Advertisement

അടിച്ചുപൊളിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്; ലക്നൗവിന് 218 റൺസ് വിജയലക്ഷ്യം

April 3, 2023
Google News 2 minutes Read
csk first innings lsg

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 217 റൺസ് നേടി. 31 പന്തിൽ 57 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഡെവോൺ കോൺവേ 29 പന്തിൽ 47 റൺസെടുത്തു. ലക്നൗവിനായി രവി ബിഷ്ണോയും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. (csk first innings lsg)

തട്ടുപൊളിപ്പൻ തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ചെന്നൈക്ക് നൽകിയത്. കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ ഋതുരാജ് സ്വന്തം കാണികൾക്ക് മുന്നിലെ ആദ്യ ഐപിഎൽ മത്സരം അവിസ്‌മരണീയമാക്കി. അനായാസം ബൗണ്ടറി ക്ലിയർ ചെയ്ത ഋതുരാജിനൊപ്പം കോൺവേയും ഫോമിലേക്കുയർന്നതോടെ ചെന്നൈ ആദ്യ പവർ പ്ലേയിൽ നേടിയത് വിക്കറ്റ് നഷ്ടമില്ലാതെ 79 റൺസ്. ഇരുവരുടെയും തകർപ്പൻ പ്രകടനത്തിന് ലക്നൗ ബൗളർമാരുടെ മോശം ബൗളിംഗ് സഹായമാവുകയും ചെയ്തു.

Read Also: ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ നിന്ന് പിന്മാറി; കൊൽക്കത്തയ്ക്ക് തിരിച്ചടി

25 പന്തിൽ ഫിഫ്റ്റി തികച്ച ഋതുരാജിനെ ഒടുവിൽ രവി ബിഷ്ണോയ് മടക്കി. ആദ്യ വിക്കറ്റിൽ 110 റൺസിൻ്റെ കൂട്ടുകെട്ടാണ് ഋതുരാജ് കോൺവേയുമായി ചേർന്ന് പടുത്തുയർത്തിയത്. ഏറെ വൈകാതെ കോൺവേയും മടങ്ങി. മാർക്ക് വുഡ് ആണ് കോൺവേയെ മടക്കിയത്. ശിവം ദുബെ (16 പന്തിൽ 27), മൊയീൻ അലി (13 പന്തിൽ 19) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും ഇരുവരും ബിഷ്ണോയ്ക്ക് മുന്നിൽ വീണു. ബെൻ സ്റ്റോക്സ് (8) വീണ്ടും നിരാശപ്പെടുത്തി. ജഡേജയും (3) വേഗം മടങ്ങി. സ്റ്റോക്സിനെ ആവേഷ് ഖാനും ജഡേജയെ മാർക്ക് വുഡും വീഴ്ത്തി. അവസാന ഓവറുകളിൽ അമ്പാട്ടി റായുഡു നടത്തിയ കൂറ്റനടികൾ ചെന്നൈയ്ക്ക് തകർപ്പൻ ഫിനിഷിംഗായി. 14 പന്തിൽ 27 റൺസെടുത്ത റായുഡു പുറത്താവാതെ നിന്നു. എം എസ് ധോണി നേരിട്ട ആദ്യ രണ്ട് പന്തിൽ സിക്സർ നേടിയെങ്കിലും മൂന്നാം പന്തിൽ മാർക്ക് വുഡിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

Story Highlights: csk first innings score lsg ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here