Advertisement

ഈസ്റ്റ് ഡൽഹിയിൽ ആവേശപ്പോരാട്ടം അവസാന ഓവറിലേക്ക്

May 8, 2019
Google News 2 minutes Read

രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. രാജ്യത്ത് പ്രധാന നേതാക്കൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ നിരവധിയുണ്ട്.വാഴുന്നവരും വീഴുന്നവരും വാർത്തകളിൽ നിറയുന്ന അത്തരം മണ്ഡലങ്ങളെ അടുത്തറിയാം…

 

ഏഴ്‌ ലോക്‌സഭാ മണ്ഡലങ്ങൾ മാത്രമുള്ള ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിരയിളക്കി അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആം
ആദ്മി പാർട്ടിയോട്‌ സഖ്യത്തിന് കൈനീട്ടാത്ത കോൺഗ്രസിന്റെ നിലപാടും ആം ആദ്മിയിലെ കൊഴിഞ്ഞു പോക്കുമെല്ലാം ചർച്ചകളിൽ കത്തി നിൽക്കുന്നതിനിടെ മെയ് 12 നുള്ള വിധിയെഴുത്തിനായി ഡൽഹി ഒരുങ്ങിക്കഴിഞ്ഞു. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ  എല്ലാ പാർട്ടികളും  ഇത്തവണ ഏറ്റവും വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്നത് ഈസ്റ്റ് ഡൽഹിയിൽ തന്നെയാണ്. മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ സ്ഥാനാർത്ഥിത്വമാണ് ഈസ്റ്റ് ഡൽഹിയെ ശ്രദ്ധേയമാക്കുന്നത്. ഏറെക്കാലമായി ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ചു വന്നിരുന്ന ഗംഭീറിനെ ഇക്കുറി തെരഞ്ഞെടുപ്പിന്റെ ഗ്രൗണ്ടിലിറക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.ബിജെപിയുടെ സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന ദൗത്യവുമായി ഗംഭീർ കളത്തിലിറങ്ങുമ്പോൾ എതിരാളികളും ചില്ലറക്കാരല്ല.

Read Also; ബേഗുസരായിയിൽ ഇക്കുറി കരുത്തൻമാരുടെ പോരാട്ടം

മുൻ  ഡൽഹി കോൺഗ്രസ്‌ അധ്യക്ഷനും മന്ത്രിയുമായിരുന്ന അരവിന്ദർ സിങ് ലവ്‌ലിയെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം വേണ്ടെന്നു വച്ച കോൺഗ്രസിന് ഡൽഹിയിലെ വിജയം അഭിമാനപ്രശ്‌നമായതിനാൽ അരവിന്ദർ സിങിന് ഈസ്റ്റ് ഡൽഹിയിൽ അഗ്നി പരീക്ഷ തന്നെയാണ്. ഇരുവർക്കുമെതിരെ ശക്തമായ മത്സരത്തിന് വഴിയൊരുക്കി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി മർലേനയും രംഗത്തുണ്ട്.

ജാംഗ്പുര, പത്പർഗഞ്ച്, കൃഷ്ണ നഗർ, ഓക്‌ല, ലക്ഷ്മി നഗർ, ഗാന്ധി നഗർ, ത്രിലോക് പുരി, വിശ്വാസ് നഗർ, ഷഹ്ദാര, കോണ്ട്‌ലി എന്നിങ്ങനെ പത്ത് നിയമസഭാ മണ്ഡലങ്ങളാണ് ഈസ്റ്റ് ഡൽഹി ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പതിടത്തും ആം ആദ്മി പാർട്ടിക്കായിരുന്നു വിജയം. വിശ്വാസ് നഗറിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. പത്തിടത്തും ആം ആദ്മിയും ബിജെപിയും തമ്മിലാണ്‌ നേർക്കു നേർ പോരാട്ടം നടന്നതെന്നും ഏറെ ശ്രദ്ധേയമാണ്.

Read Also; മൂന്ന് പതിറ്റാണ്ടായി താമര വിരിയുന്ന ഭോപ്പാൽ; ‘ദിഗ് വിജയ’ത്തിന് കോൺഗ്രസ്

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തോടടുക്കുമ്പോൾ ഈസ്റ്റ് ഡൽഹിയിലെ രാഷ്ട്രീയ കാലാവസ്ഥയും സാഹചര്യങ്ങളുമെല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു. പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ കാര്യമായ ശ്രദ്ധ നേടാതെ പോയ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി ബിജെപി സ്ഥാനാർത്ഥി ഗൗതം ഗംഭീറിനെതിരെ നടത്തിയ നിരന്തരമായ പരാമർശങ്ങളിലൂടെ പിന്നീട്‌ ബഹുദൂരം മുന്നേറുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഗംഭീറിന് രണ്ട് തിരിച്ചറിയൽ കാർഡുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് അതിഷിയായിരുന്നു. ഗംഭീറിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു.

