ഡ്രൈവറില്ലാ ടാക്‌സി മുതല്‍ പുതിയ നികുതി വരെ; 2023ല്‍ യുഎഇയിലെ മാറ്റങ്ങള്‍

പുതുവത്സരത്തില്‍ യുഎഇ നിവാസികളെ കാത്തിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. ഡ്രൈവറില്ലാ ടാക്‌സി, നിര്‍ബന്ധിത തൊഴില്‍ ഇന്‍ഷുറന്‍സ്, ലോകോത്തര ഭക്ഷണ ശാലകള്‍, പുത്തന്‍ സംരംഭങ്ങള്‍ ഉള്‍പ്പെടെയാണ് 2023നെ വരവേല്‍ക്കുമ്പോള്‍ യുഎഇയില്‍ തയ്യാറാകുന്നത്.
ദുബായി റോഡുകളില്‍ ഡ്രൈവറില്ലാ ടാക്‌സി
2023ഓടെ ദുബായിലോ റോഡുകളില്‍ ഡ്രൈവറില്ലാത്ത ടാക്‌സികള്‍ നിരത്തിലിറങ്ങും. ഫ്യൂച്ചറിസ്റ്റിക് ഓട്ടോണോമസ് ടാക്‌സികളില്‍ 10 എണ്ണമാണ് ആദ്യം സര്‍വീസ് നടത്തുക. സന്‍സറുകള്‍, ക്യാമറകള്‍, ലൈറ്റ് ഡിറ്റക്ഷന്‍, ലേസര്‍ സ്‌കാനിംഗ് ടെക്നോളജി, റോഡിന്റെ അവസ്ഥ നിരീക്ഷിക്കാനും കൂട്ടിയിടിക്കാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. മനുഷ്യന്റെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത വസ്തുക്കളെയും ഈ കാറുകള്‍ക്ക് കാണാനാകും.
COP28
2023ല്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏറ്റവും വലിയ പരിപാടിയായിരിക്കും COP28 എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (UNFCCC) യിലേക്കുള്ള കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടികളുടെ (COP 28) 28-ാമത് സെഷന്‍ അടുത്ത വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബായില്‍ നടക്കും. 140-ലധികം രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ നേതാക്കളും 80,000 പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിര്‍ബന്ധിത തൊഴില്‍ ഇന്‍ഷുറന്‍സ്
ജനുവരി 1 മുതല്‍ യുഎഇയില്‍ നിര്‍ബന്ധിത തൊഴില്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കും. 16,000 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികള്‍ പ്രതിമാസം 5 ദിര്‍ഹം ഇന്‍ഷുറന്‍സ് പ്രീമിയം അടയക്കണം. അച്ചടക്കമില്ലാത്ത കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഓരോ ക്ലെയിമിനും തുടര്‍ച്ചയായി മൂന്ന് മാസത്തില്‍ കൂടാത്ത പരിമിത കാലയളവിലേക്ക് സ്‌കീം ക്യാഷ് ബെനിഫിറ്റുണ്ടാകും.
കോര്‍പ്പറേറ്റ് നികുതി
യുഎഇയില്‍ ജൂണ്‍ 1 മുതല്‍ കോര്‍പ്പറേറ്റ് നികുതി ബാധകമാകും. 375,000 ദിര്‍ഹത്തില്‍ കൂടുതല്‍ വാര്‍ഷിക ലാഭമുള്ള സ്ഥാപനങ്ങള്‍ക്ക് 9 ശതമാനം നികുതി ചുമത്തും. യുഎഇയില്‍ വാണിജ്യ ലൈസന്‍സിന് കീഴില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാ ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് നികുതി ബാധകമാകും.
ജനുവരി 1 മുതല്‍ 50ഓ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ എമിറേറ്റൈസേഷന്‍ നിരക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴ ചുമത്തേണ്ടിവരും. ജോലി ചെയ്യാത്ത ഓരോ എമിറേറ്റിക്കും പ്രതിമാസം 6,000 ദിര്‍ഹം പിഴ ചുമത്തും. യുഎഇയിലെ എല്ലാ അമുസ്ലിം വിദേശികളെയും കുറിച്ചുള്ള പുതിയ ഫെഡറല്‍ ഡിക്രി-നിയമം അടുത്ത വര്‍ഷം ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ നടപടിക്രമങ്ങള്‍ക്ക് ബാധകമാകുന്നതാണ് നിയമം.
ദുബായി 2023ല്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് അറ്റ്ലാന്റിസ് ദി റോയല്‍ റിസോര്‍ട്ട്. 2023ല്‍ റിസോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങും. 795 മുറികളുള്ള ഹോട്ടലില്‍ 90 നീന്തല്‍ക്കുളങ്ങളും 17 റെസ്റ്റോറന്റുകളും ഉണ്ട്. ഇതില്‍ എട്ടെണ്ണം ലോകോത്തര സെലിബ്രിറ്റി ഷെഫുകളുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയവും റിസോര്‍ട്ടിലുണ്ടാകും.
യു.എ.ഇ.യിലെ ആദ്യത്തെ മറൈന്‍ ലൈഫ് ഡെഡിക്കേറ്റഡ് തീം പാര്‍ക്ക് യാസ് ദ്വീപിന്റെ പ്രവര്‍ത്തനം തുടങ്ങുക 2023ലായിരിക്കും. 183,000 ചതുരശ്ര മീറ്ററിലുള്ള ‘സീവേള്‍ഡ് അബുദബി’യില്‍ 68,000ലധികം കടല്‍ജീവികളുണ്ടാകും. ദുബായില്‍ 2023 സമ്മാനിക്കുന്ന മറ്റൊരു സര്‍പ്രൈസാണ് ലോകോത്തര നിലവാരത്തിലുള്ള ഭക്ഷണ ശാലകള്‍. എബോവ് ഇലവന്‍ (മാരിയറ്റ് പാം ജുമൈറ), സിറ്റി സോഷ്യല്‍ (ഗ്രോസ്വെനര്‍ ഹൗസ്), എസ്റ്റിയാറ്റോറിയോ മിലോസ് (അറ്റ്ലാന്റിസ് ദി റോയല്‍), ജോസെറ്റ് (ഡിഐഎഫ്സി) എന്നിവയുള്‍പ്പെടെ നിരവധി പുതിയ സംരംഭങ്ങളാണ് ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്.
Read Also: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വാട്‌സ്ആപിലൂടെ അറിയിക്കാം; പുതിയ സംവിധാനവുമായി ദുബായി
ലോകത്തിലെ ഏറ്റവും വലിയ സംഗീതോത്സവം 2023ആദ്യം അബുദബിയില്‍ ആരംഭിക്കും. അള്‍ട്രാ അബുദാബി ഇത്തിഹാദ് പാര്‍ക്കില്‍ 2023 മാര്‍ച്ച് 4,5 തീയതികളിലാകും പരിപാടി.
പ്ലാസ്റ്റിക് മുക്ത അജ്മാന്‍
അടുത്ത വര്‍ഷം മുതല്‍ അജ്മാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഏറ്റവും സുസ്ഥിരമായ ബദല്‍ കണ്ടെത്താനുള്ള പഠനം നടത്തുകയാണെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights: major changes in uae from 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here