Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (7/5/2019)

May 7, 2019
Google News 0 minutes Read

റായുഡുവും ധോണിയും രക്ഷകരായി ; മുംബൈക്ക് 132 റൺസ് വിജയലക്ഷ്യം

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 132 റൺസ് വിജയലക്ഷ്യം. അമ്പാട്ടി റായുഡുവിൻ്റെയും എംഎസ് ധോണിയുടെയും ഉജ്ജ്വല ഇന്നിംഗ്സുകളാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. മുംബൈ സ്പിന്നർമാരെല്ലാം നല്ല പ്രകടനം കാഴ്ച വെച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് അദാനിഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് അദാനിഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം നിര്‍മ്മാണ കാലാവധി നീട്ടി നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും നിര്‍മ്മാണം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരിങ്കല്‍ ക്ഷാമം പരിഹരിക്കാനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ച ഉന്നതതല യോഗത്തില്‍ ധാരണയായി.

കുന്നത്തുനാട് നിലംനികത്തൽ; അനുമതി നൽകിയത് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ; റവന്യു രേഖകൾ ട്വന്റിഫോറിന്

എറണാകുളം കുന്നത്തുനാട്ടിൽ നിലം നികത്തലിന് അനുമതി നൽകിയതിനു പിന്നിൽ മുൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ താൽപ്പര്യ പ്രകാരമെന്ന നിർണായക തെളിവ് ട്വന്റിഫോറിന്. നിയമ വകുപ്പിന്റെ പരിഗണനക്ക് വിട്ട ഫയൽ തിരിച്ചു വിളിപ്പിച്ച് ഹിയറിംഗിന് ഉത്തരവിട്ടെന്ന മിനിട്‌സിന്റെ പകർപ്പ് ട്വന്റി ഫോർ പുറത്തു വിട്ടു. വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിസിനസ് പങ്കാളികൾക്കാണ് നിലം നികത്താൻ നിയമോപദേശമില്ലാതെ അനുമതി നൽകിയത്.

‘കേരളം മിനി പാകിസ്താൻ; മുസ്ലീം ലീഗ് ജിഹാദി സംഘടന’; വിവാദ പരാമർശവുമായി പികെ കൃഷ്ണദാസ്

കേരളം മിനി പാകിസ്താനെന്ന് പികെ കൃഷ്ണദാസ്. മുസ്ലീം ലീഗ് ജിഹാദി സംഘടനയാണെന്നും കേരളത്തിൽ ഭീകരവാദം പഠിപ്പിക്കുന്നുവെന്നും പികെ കൃഷ്ണദാസ് പറയുന്നു. കേരളത്തിൽ ഇതിനുള്ള സർവ്വകലാശാല പ്രവർത്തിക്കുന്നുണ്ടെന്നും പികെ കൃഷ്ണദാസ് പറയുന്നു.

ദേശീയപാത വികസനം; പി എസ് ശ്രീധരൻപിള്ളയുള്ള ഇടപെടൽ ഞെട്ടിച്ചു; പിന്നിൽ സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി

ദേശീയപാത വികസനം എന്ന സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിയുന്നതാണ് കേന്ദ്ര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതാ വികസനം തടസപ്പെടുത്താൻ നേരത്തെയും രാഷ്ട്രീയ ഉടപെടൽ ഉണ്ടായിട്ടുണ്ട്. ശ്രീധരൻ പിള്ളയുടെ ഇടപെടൽ ഞെട്ടലുണ്ടാക്കുന്നതാണ്. നാട്ടിലെ ജനങ്ങൾ ഗതാഗതക്കുരുക്കിൽ തന്നെ കിടക്കട്ടെയെന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കൂടുതൽ വിവിപാറ്റുകൾ എണ്ണില്ല; ഹർജി സുപീംകോടതി തള്ളി

വോട്ടെടുപ്പിൽ അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. ഒരു മണ്ഡലത്തിലെ 5 ബൂത്തിലെ വിവിപാറ്റ് രസീതുകൾ എണ്ണിയാൽ മതിയെന്ന തീരുമാനം പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം.

സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം. ഇതെ തുടർന്ന് സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവും തിരുവമ്പാടിയുമടക്കം പൂരത്തിൽ പങ്കാളികളാകുന്ന ക്ഷേത്രങ്ങളിൽ കൊടിയേറ്റം നടക്കും. ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വൻ സുരക്ഷയാണ് പൂരത്തിനായി ഒരുക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here