Advertisement

‘ഹയ’ അപ്രതീക്ഷിതമായി ലഭിച്ച സിനിമ, അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തും; കെ.ആര്‍. ഭരത്

November 20, 2022
Google News 2 minutes Read

സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മിച്ച് വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന കാമ്പസ് ചിത്രം ‘ഹയ’. സോഷ്യല്‍ മീഡിയ താരങ്ങളായ കെ.ആര്‍. ഭരത്, ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങള്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ ഗുരു സോമസുന്ദരവും നിര്‍ണായക വേഷത്തിലെത്തുന്നു. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ ‘ഹയ’യുടെ വിശേഷങ്ങൾ ട്വന്റി ഫോറിനോട് പങ്കുവയ്ക്കുകയാണ് കെ.ആര്‍. ഭരത്.

ആദ്യ സിനിമ, എങ്ങനെയായിരുന്നു ‘ഹയ’ എന്ന ചിത്രത്തിലേക്കുള്ള എൻട്രി?

ഹയ എനിക്ക് അപ്രതീക്ഷിതമായി ലഭിച്ച സിനിമയാണ്, എന്നെ തേടിയെത്തിയതെന്ന് പറയേണ്ടിവരും. അതിന് ചിത്രത്തിന്റെ സംവിധായകൻ വാസുദേവ് ​​സനലിനോടും, നടൻ ബിജു പപ്പനോടും നന്ദിയുണ്ട്. അവർ വഴിയാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത്. സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നു. പക്ഷെ ഇത്രപെട്ടെന്ന് സാധിക്കുമെന്ന് വിചാരിച്ചിരുന്നില്ല.

കഥാപാത്രത്തിനായുള്ള തയാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?

പ്രത്യേകിച്ച് തയാറെടുപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പത്തുദിവസത്തെ ഗ്രൂമിങ് സെക്ഷൻ ഉണ്ടായിരുന്നു. ചിത്രത്തിലെ മറ്റ് ആർട്ടിസ്റ്റുകളും ഗ്രൂമിങ് സെക്ഷന്റെ ഭാഗമായിരുന്നു. അതിലൂടെ എല്ലാവരെയും പരിജയപ്പെടാനും തമ്മിൽ തമ്മിൽ ഒരു വൈബ് ഉണ്ടാക്കാനും കഴിഞ്ഞു.

പുതിയ ചിത്രങ്ങൾ തേടിയെത്തിയോ?

നിലവിൽ പുതിയ ചിത്രങ്ങൾ ഒന്നും വന്നിട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷമേ ആളുകൾ എന്നെ തിരിച്ചറിയുകയുള്ളൂ. എനിക്ക് സിനിമാ മേഖലയുമായി ഇതിനു മുൻപ് വലിയ ബന്ധമില്ല. ഒരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട്, പക്ഷെ അത് ഇറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ എന്നെ ആളുകൾക്ക് തിരിച്ചറിയാനുള്ള സാഹചര്യവും ഉണ്ടായിട്ടില്ല. ഹയ ഇറങ്ങിയാൽ മാത്രമേ എന്റെ മുഖം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അതിനുശേഷം പുതിയ ചിത്രങ്ങളെക്കുറിച്ച് ആലോചിക്കാം.

സോഷ്യൽ മീഡിയയിൽ സജീവമാണോ?, എന്തൊക്കെയാണ് മറ്റ് ഇഷ്ടങ്ങൾ

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. ഞാനൊരു ഫോട്ടോഗ്രാഫർ കൂടിയാണ്, അതുകൊണ്ട് ഫോട്ടോസ് ഇടാറുണ്ട്. പക്ഷെ ഇപ്പോൾ സിനിമയുടെ പ്രമോഷനുവേണ്ടി ചിത്രങ്ങളും പോസ്റ്ററുകളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. യാത്ര ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന ആളാണ്. ഫോട്ടോസ് എടുക്കാനും ഏറെ ഇഷ്ട്ടമാണ്.

അഭിനയം തുടരാനാണോ താത്പര്യം?

അഭിനയം തുടരാൻ തന്നെയാണ് താത്പര്യം, എന്റെ ലക്ഷ്യവും അതുതന്നെയാണ്. അപ്രതീക്ഷിതമായി ലഭിച്ച സിനിമയാണ് ഹയ എനിക്ക്, അതുകൊണ്ടുതന്നെ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം.

നാട്, കുടുംബം

നിലവിൽ താമസിക്കുന്നത് തിരുവനന്തപുരത്താണ്. അച്ഛൻ, അമ്മ, ചേച്ചി എന്നിവർ അടങ്ങുന്നതാണ് കുടുംബം. അമ്മ- മജു രാമചന്ദ്രൻ യൂണിവേഴ്‌സിറ്റി കോളജ് അസി. പ്രൊഫസറാണ്. അച്ചൻ- രാധാകൃഷ്ണൻ റിട്ടയേർഡ് കെമിക്കൽ എഞ്ചിനീയർ, ചേച്ചി- മനീഷ ബാംഗ്ലൂരിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

Story Highlights: Interview With Haya Movie Actor K R Bharath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here