ഗുജറാത്തിൽ ആകെ 35 മുസ്ലിം സ്ഥാനാർത്ഥികൾ; കോൺഗ്രസിൽ നിന്ന് ഒരാൾ പോലുമില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 35 പേർ മുസ്ലിങ്ങൾ. എന്നാൽ ഇവരിൽ ഒരാൾ പോലും കോൺഗ്രസിൽ നിന്നുള്ളവരല്ല. സംസ്ഥാനത്ത് ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും ഇത്തവണ കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നില്ല. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിക്കാതെ ഇരിക്കുന്നത്.
സംസ്ഥാനത്ത് കോൺഗ്രസ് എപ്പോഴും മുസ്ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്ന ഒരു സീറ്റ് ബറൂച്ച് ലോക്‌സഭാ മണ്ഡലമായിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ഒന്നിച്ചാണ് മത്സരിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി ബറൂച്ച് സീറ്റിൽ ഇത്തവണ മത്സരിക്കുന്നത് ആം ആദ്മി പാർട്ടിയാണ്. കോൺഗ്രസ് ഈ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്തും ഉണ്ട്.
രാജ്യത്തെ ദേശീയ പാർട്ടികളിൽ ബിഎസ്‌പി മാത്രമാണ് ഗുജറാത്തിൽ മുസ്ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്. ഗാന്ധിനഗർ സീറ്റിലാണ് ബിഎസ്‌പി മുസ്ലിം സ്ഥാനാർത്ഥിയെ മത്സര രംഗത്ത് നിർത്തിയിരിക്കുന്നത്. മെയ് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും ബിഎസ്പി സംസ്ഥാനത്ത് ഒരു മുസ്ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നു. പഞ്ചമഹൽ ലോക്സഭാ മണ്ഡലത്തിൽ ആയിരുന്നു അന്ന് ബിഎസ്പി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയത്.
സംസ്ഥാനത്ത് ആകെയുള്ള 26 ലോകസഭ സീറ്റുകളിൽ മത്സരം നടക്കുന്ന 25 എണ്ണത്തിൽ ഇക്കുറി 35 മുസ്ലിം സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. 2019ൽ സംസ്ഥാനത്ത് 43 മുസ്ലിം സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. സംസ്ഥാനത്ത് മത്സരിക്കുന്ന 35 മുസ്ലിം സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും സ്വതന്ത്ര സ്ഥാനാർത്ഥികളാണ്. മറ്റുള്ളവരെ ചെറു രാഷ്ട്രീയകക്ഷികളാണ് സ്ഥാനാർത്ഥികളാക്കിയത്.
ബറൂച്ച് ലോക്സഭാ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നതു കൊണ്ടാണ് ഇത്തവണ പാർട്ടി സ്ഥാനാർഥികളുടെ ഗണത്തിൽ മുസ്ലിം സ്ഥാനാർത്ഥികൾ ഇല്ലാത്തതെന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. ബറൂച്ച് സീറ്റിനു പകരം മറ്റൊരു സീറ്റ് മുസ്ലിം വിഭാഗത്തിനായി നീക്കിവെച്ചിരുന്നെങ്കിലും അവിടെ ജയസാധ്യത തീരെ ഇല്ലാത്തതിനാൽ മുസ്ലിം വിഭാഗത്തിൽ നിന്ന് ആരും മത്സരിക്കാൻ തയ്യാറായി വന്നില്ലെന്ന് കോൺഗ്രസ് നേതാവും പാർട്ടി ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയർമാനുമായ വജിർഖാൻ പഠാൻ പറഞ്ഞു.
സംസ്ഥാനത്ത് മുസ്ലിം സ്വാധീന മേഖലയായ അഹമ്മദാബാദ് വെസ്റ്റ്, കച്ച് എന്നിവിടങ്ങളിൽ പിന്നോക്ക വിഭാഗ സംവരണ മണ്ഡലങ്ങൾ ആയതിനാൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്താൻ പ്രായോഗികമായി സാധിക്കില്ല. 1977 സംസ്ഥാനത്ത് കോൺഗ്രസിന് രണ്ട് മുസ്ലിം എംപിമാർ ഉണ്ടായിരുന്നു. ബറൂച്ച് സീറ്റിൽ അന്ന് അഹമ്മദ് പട്ടേലും അഹമ്മദാബാദ് സീറ്റിൽ ഇഹ്സാൻ ജഫ്രിയും മത്സരിച്ച് ജയിച്ചിരുന്നു. 1980ലും 1984 ലും അഹമ്മദ് പട്ടേൽ സംസ്ഥാനത്തു നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ഈ സീറ്റിൽ ഇദ്ദേഹത്തിന്റെ രണ്ടു മക്കൾ – ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ- മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സീറ്റ് ആം ആദ്മി പാർട്ടിക്ക് വിട്ടുകൊടുത്തതിൽ അഹമ്മദ് പട്ടേലിന്റെ കുടുംബം പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. ട്രൈബൽ നേതാവ് ചൈതർ വാസവയെയാണ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടി ഇത്തവണ മത്സരിപ്പിക്കുന്നത്.
2004ൽ മണ്ഡലത്തിൽ മുഹമ്മദ് പട്ടേലിനെയും 2009 ൽ അസീസ് തൻകർവിയേയും 2019 ൽ ഷേർഖാൻ പഠാനെയുമാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയത്. ഗാന്ധിനഗർ സീറ്റിൽ ബിഎസ്പിക്ക് വേണ്ടി മുഹമ്മദ് അനീസ് ദേശായിയാണ് മത്സരിക്കുന്നത്. ഇവിടെ മാത്രം എട്ട് മുസ്ലിം സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ജാം നഗർ, നവ്സരി മണ്ഡലങ്ങളിൽ അഞ്ചു വീതം മുസ്ലിം സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. പത്താൻ, ബറൂച്ച് സീറ്റുകളിൽ നാലു വീതം മുസ്ലിം സ്ഥാനാർത്ഥികളും പത്രിക നൽകിയിട്ടുണ്ട്. പോർബന്തർ, ഖേഡ മണ്ഡലങ്ങളിൽ രണ്ടു വീതം മുസ്ലീം സ്ഥാനാർത്ഥികളും അഹമ്മദാബാദ് ഈസ്റ്റ്, ബനസ്കന്ത, ജുനഗഡ്, പഞ്ചമഹൽ മണ്ഡലങ്ങളിലായി ഓരോ മുസ്ലിം സ്ഥാനാർത്ഥികൾ വീതവും മത്സരിക്കാൻ ഉണ്ട്. ഭൂരിഭാഗം പേരും സ്വതന്ത്രരാണ്. മറ്റുള്ളവരെ റൈറ്റ് ടു റീകോൾ പാർട്ടി, ഭാരതീയ ജനനായക പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗരീബ് കല്യാൺ പാർട്ടി, ലോഗ് പാർട്ടി എന്നിവരാണ് സ്ഥാനാർഥികളാക്കിയത്.
മെയ് 7ന് വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ 266 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആകെയുള്ള 26 സീറ്റുകളിൽ സൂറത്ത് സീറ്റിൽ ബിജെപി ഇതിനോടകം തന്നെ ജയിച്ചു കഴിഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതും, മറ്റു സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്മാറിയതുമാണ് ബിജെപിയുടെ ജയം എളുപ്പത്തിലാക്കിയത്.
Story Highlights : There are 35 Muslim candidates running for Lok Sabha in Gujarat, but none of them are from the Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here