Advertisement

ജമ്മുകശ്മീരിൽ പ്രദേശവാസികളുടെ വീട്ടിൽ കയറി ഭീകരരുടെ ആക്രമണം; മൂന്നുപേർ വെടിയേറ്റ് മരിച്ചു

January 1, 2023
Google News 3 minutes Read
Terrorist attack Jammu kashmir Three people dead

ജമ്മുകശ്മീരിൽ പ്രദേശവാസികളുടെ വീട്ടിൽ കയറി ഭീകരരുടെ ആക്രമണം. ഭീകരരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രജൗരി ജില്ലയിലെ ധാൻഗ്രി മേഖലയിലാണ് വെടിവെപ്പുണ്ടായത്. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തെരച്ചിൽ നടത്തുകയാണ്. ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരു പ്രദേശ വാസിക്ക് പരുക്കേൽക്കുകയും ചെയ്തു. ( Terrorist attack in Jammu and Kashmir Three people were shot dead ).

ജമ്മു കശ്മീരിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശവാസികളെ ലക്ഷ്യം വെച്ച് ഭീകരാക്രമണം നടക്കുന്നുണ്ട്. ആയുധവുമായെത്തിയ ഭീകരർ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. പ്രധാനമായും മൂന്ന് വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് ആക്രമണമുണ്ടായത്. പൊലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരുക്കേറ്റവരുടെ ആരോ​ഗ്യ നില സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

Read Also: ജമ്മുവിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഭീകരരെ പൂർണമായും തകർക്കുകയാണ് 2023ലെ പ്രതിജ്ഞയെന്ന് ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കിയിരുന്നു. സുരക്ഷാസേന ഏറ്റവും വിജയകരമായി ഭീകരവേട്ട നടപ്പാക്കിയ വർഷമാണ് കടന്നുപോയത്. ഭീകരസംഘടന തലവന്മാരിൽ ഭൂരിഭാഗം പേരെയും വധിച്ചതായി ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കി.

2022ൽ 172 ഭീകരരെയാണ് ജമ്മുകശ്മീരിൽ മാത്രം വധിച്ചത്. ഇതിൽ 42 വിദേശികളും ഉൾപ്പെടും. കൊല്ലപ്പെട്ടവരിൽ 108 പേർ ലഷ്ക്കറെ തയ്ബയിലെ അം​ഗങ്ങളായിരുന്നു. 22 പേർ ഹിസ്ബുൽ മുജാഹിദീനിലും 35 പേർ ജെയ്ഷെ മുഹമ്മദിലും 4 പേർ അൽ ബദറിലും അംഗങ്ങളായിരുന്നു. ഭീകരസംഘടനകളുടെ പ്രധാനനേതാക്കളെയും ടോപ്പ് കമാൻഡർമാരെയും വധിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. 2022ൽ 14 ജമ്മുകശ്മീർ പൊലീസുകാർ അടക്കം 26 സുരക്ഷാസേനാംഗങ്ങൾ വീരമൃത്യുവരിച്ചിട്ടുണ്ട്. 24 നാട്ടുകാർ അടക്കം 33 സാധാരണ പൗരന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Story Highlights: Terrorist attack in Jammu and Kashmir Three people were shot dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here