിരി

ആശ്രമം കത്തിച്ച കേസിലെ നുണപ്രചാരണം പൊളിഞ്ഞതിൽ സന്തോഷമെന്ന് സന്ദീപാനന്ദ ഗിരി. താനാണ് കത്തിച്ചതെന്ന രീതിയിൽ വ്യാപക പ്രചാരണം നടന്നിരുന്നു. പ്രകാശ് മുമ്പ് ആശ്രമത്തിലെത്തി ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഒരാളല്ല, സംഘത്തിൽ മറ്റ് ചിലരുണ്ടാകും. പ്രകാശിന്റെ ദുരൂഹമരണത്തിൽ അന്വേഷണം വേണമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. സത്യം വെളിപ്പെടുത്തിയ പ്രശാന്തിന് സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലാണ് നാലര വര്‍ഷത്തിന് ശേഷം ഉണ്ടായത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് വെളിപ്പെടുത്തൽ.
പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Read Also: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ; നിർണായക വെളിപ്പെടുത്തൽ
2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.
Story Highlights: Swami Sandeepananda Giri About Burning The Ashram Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here