അസമില്‍ വ്യാജമദ്യദുരന്തം; മരണസംഖ്യ 32 ആയി

അസമിലെ ഗോലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 32 ആയതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 7 പേര്‍ സ്ത്രീകളാണ്. അമ്പതിലധികം പേര്‍ ജോഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരെല്ലാം തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ്.
തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്നുമാണ് മദ്യം വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.ദുരന്തത്തെപ്പറ്റി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
സല്‍മീറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരില്‍ എറെയെന്ന് പോലീസ് പറഞ്ഞു. നൂറിലധികം ആളുകള്‍ മദ്യം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി തന്നെ 12 പേര്‍ മരിച്ചിരുന്നു. ബാക്കിയുള്ളവരുടെ മരണം ഇന്ന് പുലര്‍ച്ചെയോടെയാണ് ആസ്പത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഡിഎം ഉത്തരവിട്ടിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ മദ്യം കഴിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. പത്ത് രൂപയ്ക്ക് വരെ മേഖലയില്‍ വ്യാജമദ്യം ലഭ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാറയിലെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതിനിടെ മരിച്ചവരുടെ ബന്ധുക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസും എക്‌സൈസും വ്യാജമദ്യം നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അടുത്തയിടെ ഉത്തര്‍പ്രദേശില്‍ വിഷമദ്യദുരന്തത്തില്‍ 97 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here