Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

March 10, 2019
Google News 1 minute Read

മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും ഏപ്രില്‍ 23 ന്; കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകും

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23 ന് തന്നെ മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ. പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23 ന്

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതു തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ പറഞ്ഞു. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സുതാര്യമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യംവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍ എംപി. നിലവില്‍ മറ്റു പല ചുമതലകളും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. തീരുമാനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ അറിയിച്ചു.

എത്യോപ്യയില്‍ 157 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്ന് വീണു

എത്യോപ്യയില്‍ നിന്നും കെനിയയിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. യാത്രക്കാരും വിമാനക്കമ്പനി ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്.

ലോക്സഭ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ  എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് തുടക്കം. പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി എം ബി രാജേഷിന്‍റെ കൺവെൻഷനോടെയാണ് പ്രചാരണങ്ങൾക്ക് സിപിഎം തുടക്കം കുറിക്കുന്നത്.

രണ്ടല്ല; ഇന്ത്യ മൂന്ന് തവണ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് രാജ്‌നാഥ് സിങ്

ഇന്ത്യ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മൂന്നാമത്തെ ആക്രമണത്തെപ്പറ്റി വെളിപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കര്‍ണാടകയിലെ മംഗളുരുവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാജ്‌നാഥ് സിങിന്റെ പരാമര്‍ശം.

മാവോയിസ്റ്റ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യമന്ത്രിയുടെ മൗനം സംശയകരമെന്ന് രമേശ് ചെന്നിത്തല

മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം സംശയകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വം; കുമ്മനത്തിന്റേതെന്ന് കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയ അവസ്ഥയാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തു നിന്നും മത്സരിക്കാനൊരുങ്ങുന്ന കുമ്മനം രാജശേഖരനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയ അവസ്ഥയാകും കുമ്മനത്തിന്റേതെന്ന് മന്ത്രി പറഞ്ഞു. കുമ്മനത്തിന് കാത്തുകിട്ടിയ സമ്മാനമായിരുന്നു ഗവര്‍ണര്‍ പദവി എന്നത്. അങ്ങ് വടക്കു കിഴക്ക് ആരും ശ്രദ്ധിക്കാത്ത ഒരു മൂലക്കായിരുന്നുവെങ്കിലും അതൊരു പദവിയായിരുന്നു. അദ്ദേഹത്തിന് അത് നഷ്ടപ്പെടുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നുമില്ല. കുമ്മനം വരുന്നതില്‍ ഇടതുപക്ഷത്തിന് ആശങ്കയൊന്നും ഇല്ലെന്നും കടകംപള്ളി പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here