Advertisement

ന്യൂസീലന്‍ഡില്‍ കൊല്ലപ്പെട്ട അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം

March 17, 2019
Google News 1 minute Read

ന്യൂസീലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയുടെ മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്‌കരിക്കണമെന്ന ന്യൂസീലന്‍ഡ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കുടുംബം നിരസിച്ചു. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം ന്യൂസീലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് അന്‍സിയുടെ മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്‌കരിക്കണമെന്ന് ന്യൂസിലന്റ് സര്‍ക്കാര്‍ അന്‍സിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിരുന്നത്.

Read Also: ന്യൂസിലൻഡിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും

എന്നാല്‍ ഇത് നിരസിച്ച കുടുംബം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് സഹായം ചെയ്തുതരണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.നോര്‍ക്ക വഴി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏഴ് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും നേരത്തെ അറിയിച്ചിരുന്നു.

Read Also: ന്യൂസിലന്‍ഡ് വെടിവെപ്പ്; ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്

വെടിവെപ്പില്‍ അന്‍സി കൊല്ലപ്പെട്ട വിവരം കഴിഞ്ഞ ദിവസം വൈകീട്ടാണ് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്നു അന്‍സി. സംഭവം നടക്കുമ്പോള്‍ പള്ളിയിലുണ്ടായിരുന്ന അന്‍സിയുടെ ഭര്‍ത്താവ് നാസര്‍ ആക്രമണത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

ന്യൂസീലന്‍ഡില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിവെയ്പ്പ് നടത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ബ്രണ്ടന്‍ ടാരന്റിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. കായിക പരിശീലകനായ ടാരന്റ് വെള്ളക്കാരുടെ മേധാവിത്വത്തില്‍ വിശ്വസിക്കുന്ന കുടിയേറ്റ വിരുദ്ധനാണെന്ന് വ്യക്തമായിട്ടുണ്ട്. 2012ല്‍ ആണ് ഇയാള്‍ ന്യൂസീലന്‍ഡിലെത്തിയത്. അക്രമിയുടെ പക്കല്‍ നിന്ന് അഞ്ച് യന്ത്ര തോക്കുകള്‍ കണ്ടെത്തിയതായി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേന്‍ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here