ഇന്നത്തെ പ്രധാന വാർത്തകൾ

ആവേശക്കടലായി വയനാട്; രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിക്കും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയാണ് രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

 

മോദിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത രാജസ്ഥാന്‍ ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

 

സീറോ മലബാർ ഭൂമി ഇടപാട്; മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

 

പ്രളയമുണ്ടായത് ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടല്ല; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാം മാനേജ്‌മെന്റിലെ പിഴവ് എന്ന് ചൂണ്ടിക്കാട്ടിയുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് മാധ്യമ പ്രചരണയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതിനു മുന്‍പ് വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ചിലര്‍ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ വിഷയത്തിന്മേല്‍ വീണ്ടും വിശദീകരണം നല്‍കുന്നതെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

 

വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളല്ല; പരോക്ഷ വിമർശനവുമായി അദ്വാനി

ബിജെപിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളെല്ലെന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി. രാഷ്ട്രീയമായ വിയോജിപ്പുള്ളവരെ ബിജെപി ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ലെന്നും വിയോജിപ്പുകളും അഭിപ്രായ സ്വാതന്ത്ര്യവും അംഗീകരിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും അദ്വാനി വ്യക്തമാക്കി.

 

ഡൽഹിക്കെതിരെ ഹൈദരാബാദിന് 130 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 130 റൺസ് വിജയലക്ഷ്യം.ഡൽഹി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 129 റൺസെടുത്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ഹൈദരാബാദ് ബൗളർമാർ തുടക്കം മുതലേ വരിഞ്ഞുമുറുക്കുന്നതായിരുന്നു കാഴ്ച.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top