Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (ഫെബ്രുവരി 19)

February 19, 2019
Google News 1 minute Read

പെരിയ കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി.കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസില്‍ ആദ്യത്തെ അറസ്റ്റാണിത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പിന്തുണയറിയിച്ച് ഇസ്രയേല്‍; സാങ്കേതിക വിദ്യകളടക്കം കൈമാറാന്‍ തയ്യാര്‍

ഉറ്റസുഹൃത്തായ ഇന്ത്യയെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഉപാധികളില്ലാതെ പിന്തുണയ്ക്കാമെന്നും ഇതിനായി സാങ്കേതിക വിദ്യകളടക്കം കൈമാറാമെന്നും അറിയിച്ച് ഇസ്രയേല്‍. ഭീകരവാദം ഇന്ത്യ മാത്രം നേരിടുന്നല്ല ഭീഷണിയല്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പരമാവധി സഹായം വാഗ്ദാനം ചെയ്യുന്നതായും ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി ഡോ.റോണ്‍ മാല്‍ക്ക വാര്‍ത്താ അഭിമുഖത്തില്‍ വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിവില്ല; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ അശാന്തിക്ക് ഉത്തരവാദി പാക്കിസ്ഥാനല്ല. യാതാരു തെളിവുമില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയണ്. വിശ്വസനീയമായ തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 

കുൽഭൂഷൻ യാദവ് കേസ്; പാകിസ്ഥാന് വൻ തിരിച്ചടി

കുൽഭൂഷൻ യാദവ് കേസിൽ പാകിസ്ഥാന് വൻ തിരിച്ചടി. കേസ് നീട്ടിവയ്ക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം കോടതി തള്ളി. കേസ് ബോധപൂർവ്വം വൈകിപ്പിക്കാനുള്ള പാക് ശ്രമത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. കേസിൽ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ വാദം തുടരുകയാണ്.കുൽഭൂഷൺ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

 

ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്; വീഡിയോ

ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു. സൂര്യകിരണ്‍ ജെറ്റുകളാണ് പരിശീലനത്തിനിടെ കൂട്ടിയിടിച്ചത്. രണ്ട് പൈലറ്റുമാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് സാരമായ പരിക്കുണ്ട്. പറന്നുയര്‍ന്ന ശേഷം കൂട്ടിയിടിച്ച വിമാനങ്ങള്‍ തീ പിടിച്ച് താഴെവീഴുകയായിരുന്നു.

 

ഷുക്കൂർ വധക്കേസ്; വാദം എറണാകുളത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം തള്ളി

ഷുക്കൂർ കേസിൽ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിൽ മാറ്റണമെന്ന് സി ബി ഐയുടെ ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളി. പ്രതിഭാഗവും ഫെബ്രുവരി 14ന് ഈ വാദത്തെ എതിര്‍ത്തിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ കോടതിയുടേതാണ് ഇപ്പോഴത്തെ തീരുമാനം.

 

ഐപിഎല്‍; ആദ്യ പോരാട്ടം ചെന്നൈയും ബാംഗ്ലൂരും തമ്മില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ആഴ്ചകളിലെ മത്സരങ്ങളുടെ സമയക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ ശേഷിക്കുന്ന മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിക്കുകയുള്ളൂവെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

 

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപി; അണ്ണാഡിഎംകെയുമായി വിശാല സഖ്യത്തിന് രൂപം നല്‍കി

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ഉറച്ച് ബിജെപി. അണ്ണാഡിഎംകെയുമായി വിശാല സഖ്യത്തിന് രൂപം നല്‍കി. അഞ്ച് സീറ്റില്‍ ബിജെപിയും 25 സീറ്റില്‍ അണ്ണാഡിഎംകെയും മത്സരിക്കാന്‍ ധാരണയായി. അണ്ണാഡിഎംകെയെ കൂടാതെ പട്ടാളി മക്കള്‍ കക്ഷിയും എന്‍ഡിഎയുടെ ഭാഗമായി. എട്ട് സീറ്റുകളില്‍ പട്ടാളി മക്കള്‍ കക്ഷി മത്സരിക്കാനും തീരുമാനമായി.

 

കൊലപാതകങ്ങളെ മുഖ്യമന്ത്രി നിസാരവല്‍ക്കരിക്കുന്നു; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ മുഖ്യമന്ത്രി നിസാരവല്‍ക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പോലീസ് കേസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടില്ല എന്നുറപ്പുള്ളതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here