Advertisement

സെന്‍കുമാറിന് വെപ്രാളം’, നഷ്ടപരിഹാര കേസിലെ പ്രതി’; മറുപടിയുമായി നമ്പി നാരായണന്‍

January 26, 2019
Google News 0 minutes Read
nambi narayanan

മുന്‍ ഡിജിപി സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍. സെന്‍കുമാറിന് വെപ്രാളമാണ്. ഗോവിന്ദചാമിയുമായി ഉപമിച്ചത് അയാളുടെ ഭാഷ അതായതുകൊണ്ടാകാമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. സെന്‍കുമാറിന് മറ്റാരെയും കിട്ടിക്കാണില്ല. അയാള്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നുവെന്ന് അറിയില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് തനിക്ക് പുരസ്‌കാരം നല്‍കിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കുമല്ലോ അവര്‍ തന്റെ പേര് ശുപാര്‍ശ ചെയ്തതെന്നും നമ്പി നാരായണന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചാരക്കേസുമായി ബന്ധപ്പെട്ട താന്‍ നല്‍കിയ നഷ്ടപരിഹാര കേസില്‍ സെന്‍കുമാര്‍ പ്രതിയാണ്. സുപ്രീംകോടതി വിധി തെറ്റായ രീതിയില്‍ മനസിലാക്കിയതിനാലാകാം സെന്‍കുമാര്‍ തനിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ആരൊക്കെ തെറ്റ് ചെയ്തു, എന്തിന് ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചത്. അത് സെന്‍കുമാര്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല. അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

സെന്‍കുമാര്‍ ആരുടെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ല. താന്‍ നല്‍കിയ നഷ്ടപരിഹാര കേസില്‍ അയാള്‍ കുടുങ്ങുമെന്ന് തോന്നിയതുകൊണ്ടാകാം തനിക്കതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രതികാര നടപടിയാണോ സെന്‍കുമാറിന്റേത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത് സെന്‍കുമാറിനോട് തന്നെ ചോദിക്കണമെന്നായിരുന്നു നമ്പി നാരായണന്റെ മറുപടി.

നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിന് എന്ത് സംഭാവനയാണ് നമ്പിനാരായണന്‍ നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചിരുന്നു. ശരാശരിയില്‍ താഴെ മാത്രമുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. എന്തിനാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള പുരസ്‌കാരം നല്‍കുന്നത്. ഇങ്ങനെ പുരസ്‌കാരം നല്‍കുകയാണെങ്കില്‍ മറിയം റഷീദക്കും ഗോവിന്ദന്‍ ചാമിക്കും വരെ അവാര്‍ഡ് നല്‍കേണ്ടി വരുമല്ലോ എന്നും സെന്‍ കുമാര്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നമ്പി നാരായണന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here