Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (26-04-2019)

April 26, 2019
Google News 1 minute Read

കനത്ത മഴ; ചൊവ്വാഴ്ച്ച വരെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചതുപോലെ തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. അതിനോട് അനുബന്ധിച്ചു കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് കേരളത്തിലെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അധ്യാപക നിയമനത്തിൽ ക്രമക്കേട്; വ്യാജരേഖ ചമച്ച് 40 അധിക ഡിവിഷനുകൾ ഉണ്ടാക്കി കോടികൾ കോഴ വാങ്ങി; 24 എക്‌സ്‌ക്ലൂസീവ്

തെക്കൻ കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വ്യാജ വിദ്യാർത്ഥി പ്രവേശനത്തിലൂടെ 20 എയ്ഡഡ് സ്‌കൂളുകൾ നടത്തിയത് 61 അധ്യാപക നിയമനങ്ങൾ. വ്യാജ രേഖകളിലൂടെ 40 അധിക ഡിവിഷനുകളുണ്ടാക്കിയാണ് കോടികളുടെ കോഴ വാങ്ങി മാനേജ്‌മെന്റുകൾ നിയമനം നടത്തിയത്. മറ്റ് എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് കുട്ടികളുടെ ടി.സി വാങ്ങി ഹാജർബുക്കിൽ ചേർത്താണ് സ്‌കൂളുകൾ വ്യാജ അഡ്മിഷനുകളുണ്ടാക്കിയത്. 24 എക്‌സ്‌ക്ലൂസീവ്.

കേരളം രാജ്യത്ത് ഏറ്റവും സമാധാനമുള്ള സംസ്ഥാനം; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിൽ ബിജെപി പ്രവർത്തകർ ജീവൻ പണയപ്പെടുത്തിയാണ് കഴിയുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം രാജ്യത്ത് ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണെന്നും സംഘപരിവാറിൽപ്പെട്ട അക്രമികൾക്ക് യുപിയിലും ഗുജറാത്തിലും കിട്ടുന്ന പരിരക്ഷ കേരളത്തിൽ ലഭിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തെയും കേരളജനതയെയും ഇത്തരത്തിലുള്ള വ്യാജപ്രചാരണത്തിലൂടെ പ്രധാനമന്ത്രി അവഹേളിക്കുകയാണെന്നും ഇത്തരം പരാമർശങ്ങൾ പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഏഴ് സീറ്റിൽ ഉറച്ച വിജയ പ്രതീക്ഷയർപ്പിച്ച് സിപിഎം; 2004 ആവർത്തിക്കുമെന്ന് കോടിയേരി

സംസ്ഥാനത്ത് 11 സീറ്റിൽ വിജയ പ്രതീക്ഷ പുലർത്തി സിപിഎം സെക്രട്ടേറിയറ്റ് . യോഗ ശേഷം വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടത് 18 സീറ്റുകളിലധികം ജയിക്കുമെന്നും . ന്യൂനപക്ഷ ഏകീകരണം ഇടതിന് തുണയാകുമെന്നും കോടിയേരി അവകാശപ്പെട്ടു. ഏഴ് സീറ്റിൽ ഉറച്ച് വിജയ പ്രതീക്ഷയുണ്ട്.

വയനാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് മരണം

വയനാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് മരണം. സുൽത്താൻ ബത്തേരി നായ്ക്കട്ടിയിലാണ് സംഭവം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നത്.

കെവിൻ കൊല്ലപ്പെട്ടുവെന്ന് മുഖ്യപ്രതി ഷാനു അറിയിച്ചതായി നിർണ്ണായക വെളിപ്പെടുത്തൽ

കെവിൻ കൊല്ലപ്പെട്ടുവെന്ന് മുഖ്യപ്രതി ഷാനു അറിയിച്ചതായി നിർണ്ണായക വെളിപ്പെടുത്തൽ. കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോയാണ് മൊഴി നൽകിയത്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകമാണ് ഷാനു ഇക്കാര്യം ഫോണിൽ വിളിച്ചറിയിച്ചതെന്ന് ലിജോ വെളിപ്പെടുത്തി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മൊഴി നൽകിയത്. കേസിലെ ഇരുപത്തിയാറാം സാക്ഷിയാണ് ലിജോ.

കൊളംബോ സ്‌ഫോടന പരമ്പര; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

കൊളംബോയിൽ ഇരുന്നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കൻ അധികൃതർ പുറത്തുവിട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാവുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here