വെറും 8 മാസം കൊണ്ട് 46 കിലോഗ്രാം കുറച്ച് പൊലീസ് ഉദ്യോഗസ്ഥൻ; ഭക്ഷണക്രമവും വ്യായാമവും ഇങ്ങനെ

വെറും എട്ട് മാസം കൊണ്ട് 46 കിലോഗ്രാം ഭാരം കുറച്ച ഡൽഹിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. ഡൽഹി ഡെപ്യൂട്ടി കമ്മീഷ്ണർ ജിതേന്ദ്ര മണിയാണ് തന്റെ നിശ്ചയദാർഢ്യം കൊണ്ട് ശരീരഭാരത്തെയും അതുമൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളേയും വരുതിയിലാക്കി ജനമനസുകളുടെ കൈയടി നേടിയത്. ( police man loses 46 kilogram in 8 months )
130 കിലോഗ്രാമായിരുന്നു ജിതേന്ദ്ര മണിയുടെ ശരീര ഭാരം. അമിതഭാരം കൊണ്ട് തന്നെ പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നീ രോഗങ്ങളും ജിതേന്ദ്രയെ അലട്ടിയിരുന്നു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കണമെന്ന് അദ്ദേഹം തീരുമാനിക്കുന്നത്.
പിന്നീട് കടുത്ത നിയന്ത്രണങ്ങളുടെ നാളുകളായിരുന്നു. ജീവിതശൈലി അടിമുടി മാറ്റി. എല്ലാ ദിവസവും 15,000 അടി വീതം നടന്നുതുടങ്ങി. കാർബോഹൈഡ്രേറ്റ് അധികമായ ഭക്ഷണങ്ങൾ ഒഴിവാക്കി ഭക്ഷണക്രമത്തിൽ പഴങ്ങളും, പച്ചക്കറികളും, സൂപ്പുകളും ഉൾപ്പെടുത്തി. എട്ട് മാസം കൊണ്ട് അദ്ദേഹം നടന്ന് തീർത്തത് 32 ലക്ഷം സ്റ്റെപ്പുകളാണ്. ഒപ്പം ആരോഗ്യകരമായ ഭക്ഷണശീലം കൂടിയായപ്പോൾ അരവണ്ണത്തിൽ നിന്ന് 12 ഇഞ്ചാണ് കുറഞ്ഞത്. എട്ട് മാസം കൊണ്ട് 46 കിലോഗ്രാമും ! ഇന്ന് ജിതേന്ദ്രയുടെ ശരീരഭാരം 84 കിലോഗ്രാമാണ്.
ജിതേന്ദ്രയുടെ ഈ രൂപമാറ്റത്തിൽ അമ്പരന്നിരിക്കുകയാണ് പൊലീസ് സേന. ഡിസിപിയുടെ നിശ്ചയദാർഢ്യത്തിന് അനുമോദനമായി പ്രത്യേക സർട്ടിഫിക്കറ്റും പൊലീസ് കമ്മീഷ്ണർ സഞ്ജയ് അറോറ സമ്മാനിച്ചു. 90,000 പൊലീസ് ഉദ്യോഗസ്ഥരാണ് അനുമോദന ചടങ്ങിൽ പങ്കെടുത്തത്ത്.
Story Highlights: police man loses 46 kilogram in 8 months