മറുഭാഗത്ത് ആം ആദ്മി എംഎൽഎമാരുടെ കൊഴിഞ്ഞു പോക്കാണ് ഇവിടുത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളിലൊന്ന്. മൂന്ന് ദിവസത്തിനിടെ രണ്ട് ആം ആദ്മി പാർട്ടി എംഎൽഎമാർ ബിജെപിയിൽ ചേരുന്നതിനാണ് കഴിഞ്ഞയാഴ്ച ഡൽഹി സാക്ഷ്യം വഹിച്ചത്. ഇതിലൊരു എംഎൽഎ ഈസ്റ്റ് ഡൽഹി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന നിയമസഭാ മണ്ഡലത്തിലെയാണെന്നതാണ് ഏറെ പ്രധാനം. തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ഓവറുകളിലേക്ക് കടക്കുമ്പോൾ കൂടുതൽ  വിഷയങ്ങളെത്തുന്നത്  ഇവിടുത്തെ പ്രചാരണ വേദികളെ ഒന്നു കൂടി ചൂടുപിടിപ്പിക്കുമെന്നുറപ്പാണ്.

Read Also; ജയ്പുർ റൂറലിൽ ഒളിമ്പ്യൻമാരുടെ പോരാട്ടം

1967 ൽ രൂപീകൃതമായതാണ് ഈസ്റ്റ് ഡൽഹി മണ്ഡലം. തുടർന്നിങ്ങോട്ട് നടന്ന 14 തെരഞ്ഞെടുപ്പുകളിൽ 7 തവണ ബിജെപിക്കൊപ്പവും 6 തവണ കോൺഗ്രസിനൊപ്പവും മണ്ഡലം നിലയുറപ്പിച്ചു. ഒരു തവണ ബിഎൽഡി സ്ഥാനാർത്ഥിയും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. 1967 ൽ ഭാരതീയ ജനസംഘത്തിന്റെ ഹർദയാൽ ദേവ്ഗൺ ആണ് ആദ്യമായി ഈസ്റ്റ് ഡൽഹിയിൽ നിന്നും ജയിച്ച് ലോക്‌സഭയിലെത്തിയത്. തുടർന്ന് 1971 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുത്ത കോൺഗ്രസ് 77, 80, 84, 89 തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. 1991 ൽ ബി.എൽ ശർമയിലൂടെയാണ് ബിജെപി  ഈസ്റ്റ് ഡൽഹി തിരിച്ചു പിടിച്ചത്. 96 ലെ തെരഞ്ഞെടുപ്പിലും ശർമ്മ തന്നെയായിരുന്നു വിജയി.

1997 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച ലാൽ ബിഹാരി തിവാരി 99 ലും ഇവിടെ താമര വിരിയിച്ചു. 2004 ലെ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെ കളത്തിലിറക്കിയുള്ള കോൺഗ്രസിന്റെ തന്ത്രം വിജയം കണ്ടപ്പോൾ രണ്ടു തവണ ഈസ്റ്റ് ഡൽഹിയുടെ എംപിയായിരുന്ന ലാൽ ബിഹാരി തിവാരി രണ്ട് ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. 2009 ലെ തെരഞ്ഞെടുപ്പിലും സന്ദീപ് ദീക്ഷിത് തന്നെയായിരുന്നു വിജയി. എന്നാൽ ആം ആദ്മി പാർട്ടി തരംഗം കണ്ടു തുടങ്ങിയ 2014 ലെ തെരഞ്ഞെടുപ്പിൽ സന്ദീപിന് കാലിടറി. രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ മഹേഷ് ഗിരി ഇവിടെ നിന്നും വിജയിച്ചപ്പോൾ ആം ആദ്മി പാർട്ടിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്കാണ്  സന്ദീപ് ദീക്ഷിത് പിന്തള്ളപ്പെട്ടത്.

Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം

മണ്ഡലം നിലനിർത്താൻ ഇക്കുറി ക്രീസിലിറക്കിയിരിക്കുന്ന ഗൗതം ഗംഭീറിന് അനായാസ ജയമാണ് ബിജെപി കണക്കുകൂട്ടുന്നത്. പതിനഞ്ച് വർഷത്തോളം ഇന്ത്യൻ കുപ്പായമണിഞ്ഞ ക്രിക്കറ്റ് താരത്തിന് വലിയൊരു ഭൂരിപക്ഷം തന്നെ ബിജെപി പ്രതീക്ഷിക്കുന്നു. ഈസ്റ്റ് ഡൽഹിയിൽ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല ഗംഭീറിന്റെ സ്ഥാനാർത്ഥിത്വം. ബിജെപി നിലപാടുകളോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ഗംഭീർ ബിജെപിയിൽ ചേരുമെന്നും മത്സരിക്കുമെന്നുമുള്ള വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. അഭ്യൂഹങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് ഗംഭീർ ബിജെപിയിലേക്കെത്തിയത്. എന്നാൽ കളിക്കളത്തിലെ പോരാട്ടം പോലെയല്ല രാഷ്ട്രീയ ഗോദയിലെ മത്സരമെന്ന് കളത്തിലിറങ്ങിയപ്പോൾ തന്നെ ഗംഭീറിന് ബോധ്യമായി. രംഗത്തിറങ്ങിയതിനു പിന്നാലെ ഏറെ ആരോപണങ്ങളാണ്   ബിജെപിയുടെ താര സ്ഥാനാർത്ഥിക്ക് നേരിടേണ്ടി വന്നത്.

രണ്ട് തിരിച്ചറിയൽ കാർഡുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി മർലേന രംഗത്തെത്തിയതോടെ ഗംഭീർ ആദ്യമൊന്ന് പ്രതിരോധത്തിലായി. ഇരട്ട തിരിച്ചറിയൽ കാർഡ് വിഷയത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കോടതിയിൽ കേസ് ഫയൽ ചെയ്തതിനു പിന്നാലെ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ നടപടിയെടുത്തതും ഗംഭീറിന് തിരിച്ചടിയായി. കളത്തിലെ നിയമങ്ങൾ അറിയാത്ത കളിക്കാരനെന്ന് എതിരാളികൾ പരിഹസിക്കുക കൂടി ചെയ്തതോടെ  ഒടുവിൽ  രാഷ്ട്രീയം പറയാനുറച്ച് അരയും തലയും മുറുക്കി ഗംഭീർ കളത്തിലിറങ്ങുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. വികസനം മാത്രമാകും പ്രചാരണ വിഷയമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ഗംഭീർ ഇപ്പോൾ രാഷ്ട്രീയം പറഞ്ഞു തന്നെ എതിരാളികളുടെ വായടപ്പിക്കുന്നതാണ് പ്രചാരണ വേദികളിൽ കാണാനാകുന്നത്.

ആം ആദ്മി പാർട്ടിയെയും അതിഷിയെയും കടന്നാക്രമിച്ചാണ്  പ്രചാരണം മുന്നോട്ട് നീങ്ങുന്നത്. ആദ്യം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും പിന്നീട് മാപ്പു പറയുകയും ചെയ്യുന്നത് ആം ആദ്മി പാർട്ടി നേതാക്കളുടെ സ്ഥിരം ശൈലിയാണെന്ന് ഗംഭീർ പ്രസംഗങ്ങളിൽ ആഞ്ഞടിക്കുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുൾപ്പെടെ ഗംഭീറിനു വേണ്ടി പ്രചാരണ രംഗത്തുണ്ട്. മലയാളികൾ കൂടുതലായുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളും പങ്കെടുക്കുന്നുണ്ട്. ആം ആദ്മി പാർട്ടി വിട്ടെത്തിയ എംഎൽഎമാരെ പരമാവധി പ്രചാരണ വേദികളിലെത്തിക്കാനാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം. മണ്ഡലത്തിൽ ഇത് ചർച്ചയാക്കി മാറ്റുന്നത് ഏറെ ഗുണം ചെയ്യുമെന്നും ബിജെപി കണക്കൂകൂട്ടുന്നു. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരേ തൂവൽ പക്ഷികളാണെന്നും ജനങ്ങളെ കബളിപ്പിക്കാനാണ് രണ്ടായി മത്സരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് വേദികളിൽ ആവർത്തിക്കാനും ബിജെപി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

കോൺഗ്രസ് സഖ്യമില്ലാത്ത സാഹചര്യത്തിൽ ഡൽഹിയിലെ വിജയം ആം ആദ്മി പാർട്ടിയെ സംബന്ധിച്ചും ഏറെ നിർണായകമാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തരംഗം ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിലനിർത്തുകയെന്നത്  ശ്രമകരമാണെങ്കിലും ഈസ്റ്റ് ഡൽഹി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി പ്രതീക്ഷയിലാണ്. മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിലും നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയം തന്നെയാണ് ആം ആദ്മി പാർട്ടിക്ക്‌ ആത്മവിശ്വാസം പകരുന്നത്. വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിന് സുപരിചിതയായ അതിഷിയെ തന്നെ പാർട്ടി കളത്തിലിറക്കിയിരിക്കുന്നതും ഈ സാധ്യതകൾ മുൻകൂട്ടി കണ്ടാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ വിദ്യാഭ്യാസ നവീകരണ പദ്ധതികൾക്ക് നേതൃത്വം നൽകിയത് അതിഷിയായിരുന്നു.

