ഐപിഎൽ കളിക്കാൻ ശ്രീലങ്കക്കെതിരായ ഏകദിനത്തിൽ നിന്ന് ന്യൂസീലൻഡ് താരങ്ങൾക്ക് വിശ്രമം

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കെയിൻ വില്ല്യംസൺ അടക്കം നാല് ന്യൂസീലൻഡ് താരങ്ങൾക്ക് വിശ്രമം. വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്കാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് വിശ്രമം അനുവദിച്ചിരിക്കുന്നത്. മാർച്ച് 25 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. മാർച്ച് 31ന് ഐപിഎൽ ആരംഭിക്കുമെന്നാണ് വിവരം.
ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻ, ടിം സൗത്തി, ഡെവോൺ കോൺവെ, മിച്ചൽ സാന്റ്‌നർ എന്നിവർക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഓപ്പണർ ടോം ലാതമാണ് ടീമിനെ നയിക്കുക.
കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച വില്ല്യംസൺ ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനൊപ്പമാണ്. മിനി ലേലത്തിൽ ഗുജറാത്ത് വില്ല്യംസണെ ടീമിലെടുക്കുകയായിരുന്നു. ഡെവോൺ കോൺവേ, മിച്ചൽ സാൻ്റ്നർ എന്നീ താരങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പവും ടിം സൗത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലുമാണ്.
കൊൽക്കത്തയിൽ കളിക്കുന്ന ലോക്കി ഫെർഗൂസൻ, ആർസിബി താരം ഫിൻ അലൻ, സൺറൈസേഴ്സിൽ കളിക്കുന്ന ഗ്ലെൻ ഫിലിപ്സ് എന്നിവർ പരമ്പരയ്ക്ക് ശേഷം ഐപിഎലിനെത്തും.
Story Highlights: srilanka odi players ipl newzealand players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here