ഇന്നത്തെ പ്രധാന വാർത്തകൾ

പുൽവാമയിൽ ഏറ്റുമുട്ടൽ; നാല് തീവ്രവാദികളെ വധിച്ചു; മൂന്ന് ജവാൻമാർക്ക് പരിക്ക്

ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ വധിച്ചു. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ലഷ്‌കറെ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ച മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുൽവാമയിലെ ലാസ്സിപോര മേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.

 

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; പ്രതികൾക്കെതിരെ കൊലകുറ്റം ചുമത്തി

ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ പ്രതികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.പോലീസ് കൊട്ടാരക്ക കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.പ്രതികളെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. കേസിൽ നേരത്തെ ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

‘പപ്പു’ വിളി വിവാദമായി; പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജ്‌

രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച് സിപിഎമ്മിന്റേയും സിപിഐയുടേയും മുഖപത്രങ്ങളുടെ പരിഹാസം. വിവാദമായപ്പോൾ ദേശാഭിമാനി മുഖപ്രസംഗത്തിലെ പപ്പു പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജിന്റെ വിശദീകരണം.

 

നികുതി വെട്ടിപ്പ്; എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ

ഭൂമി വിൽപ്പനയിൽ നികുതി വെട്ടിപ്പ് നടത്തിയതിന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് മൂന്ന് കോടി രൂപ പിഴ ചുമത്തി. ഇതിൽ 51 ലക്ഷം രൂപ അതിരൂപത ആദ്യഘട്ടമായി ആദായനികുതി വകുപ്പിൽ പിഴ അടച്ചു. 10 കോടി രൂപ ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴയടക്കണം.

 

തുഷാർ വെള്ളാപ്പള്ളി രാഹുലിനെതിരെ മത്സരിക്കും

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി. അമിത് ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തുഷാർ ലോകസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് ബിജെപി സംസ്ഥാന ദേശീയ നേതൃതങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; 11 പേർ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തുന്നു. സംഭവത്തിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയുമാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

രാഹുൽ ഗാന്ധി ബുധനാഴ്ച്ച കേരളത്തിൽ എത്തും; വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

രാഹുൽ ഗാന്ധി ബുധനാഴ്ച്ച കേരളത്തിൽ എത്തും. വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാളെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമാകും കേരളത്തിലേക്ക് തിരിക്കുക. റോഡ് ഷോയിലൂടെ പരമാവധി ആളുകളെ കണ്ടു കൊണ്ടാവും പത്രിക സമർപ്പണത്തിന് രാഹുൽ എത്തുക.

 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top