Advertisement

സംഘർഷം പുകയുന്ന ഡയമണ്ട് ഹാർബർ; ഇക്കുറിയും ‘മമത’ പ്രതീക്ഷിച്ച് തൃണമൂൽ

May 16, 2019
Google News 2 minutes Read

രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.ജനവിധിയറിയാനുള്ള കാത്തിരിപ്പ് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. അവസാന റൗണ്ടിൽ പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാം

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ പശ്ചിമബംഗാളിലാണ്. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളിലും വോട്ടെടുപ്പ് ദിവസങ്ങളിൽ സംഘർഷങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്ന ബംഗാളിൽ അവസാന ഘട്ടത്തോടടുക്കുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്.
ബിജെപി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷം പടർന്നു പിടിച്ചതോടെ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിക്കുറയ്ക്കുകയും സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ മാറ്റുകയും ചെയ്തിരുന്നു. ഇതോടെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ തുടങ്ങിയിട്ടുള്ള തുറന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ ഏഴാം ഘട്ടത്തിലേക്ക് കടക്കുന്നത്.

Read Also; ഈസ്റ്റ് ഡൽഹിയിൽ ആവേശപ്പോരാട്ടം അവസാന ഓവറിലേക്ക്

അവസാന ഘട്ടത്തിൽ ബംഗാളിലെ 9 മണ്ഡലങ്ങളിലേക്കാണ് മത്സരമെങ്കിലും എല്ലാ പാർട്ടികളുടെയും പ്രധാന ശ്രദ്ധാകേന്ദ്രം ഡയമണ്ട് ഹാർബറാണ്. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും നിലവിലെ എം.പിയുമായ അഭിഷേക് ബാനർജിയെയാണ് ഇത്തവണയും തൃണമൂൽ ഇവിടെ രംഗത്തിറക്കുന്നതെന്നാണ് ശ്രദ്ധേയം.
മത്സരിക്കുന്നത് മമതയുടെ അനന്തരവൻ ആയതിനാൽ തന്നെ ബിജെപിയുടെ പ്രധാന നോട്ടവും ഈ മണ്ഡലത്തിൽ തന്നെയാണ്.

ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അടക്കമുള്ളവർ തുടർച്ചയായി ആഞ്ഞടിച്ചത് ഡയമണ്ട് ഹാർബറിലെ മമതയുടെ കുടുംബ വാഴ്ചയ്‌ക്കെതിരെയായിരുന്നു. ഒരു കാലത്ത് ഉറച്ച കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്നു ഈ തീരദേശമണ്ഡലമെങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിനായിരുന്നു ഇവിടെ വിജയം.

Read Also; മൂന്ന് പതിറ്റാണ്ടായി താമര വിരിയുന്ന ഭോപ്പാൽ; ‘ദിഗ് വിജയ’ത്തിന് കോൺഗ്രസ്

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥിയ്ക്ക് വോട്ട് വർദ്ധിപ്പിക്കാനായതിനാൽ സിപിഎമ്മിന് ഇത്തവണ ഏറെ പ്രതീക്ഷയുണ്ട്. പാവപ്പെട്ടവർക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിലൂടെ ശ്രദ്ധേയനായ ജനകീയ ഡോക്ടർ ഫുവാദ് ഹാലിമിനെയാണ് ഇക്കുറി സിപിഎം ഇവിടെ കളത്തിലിറക്കുന്നത്.

ഇത്തവണ തൃണമൂലിനെതിരെ നേരിട്ടുള്ള യുദ്ധമായതിനാൽ തന്നെ ബിജെപിയും മണ്ഡലത്തിൽ ഏറെ പ്രതീക്ഷകൾ വച്ചു പുലർത്തുന്നുണ്ട്. പാർട്ടിയുടെ ജില്ലാ അധ്യക്ഷൻ കൂടിയായ നിലഞ്ജൻ റോയിയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തിലധികം വോട്ടുകളായിരുന്നു ഇവിടെ ബിജെപി നേടിയത്. കോൺഗ്രസ് പേരിനു മത്സരിക്കുന്ന മണ്ഡലമാണ് ഇതെന്നു പറയാം. 2014 ലെ തെരഞ്ഞെടുപ്പിൽ 63,047 വോട്ടുകൾ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഖമർ ഉസ്മാന് നേടാനായത്. സൗമ്യ റോയിയാണ് ഇത്തവണ കോൺഗ്രസിനായി മത്സരിക്കുന്നത്.

