ഷഹീർ ഷൗക്കത്തലി കേസിലെ സാക്ഷികളായ വിദ്യാർത്ഥികളെയും നെഹ്‌റു ഗ്രൂപ്പ് മാനേജ്‌മെന്റ് മനപ്പൂർവ്വം തോൽപ്പിച്ചതായി പരാതി

ജിഷ്ണു പ്രണോയ് കേസിലെ സാക്ഷികൾക്ക് എതിരെ പ്രതികാര നടപടി സ്വീകരിച്ചതിന് സമാനമായി ഷഹീർ ഷൗക്കത്തലി കേസിലെ സാക്ഷികളായ വിദ്യാർത്ഥികളെയും നെഹ്‌റു ഗ്രൂപ്പ് മാനേജ്‌മെന്റ് മനപ്പൂർവ്വം തോൽപ്പിച്ചതായി പരാതി. ഒറ്റപ്പാലം ലക്കിടിയിലെ നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിലെ മൂന്ന് വിദ്യാർത്ഥികളെയാണ് പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചത്. വിദ്യാർത്ഥികൾ മന്ത്രി കെ.ടി ജലീലിനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കും പരാതി നൽകിയിരിക്കുകയാണ്.
നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടിയിലെ ലോ കോളേജ് വിദ്യാർത്ഥിയായിരുന്ന ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ച കേസിലാണ് പി.കൃഷ്ണദാസ് കഴിഞ്ഞ വർഷം അറസ്റ്റിലായത്. കേസിൽ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയ കോളേജിലെ രണ്ട് വിദ്യാർത്ഥിനികളെയാണ് അഞ്ചാം സെമസ്റ്ററിലെ പ്രാക്ടിക്കൽ പരീക്ഷയിൽ മനപ്പൂർവ്വം തോൽപ്പിച്ചത്. എഴുത്ത് പരീക്ഷയിലെല്ലാം ഇവർ വിജയിച്ചിരുന്നു. കോളേജിന്റെ ലീഗൽ അഡ്വൈസർ മൊഴി കൊടുത്ത വിദ്യാർത്ഥികളെ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനും കാലിക്കറ്റ് സർവകലാശാലയ്ക്കും വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുകയാണ്. ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികളെ പ്രാക്ടിക്കൽ പരീക്ഷയിൽ മനപ്പൂർവ്വം തോൽപ്പിച്ചെന്ന വാർത്ത 24 ആണ് പുറത്തു കൊണ്ടുവന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ആരോഗ്യ സർവ്വകലാശാല അഡ്ജുഡിക്കേഷൻ കമ്മീഷൻ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here