ഇന്നത്തെ പ്രധാന വാർത്തകൾ (11 മാർച്ച് 2019)

ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിച്ചേക്കും; ബിജെപി സാധ്യതാ പട്ടികയായി

ബിജെപി സാധ്യതാ പട്ടിക തയ്യാറായി. പട്ടിക പ്രകാരം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പട്ടികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ പേരുമുണ്ട്. ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിക്കാനാണ് സാധ്യത.

തോമസ് ചാഴിക്കാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തോമസ് ചാഴിക്കാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി.

നേരത്തെ പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച നടന്നിരുന്നു. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴയിലെ വീട്ടിലാണ് യോഗം. മോൻസ് ജോസഫും ഇടുക്കിയിലെ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.

കോണ്‍ഗ്രസിന്റെ ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി; തിരുവനന്തപുരത്ത് മൂന്നാം അങ്കത്തിന് ശശി തരൂര്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ആറ് സീറ്റുകള്‍ സംബന്ധിച്ച് മാത്രമാണ് തീരുമാനമായത്. ഇതില്‍ മൂന്നെണ്ണം സിറ്റിങ് സീറ്റുകളാണ്. തിരുവനന്തപുരം, മാവേലിക്കര, കോഴിക്കോട് കണ്ണൂര്‍, കാസര്‍ഗോഡ്, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചാണ് തീരുമാനമായത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

തെരഞ്ഞെടുപ്പില്‍ ബോര്‍ഡുകള്‍ക്ക് നിരോധനം

തെരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് ഒഴികെ പ്രകൃതിയോടിണങ്ങുന്ന, ജീര്‍ണ്ണിക്കുന്ന തരത്തിലുള്ള എന്തും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചു. തുണികൊണ്ടുള്ളതോ, പനയോല ഉപയോഗിച്ചുള്ളതോ ആകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കേരള കോണ്‍ഗ്രസില്‍ ഭിന്നത; പി ജെ ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ ജില്ലാ കമ്മിറ്റി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മാണി വിഭാഗത്തില്‍ നിന്നുള്ളവര്‍ വരണമെന്നാണ് പ്രവര്‍ത്തകരുടെ പൊതുവികാരമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

എൽജെഡി സംസ്ഥാന നേതൃയോഗം ഇന്ന്; വടകര സീറ്റ് നൽകാത്തത് ചര്‍ച്ചയാകും

എൽജെഡി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. വടകര സീറ്റ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം ഇന്ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന കോഴിക്കോട് ജില്ലാ പ്രസിഡൻറ് മനയത്ത് ചന്ദ്രനോട് വിശദീകരണം തേടിയേക്കും. അതിനിടെ മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നാവശ്യപ്പെട്ട് എൽ ജെ ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top