Read Also; ജയ്പുർ റൂറലിൽ ഒളിമ്പ്യൻമാരുടെ പോരാട്ടം

1951 ലാണ് ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലം രൂപീകൃതമായത്. തുടർന്നിങ്ങോട്ട് നടന്ന ഉപതെരഞ്ഞെടുപ്പുകളടക്കം 19 തെരഞ്ഞെടുപ്പുകളിൽ 14 തവണയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇവിടെ ചെങ്കൊടി പാറിച്ചു. 1951 ൽ സിപിഐ സ്ഥാനാർത്ഥി ബസു കമലാണ് ആദ്യമായി ഡയമണ്ട് ഹാർബറിൽ നിന്നും ലോക്‌സഭയിലേക്കെത്തിയ എം.പി. എന്നാൽ അതേ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസിനായിരുന്നു വിജയം . 1957 ൽ കൻസാരി ഹാൽദറിലൂടെ സിപിഐ മണ്ഡലം തിരിച്ചു പിടിച്ചു. 1962 ലെ തെരഞ്ഞെടുപ്പിൽ സുധാംശു ഭൂഷൺ ദാസിലൂടെ മണ്ഡലം വീണ്ടും കോൺഗ്രസിന്റെ കയ്യിലെത്തി.

എന്നാൽ 1967 മുതൽ സിപിഎം തോരോട്ടത്തിന്റെ പുതിയൊരു ചരിത്രത്തിനാണ് ഡയമണ്ട് ഹാർബർ മണ്ഡലം തുടക്കം കുറിച്ചത്. 1967 മുതൽ 2004 വരെ നടന്ന 12 ലോക്‌സഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ സിപിഎമ്മിനായിരുന്നു ജയം. 42 വർഷമാണ് മണ്ഡലത്തിൽ തുടർച്ചയായി ചെങ്കൊടി പാറിയത്. സിപിഎം നേതാക്കളായ ജ്യോതിർമയി ബസുവും അമൽ ദത്തയും സമിക് ലാഹിരിയും നാല് തവണ വീതം ഇവിടെ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു.

ഒടുവിൽ സിംഗൂർ ഭൂമി പ്രക്ഷോഭത്തെ തുടർന്ന് ബംഗാളിൽ ആഞ്ഞടിച്ച കർഷകരോഷം സിപിഎമ്മിനെ ഇവിടെയും അടിതെറ്റിക്കുകയായിരുന്നു.  ബംഗാളിലെ കമ്മ്യൂണിസ്റ്റ് പ്രതാപം അസ്തമിച്ചു തുടങ്ങിയ 2009 ലെ തെരഞ്ഞെടുപ്പിൽ നാല്
പതിറ്റാണ്ടിലേറെ നെഞ്ചേറ്റിയ ചെങ്കൊടിയെ മണ്ഡലം കൈവിട്ടു. ബംഗാളിലെ തൃണമൂൽ തരംഗത്തിൽ ഡയമണ്ട് ഹാർബറിന്റെ ചുവപ്പ് മായുകയായിരുന്നു.

Read Also; സഖ്യത്തിന് കൈ കൊടുക്കാത്ത നോർത്ത് ഈസ്റ്റ് ഡൽഹി; ഇത്തവണ കരുത്ത് കാട്ടാനുള്ള പോരാട്ടം

നാല് തവണ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച സമിക് ലാഹിരിക്ക് തൃണമൂൽ കോൺഗ്രസിനോട് ഒന്നരലക്ഷത്തിലധികം വോട്ടുകൾക്കാണ് അടിയറവു പറയേണ്ടി വന്നത്. സിപിഎമ്മിന്റെ അവസ്ഥ ഒന്നു കൂടെ ദയനീയമായ 2014 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം സിപിഐയ്ക്ക് കൈമാറി. മുൻ തെരഞ്ഞെടുപ്പിനേക്കാൾ നാൽപ്പതിനായിരം വോട്ടുകൾ കൂടുതൽ പിടിക്കാൻ കഴിഞ്ഞത് മാത്രമായിരുന്നു ഇതിന്റെ നേട്ടം. ഇത്തവണയും  കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാത്ത മത്സരത്തിൽ തൃണമൂലും സിപിഎമ്മും ബിജെപിയും തമ്മിലാണ് ത്രികോണപ്പോര്.

