തോട്ടട ഐടിഐ സംഘർഷം; കണ്ണൂരിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് KSU
കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തെ തുടർന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ എസ് യു. കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
ക്യാമ്പസിൽ കെഎസ്‌യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘർഷമുണ്ടായത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ക്യാമ്പസിൽ പോലീസ് സാന്നിധ്യം ഉണ്ടായിരിക്കവേയാണ് അതിക്രമം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന് ക്രൂര മർദ്ദനമേറ്റിരുന്നു. എസ് എഫ് ഐ യുടെ ശക്തികേന്ദ്രമായ തോട്ടട ഐടിഐയിൽ മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് കെ എസ് യു യൂണിറ്റ് രൂപീകരിക്കുന്നത്.
കഴിഞ്ഞദിവസം ക്യാമ്പസിൽ കെഎസ്‌യു ഉയർത്തിയ കൊടി എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ വീണ്ടും കൊടികെട്ടി. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ ജില്ലാ നേതാക്കൾ അടക്കമുള്ള കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലിനെ കാണാൻ നീങ്ങി. ഈ സംഘത്തെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഇതിനിടെ ക്യാമ്പസിൽ സ്ഥാപിച്ച കെഎസ്‌യുവിന്റെ കൊടി എസ്എഫ്ഐ പ്രവർത്തകൻ പിഴുതെടുത്തു. പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
Story Highlights : ITI clash KSU calls for strike in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here