Advertisement

മതേതരത്വം സംരക്ഷിക്കാൻ ചെയ്യേണ്ടത് ഇതല്ല: യുപിയിൽ മദ്രസകൾ വീണ്ടും തുറക്കും, സ്റ്റേ അനുവദിച്ച് സുപ്രീം കോടതി

April 5, 2024
Google News 3 minutes Read

ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നയം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. സംസ്ഥാനത്തെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാർത്ഥികളെ ബാധിച്ച തീരുമാനമാണ് സ്റ്റേ ചെയ്തത്. കേസിൽ കേന്ദ്ര സർക്കാരിനും മദ്രസ ബോർഡിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

മതേതരത്വ തത്വം ലംഘിക്കുന്ന ഭരണഘടനാ വിരുദ്ധ നിയമം എന്ന് ആരോപിച്ചാണ് 2004 ലെ യുപി ബോർഡ് ഓഫ് മദ്രസ എജുക്കേഷൻ നിയമം അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം റദ്ദാക്കിയത്. മദ്രസ വിദ്യാർത്ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

Read Also: ‘ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റെന്ന് ഭീഷണി’വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ നോട്ടീസ്; ബിജെപിയുടെ അനുബന്ധ സംഘടനയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് അതിഷി

സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതോടെ സംസ്ഥാനത്ത് 16000 ത്തോളം വരുന്ന മദ്രസകൾക്ക് ഇനി തുടർന്ന് പ്രവർത്തിക്കാനാവും. ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മദ്രസ ബോർഡുകൾ സ്ഥാപിച്ചാൽ അത് മതേതരത്വത്തിന് ദോഷം ചെയ്യില്ല. മാത്രമല്ല, മദ്രസ ബോർഡിൻ്റെ ലക്ഷ്യങ്ങൾ നിയമപരമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മദ്രസ നിയമം റദ്ദാക്കി വിദ്യാർത്ഥികളെ ഔപചാരിക വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട ഹൈക്കോടതി ഉത്തരവ് 17 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ യഥാർത്ഥ ഉദ്ദേശം മതേതരത്വത്തിൻ്റെ സംരക്ഷണവും ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷ തുടങ്ങിയവ പഠിപ്പിക്കലുമായിരുന്നെങ്കിൽ അതിന് നിയമം റദ്ദാക്കുകയല്ല വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read Also: പാഠപുസ്‌തകത്തിൽ ബാബറി മസ്‌ജിദ്‌ തകർത്തത് ഒഴിവാക്കി; രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി NCERT

അലഹബാദ് ഹൈക്കോടതി വിധി പിന്തുണക്കുന്ന നിലപാടായിരുന്നു കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേത്. മദ്രസകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയാണ് കോടതിയിൽ ഹാജരായത്. ഹൈക്കോടതി വിധി 10000 മദ്രസ അധ്യാപകരുടെ ഉപജീവനം ഇല്ലാതാക്കിയെന്നും 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മദ്രസ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പകരം സംവിധാനം ഒരുക്കിയെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം.

മദ്രസ വിദ്യാഭ്യാസം ഗുണമേന്മയില്ലാത്തതെന്നും പൊതുസ്വഭാവമില്ലെന്നും വിശാല താത്പര്യമില്ലെന്നും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മദ്രസകളെ മാത്രം തിരഞ്ഞുപിടിച്ച് വിലക്കേർപ്പെടുത്തുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം 2002 ലെ അരുണ റോയ് – കേന്ദ്രസർക്കാർ കേസിലെ സുപ്രീം കോടതി വിധി പരാമർശിച്ച് ചൂണ്ടിക്കാട്ടി.

Story Highlights : The Allahabad High Court’s ruling to repeal the UP Board of Madarsa Education Act, 2004 was stayed by the Supreme Court today.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here