Advertisement

‘പ്രധാന’ പോരാട്ടം നടക്കുന്ന വാരാണസി

May 18, 2019
Google News 3 minutes Read

രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.ജനവിധിയറിയാനുള്ള കാത്തിരിപ്പ് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. അവസാന റൗണ്ടിൽ പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാം…..

 

ഏറെ ചരിത്രമുറങ്ങുന്ന പുണ്യ പുരാതന നഗരമാണ് ഉത്തർപ്രദേശിലെ കാശി എന്നറിയപ്പെടുന്ന വാരാണസി. രാജ്യത്തെ പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലൊന്ന്. പൈതൃക ഭൂമിയെന്ന പോലെ തന്നെ പട്ടു സാരികൾക്കും ഏറെ പേരു കേട്ടയിടം. എന്നാൽ രാഷ്ട്രീയ ഭൂപടത്തിൽ യു.പിയിലെ 77-ാം നമ്പറിൽ വരുന്ന വാരാണസി എന്ന ലോക്‌സഭാ മണ്ഡലത്തിന്റെ പ്രാധാന്യം ഇതൊന്നുമല്ല. രാജ്യത്തെ ഏറ്റവും ‘പ്രധാന’ പോരാട്ടം നടക്കുന്ന മണ്ഡലമെന്നു തന്നെ വാരാണസിയെ വിളിക്കാം.

നിലവിൽ ഈ മണ്ഡലത്തെ പ്രതിനീധികരിക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പഴമയും പാരമ്പര്യവുമെല്ലാം ഇഴ ചേർന്ന മാസ്മരിക നഗരത്തിൽ ഇക്കുറിയും അങ്കത്തട്ടിൽ മോദി തന്നെയുള്ളപ്പോൾ രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും  കാശിയിലേക്കാണ്. അതു കൊണ്ടു തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം… അതിൽ കുറഞ്ഞതൊന്നും ബിജെപി വാരാണസിയിൽ ആഗ്രഹിക്കുന്നില്ല. മുൻ വർഷത്തെ ഭൂരിപക്ഷം മറികടന്നുള്ള ഓരോ വോട്ടും അഭിമാനമായി കാണാനാണ് ഇവിടെ ബിജെപി ആഗ്രഹിക്കുന്നത്.

എന്നാൽ ഏതു വിധേയനയും മോദിയെ വീഴ്ത്തുകയെന്ന ലക്ഷ്യവുമായി മറുഭാഗത്ത് കോൺഗ്രസിന്റെയും എസ്പി-ബിഎസ്പി സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾ കളത്തിലുള്ളപ്പോൾ ബിജെപിയുടെ സ്വപ്‌നങ്ങൾ എത്രത്തോളം സഫലമാകുമെന്ന് കാത്തിരുന്ന് കാണണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച അജയ് റായ് തന്നെയാണ് ഇത്തവണയും കോൺഗ്രസിനായി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ മോദിയെ മടയിൽ പോയി വെല്ലുവിളിച്ച ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനും പിന്നിലായി മൂന്നാമതായിരുന്നു അജയ് റായിയുടെ സ്ഥാനം. മാറി മറിഞ്ഞ ക്ലൈമാക്‌സുകൾക്കൊടുവിലാണ് ഇത്തവണ അജയ് റായ് മോദിയെ നേരിടാൻ നിയോഗിക്കപ്പെടുന്നത്.

Read Also; സംഘർഷം പുകയുന്ന ഡയമണ്ട് ഹാർബർ; ഇക്കുറിയും ‘മമത’ പ്രതീക്ഷിച്ച് തൃണമൂൽ

കോൺഗ്രസിനായി പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കുമെന്നായിരുന്നു അവസാന നിമിഷം വരെ കേട്ടിരുന്നതെങ്കിലും ഒടുവിൽ പ്രിയങ്ക തീരുമാനം മാറ്റുകയായിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി ശാലിനി യാദവിനെയാണ് പാർട്ടി ആദ്യം നിയോഗിച്ചത്. ഇവർ പ്രചാരണ രംഗത്ത് സജീവമാകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ മോദിക്കെതിരെ മത്സരിക്കാൻ തേജ് ബഹാദൂർ യാദവ് എന്ന മുൻ ബിഎസ്എഫ് ജവാൻ രംഗത്തെത്തിയതോടെ എസ്പിയുടെ മനസ്സുമാറി.

സൈനിക ക്യാമ്പിൽ മോശം ഭക്ഷണം ലഭിക്കുന്നതിനെപ്പറ്റി പരാതി പറയുകയും പിന്നീട് സൈന്യത്തിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത തേജ് ബഹാദൂർ കുറച്ചു കൂടി മികച്ച സ്ഥാനാർത്ഥിയാകുമെന്ന കണക്കൂകൂട്ടലിൽ ശാലിനി യാദവിനെ മാറ്റി തേജ് ബഹാദൂറിനെ സ്ഥാനാർത്ഥിയാക്കി എസ്പി  പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മതിയായ രേഖകൾ സമർപ്പിക്കാതിരുന്നതിനെ തുടർന്ന് ബഹാദൂറിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെ സമാജ്‌വാദി പാർട്ടി വെട്ടിലായി. ശാലിനി യാദവിന്റെ പത്രിക നേരത്തെ പിൻവലിക്കാതിരുന്നതിനാൽ ഒടുവിൽ ഇവരെ തന്നെ സ്ഥാനാർത്ഥിയാക്കി എസ്പി വീണ്ടും രംഗത്തിറക്കുകയായിരുന്നു.