ബിജെപി സ്ഥാനാർത്ഥിക്കെതിരെ നടത്തുന്ന  നിയമപോരാട്ടങ്ങൾ  അതിഷിയിലേക്ക്‌ ന്യൂനപക്ഷ വോട്ടർമാരെ ആകർഷിക്കുമെന്നാണ് ആം ആദ്മി കണക്കുകൂട്ടുന്നത്. അതേ സമയം അതിഷിയുടെ പേരിനൊപ്പമുള്ള ‘മർലേന’ ചൂണ്ടിക്കാട്ടിയുള്ള എതിരാളികളുടെ വർഗീയ പ്രചാരണവും മറുവശത്ത് പൊടിപൊടിക്കുകയാണ്. അതിഷി ക്രിസ്ത്യൻ മതവിശ്വാസിയാണെന്ന് ബിജെപിയും ജൂതമതക്കാരിയാണെന്ന് കോൺഗ്രസും പ്രചാരണ വേദികളിൽ ചർച്ചയാക്കിയതോടെ വിശദീകരണവുമായി ആം ആദ്മി പാർട്ടിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. അതിഷിയുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണെന്നും ഇവർ ഹിന്ദു രജപുത്ര സമുദായാംഗമാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്.

Read Also; സഖ്യത്തിന് കൈ കൊടുക്കാത്ത നോർത്ത് ഈസ്റ്റ് ഡൽഹി; ഇത്തവണ കരുത്ത് കാട്ടാനുള്ള പോരാട്ടം

ഇതിനെതിരെ പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി ബിജെപി പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏറെ മുമ്പു തന്നെ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചത് ഏറെ ഗുണം ചെയ്യുമെന്നാണ് അതിഷിയുടെ പ്രതീക്ഷ. ഡൽഹിയുടെ വിദ്യാഭ്യാസ മേഖലയിൽ താൻ നടത്തിയ പ്രവർത്തനങ്ങളും സഹായകരമാകുമെന്ന് ഇവർ വിലയിരുത്തുന്നു. ഡൽഹിയുടെ പൂർണ സംസ്ഥാന പദവിയെന്ന വാഗ്ദാനമാണ് പ്രചാരണ വേദികളിൽ അതിഷി പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.അനധികൃത കോളനികളിലെ പ്രശ്‌നങ്ങളും മണ്ഡലത്തിൽ ആം ആദ്മി ചർച്ചയാക്കുന്നുണ്ട്.

ബിജെപിയുടെയും ആം ആദ്മിയുടെയും കരുത്തരായ എതിരാളികളോട് പൊരുതാൻ ഒത്ത സ്ഥാനാർത്ഥി തന്നെ വേണമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഈസ്റ്റ് ഡൽഹിയിൽ അരവിന്ദർ സിങ് ലവ്‌ലിയെ തന്നെ നിയോഗിച്ചത്. പാർട്ടിയുടെ മുൻ ഡൽഹി അധ്യക്ഷൻ, മുൻ മന്ത്രി എന്നീ നിലകളിലെ പ്രവർത്തന പരിചയം അരവിന്ദർ സിങിന്റെ വിജയസാധ്യത കൂട്ടുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കുടിയേറ്റ വോട്ടർമാർ അധികമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ ആം ആദ്മി പാർട്ടിക്കു കിട്ടിയ വോട്ടുകളിൽ നല്ലൊരു ശതമാനം ഇത്തവണ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ഓഖ്‌ല ഉൾപ്പെടെ തുണയ്ക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.

ഡൽഹി പിടിക്കുന്നവർ രാജ്യം ഭരിക്കുമെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ തന്നെ ഓരോ സീറ്റിലേക്കും കടുത്ത പോരാട്ടം തന്നെയാണ് ഇത്തവണ നടക്കുന്നത്. സ്ഥാനാർത്ഥികൾ മൂവരും കരുത്തരായ ഈസ്റ്റ് ഡൽഹിയിൽ മത്സരം തീ പാറുമെന്നുറപ്പാണ്. ബിജെപിയുടെ ‘ഗംഭീര’ വിജയമോ, ആം ആദ്മിയുടെ അട്ടിമറിയോ, അതോ കോൺഗ്രസിന്റെ മടങ്ങിവരവോ ? പ്രവചനം അസാധ്യമായ പോരാട്ടത്തിൽ ഫലമെന്തെന്ന് കാത്തിരുന്നു കാണാം.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here