സ്ത്രീ വിരുദ്ധ നിലപാടുകളെ പിന്തുണച്ച സിനിമാ പ്രവർത്തകരെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ അതിഥികളായി വിളിക്കരുത്; ഡോ ബിജു

ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് പരസ്യ പിന്തുണ നൽകിയ ഒരു സിനിമാ പ്രവർത്തകരെയും ജനപ്രതിനിധികളെയും ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയിൽ അതിഥികളായി ക്ഷണിച്ചിരുത്താൻ സർക്കാർ തയ്യാറാകരുതെന്ന് സംവിധായകന്‍ ഡോ. ബിജു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങില്‍ സ്വാഗത സംഘരൂപീകരണത്തിനായി സര്‍ക്കാര്‍ ഡോ. ബിജുവിനേയും ക്ഷണിച്ചിട്ടുണ്ട്. ഈ ക്ഷണപത്രം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്താണ് സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് പരസ്യ പിന്തുണ നൽകിയ ഒരു സിനിമാ പ്രവർത്തകരെയും ചടങ്ങിലേക്ക് അതിഥികളായി ക്ഷണിക്കരുതെന്ന് ഡോ ബിജു ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 17ന് സ്വാഗത സംഘ രൂപീകരണം. ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചാണ് അവാര്‍ഡ് ദാനചടങ്ങ്.
അത്തരക്കാരെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് രാഷ്ട്രീയ ബോധവും നിലപാടുമാണ്. ആർജ്ജവമുള്ള ഒരു സർക്കാരിൽ നിന്നും അത്തരത്തിൽ ഒരു നിലപാട് ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സാംസ്കാരിക വകുപ്പ് അത്തരത്തിൽ ഒരു സാംസ്കാരിക രാഷ്ട്രീയ ബോധം ഇക്കാര്യത്തിൽ ഉയർത്തിപ്പിടിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഡോക്ടര്‍ ബിജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
മറ്റ് രണ്ട് നിര്‍ദേശങ്ങളും ഡോക്ടര്‍ ബിജു മുന്നോട്ട് വയ്ക്കുന്നുണ്ട് അവ ഇങ്ങനെയാണ്
കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ ആയി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത് സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ അവാർഡ് താര നിശകളെ പോലും നാണിപ്പിക്കുന്ന തരത്തിൽ വികൃതവും അപഹാസ്യവും ആയാണ്. മിമിക്രിയും ഡാൻസും കുത്തിനിറച്ചു് താരങ്ങളുടെയും ഫാന്സിന്റെയും ആവേശ അട്ടഹാസങ്ങളും ഒക്കെ ആയി പുരസ്കാരം സ്വീകരിക്കാൻ എത്തിയവർക്ക് പോലും ഇരിപ്പിടം കിട്ടാതെ അപമാനിക്കപ്പെട്ട തരത്തിൽ തികച്ചും അസാംസ്കാരികവും ആരാഷ്ട്രീയവുമായ ഒരു കൂത്തരങ്ങായി ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പോലെ ഒരു പ്രധാന പുരസ്കാരം വിതരണം ചെയ്തിരുന്നത്.ഇത്തവണ അതിനൊരു മാറ്റം ഉണ്ടാകും എന്ന് കരുതട്ടെ..പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് തികച്ചും സാംസ്കാരികമായ ഒരു വേദി ഒരുക്കി മാന്യമായ ചടങ്ങിൽ ജേതാക്കൾക്ക് നൽകുക എന്നതും. അല്ലാതെ ആൾക്കൂട്ട ബഹളവും, താരപ്പകിട്ടും , നിലവാരം കുറഞ്ഞ തമാശകളും ഒക്കെ കൂടിച്ചേർന്ന താര നിശ നടത്തി ഏതെങ്കിലും ടെലിവിഷൻ ചാനലിന് വിറ്റല്ല ഒരു സർക്കാരിന്റെ ഏറ്റവും ഉന്നതമായ പുരസ്കാരങ്ങൾ നൽകേണ്ടത് എന്ന സാംസ്കാരിക നിലപാട് ഈ വർഷമെങ്കിലും സർക്കാർ സ്വീകരിക്കും എന്ന് കരുതുന്നു.
അവാർഡ് വിതരണ ചടങ്ങിൽ അവാർഡ് കിട്ടിയവർക്കാണ് പ്രാധാന്യം. അവാർഡ് കൊടുക്കുന്ന മുഖ്യമന്ത്രിയും , സാംസ്കാരിക മന്ത്രിയും അവാർഡ് ജേതാക്കളും ആണ് ആ വേദിയിലെ പ്രധാനപ്പെട്ടവർ. ഇവരെ കൂടാതെ താരപ്പകിട്ടിനായി താരങ്ങളെ വിളിച്ചു വേദിയിൽ കൊണ്ടുവരുന്ന രീതി നിർത്തണം.അതേ പോലെ പുരസ്കാരം കിട്ടിയവർ ആണ് ആ വേദിയിൽ ആദരിക്കപ്പെടേണ്ടത്. അല്ലാതെ സിനിമാ രംഗത്തെ മറ്റ് കുറേപ്പേരെ ആ വേദിയിൽ പ്രത്യേകം വിളിച്ചു വരുത്തി പൊന്നാടയും ആദരവും നല്കുന്ന നിലവിലുള്ള രീതിയും നിർത്തണം. പുരസ്‌കാരം നേടിയവരെ മാത്രമാണ് ആ വേദിയിൽ ആദരിക്കേണ്ടത്. താല്പര്യമുള്ള മറ്റ് ആളുകളെ ഒക്കെ വിളിച്ചു ആദരിക്കണം എന്ന് സാംസ്കാരിക വകുപ്പിന് വല്ല താൽപര്യവും ഉണ്ടെങ്കിൽ അതിന് വേറെ ഒരു ചടങ്ങ് മറ്റൊരു അവസരത്തിൽ സംഘടിപ്പിക്കുക. ഒരു സ്റ്റേറ്റ് സിനിമാ രംഗത്തെ ഉന്നത പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ആ വേദിയിൽ അല്ല മറ്റുള്ളവരെ ആദരിക്കേണ്ടത്. അവിടെ ആദരിക്കപ്പെടേണ്ടത് ആ പുരസ്‌കാര ജേതാക്കൾ മാത്രം ആയിരിക്കണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here