Read Also; ഈസ്റ്റ് ഡൽഹിയിൽ ആവേശപ്പോരാട്ടം അവസാന ഓവറിലേക്ക്

1957 ൽ രൂപീകൃതമായതാണ് വാരാണസി ലോക്‌സഭാ മണ്ഡലം. 57ലും 62 ലും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു ജയം. 1967 ൽ സിപിഎം സ്ഥാനാർത്ഥി എസ്.എൻ സിംഗ് ഇവിടെ ജയിച്ചു. തുടർന്ന് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനായിരുന്നു ജയം. 1991 ൽ ശീഷ് ചന്ദ്ര ദീക്ഷിതിലൂടെ ബിജെപി മണ്ഡലം പിടിച്ചെടുത്തു. എന്നാൽ 2004 ൽ വീണ്ടും കോൺഗ്രസിനൊപ്പമായിരുന്നു വാരാണസിയുടെ മനസ്സ്. കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.രാജേഷ് കുമാർ മിശ്ര ഒരു ലക്ഷത്തോളം വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. എന്നാൽ 2009 ൽ മുരളീ മനോഹർ ജോഷിയിലൂടെ ബിജെപി വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത്  ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമായിരുന്നു വാരാണസി. തീർത്തും അപ്രതീക്ഷിതമായിരുന്നു വാരാണസിയിലേക്കുള്ള മോദിയുടെ വരവ്. ഗുജറാത്തിലെ വഡോദരയ്ക്കു പുറമേ വാരാണസിയിൽ കൂടി മത്സരിക്കാനുള്ള മോദിയുടെ തീരുമാനം ഉത്തരേന്ത്യയിൽ കൂടി തരംഗമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.

Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം

മോദി തരംഗം ആഞ്ഞടിച്ച 2014 ലെ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം. മോദിയെ മടയിൽ നേരിടാനെത്തിയ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ബഹൂദൂരം പിന്നിൽ രണ്ടാമനായപ്പോൾ കോൺഗ്രസിന് 75,614 വോട്ടുകൾ മാത്രമാണ് നേടാനായത്.

വികസനം തന്നെയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ ഉന്നയിക്കുന്ന പ്രധാന മുദ്രാവാക്യം. തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി ഇടയ്ക്കിടെ മണ്ഡലത്തിലെത്തിയതും വിവിധ വികസന പദ്ധതികൾ നടപ്പാക്കിയതുമെല്ലാം ബിജെപി ഉയർത്തിക്കാണിക്കുന്നു. വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള നാലുവരി ദേശീയപാതയുടെ നിർമ്മാണം, വാരാണസി-ന്യൂഡൽഹി അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് തുടങ്ങിയവയെല്ലാം മോദിയുടെ നേട്ടങ്ങളായി ബിജെപി എടുത്തുപറയുന്നുണ്ട്. വാരാണസി നോർത്ത്, വാരാണസി സൗത്ത്, വാരാണസി കന്റോൺമെന്റ്, സേവാപുരി,റോഹാനിയ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളടങ്ങുന്നതാണ് വാരാണസി ലോക്‌സഭാ മണ്ഡലം. ഈ അഞ്ചിലും ബിജെപിയുടെ എംഎൽഎമാരാണെന്നത് ബിജെപിയുടെ കരുത്ത് കൂട്ടുന്നു.

അതേ സമയം ഇത്തവണ കൂടുതൽ പാർട്ടികളുടെ പിന്തുണയുള്ളതിനാൽ പ്രതീക്ഷയോടെയാണ് കോൺഗ്രസും രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ ആം ആദ്മിയിലേക്ക് പോയ സ്വന്തം വോട്ടുകൾ ഇത്തവണ പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. മോദിക്കെതിരെയുള്ള മത്സരമായതിനാൽ സിപിഐ ഉൾപ്പെടെ ചെറുതും വലുതുമായ പതിനഞ്ചിലധികം പാർട്ടികൾ ഇത്തവണ വാരാണസിയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു. പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയായില്ലെങ്കിലും റോഡ് ഷോകളിലടക്കം പങ്കെടുത്ത് മണ്ഡലത്തിൽ സജീവമായതും ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കണക്കൂകൂട്ടുന്നുണ്ട്.

 

ഉത്തർപ്രദേശിൽ ഇത്തവണ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്ന എസ്പി-ബിഎസ്പി സഖ്യം വാരാണസിയിൽ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. മുസ്ലീം വോട്ടുകളിൽ തന്നെയാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. പാർട്ടി വോട്ടുകൾക്ക് പുറമേ 20 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകളും പ്രാദേശിക പാർട്ടികളുടെ പിന്തുണയും ചേരുമ്പോൾ വിജയം തങ്ങൾക്കാവുമെന്നാണ് മഹാസഖ്യത്തിന്റെ വാദം.

Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി ശാലിനി യാദവ് 1984 ൽ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് എം.പി ശ്യാം ലാൽ യാദവിന്റെ മകളാണ്. ഈ പശ്ചാത്തലം കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇടയാക്കുമെന്നും മഹാസഖ്യം പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മണ്ഡലത്തിൽ 19 നാണ് വിധിയെഴുത്ത്. ജയവും തോൽവിയും ഭൂരിപക്ഷവുമെല്ലാം ചർച്ച ചെയ്യപ്പെടാൻ പോകുന്ന വാരാണസിയിലെ ജനവിധിയറിയാൻ നാലു നാൾ കൂടി കാത്തിരിക്കാം.

.

 

 

 

 

 

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here