അനന്തരവന് വേണ്ടി  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കണ്ടെത്തിയ ഏറ്റവും സുരക്ഷിത മണ്ഡലം തന്നെയാണ് ഡയമണ്ട് ഹാർബറെന്നു പറയാം. ഇവിടെ 50 ശതമാനത്തോളം ന്യൂനപക്ഷവോട്ടുകളാണ് എന്നതു തന്നെയാണ് പ്രധാനം. തൃണമൂൽ വോട്ടുകൾക്ക് പുറമേ ന്യൂനപക്ഷ വോട്ടുകളുടെ നല്ലൊരു ശതമാനവും മമത പ്രതീക്ഷിക്കുന്നുണ്ട്. മമതയുടെ സഹോദരൻ അമിത് ബാനർജിയുടെ മകൻ എന്നതിലുപരിയായി പാർട്ടിയിലെ രണ്ടാമൻ കൂടിയാണ് മുപ്പത്തിയൊന്നുകാരനായ അഭിഷേക്. പാർട്ടിയുടെ തീപ്പൊരി പ്രാസംഗികൻ കൂടിയാണ് ഈ എംബിഎ ബിരുദധാരി.

പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്ന മമതയുടെ സ്വപ്‌നങ്ങൾ പൂവണിഞ്ഞാൽ ഒരു പക്ഷേ അമിതിന് ബംഗാളിൽ മമതയുടെ പിൻഗാമിയാകാനുള്ള സാധ്യത കൂടിയുണ്ട്. ബിജെപിക്കെതിരെ മമത തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകളിലാണ് ഇത്തവണയും അമിത് ബാനർജിയുടെ പ്രതീക്ഷ. സിപിഐ സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ട് ഇത്തവണ സിപിഎമ്മിന് കിട്ടില്ലെന്നും തൃണമൂൽ കരുതുന്നു. എന്നാൽ മറുവശത്ത് തൃണമൂൽ ഹിന്ദുവിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്നുവെന്ന പ്രചാരണവുമായി ബിജെപി സജീവമാകുന്നത് പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. തൃണമൂൽ പ്രവർത്തകർ സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന ആക്രമണങ്ങൾ തിരിച്ചടിയാകുമോയെന്നും പാർട്ടി  ആശങ്കപ്പെടുന്നു.

Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം

മമത സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിലാണ് സിപിഎമ്മിന്റെ എല്ലാ പ്രതീക്ഷകളും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ തൃണമൂൽ ആക്രമണങ്ങളും കലാപങ്ങളും ജനവിധി തങ്ങൾക്ക് അനുകൂലമാക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. തൃണമൂലിനെ തോൽപ്പിക്കാൻ ബിജെപിയിൽ നിന്നും പരസ്യമായല്ലെങ്കിലും പിന്തുണയുണ്ടാകുമെന്നും സിപിഎമ്മിന് പ്രതീക്ഷയുണ്ട്. ഈ സാധ്യതകളെല്ലാം മുൻ നിർത്തിയാണ് കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്.

പശ്ചിമബംഗാളിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിയമമന്ത്രിയും പിന്നീട് പല തവണ നിയമസഭയിൽ സ്പീക്കറുമായിരുന്ന ഹാഷിം അബ്ദുൾ ഹാലിമിന്റെ മകനാണ് ഇത്തവണ ഡയമണ്ട് ഹാർബറിലെ സിപിഎം സ്ഥാനാർത്ഥി ഡോ.ഫുവാദ് ഹാലിം. ജനകീയ ഡോക്ടറായി അറിയപ്പെടുന്ന ഇദ്ദേഹം മണ്ഡലത്തിന് ഏറെ സുപരിചിതൻ തന്നെ. വ്യത്യസ്ഥമായ രീതിയിലാണ് ഫുവാദ് ഹാലിമിന്റെ പ്രചാരണം പൊടി പൊടിക്കുന്നത്. സ്ഥാനാർത്ഥിയുടെ യാത്ര മുഴുവൻ സൈക്കിൾ റിക്ഷകളിലും ഓട്ടോറിക്ഷകളിലുമൊക്കെയാണ്. പലയിടത്തും സൈക്കിളിലെത്തിയും ഇദ്ദേഹം വോട്ടഭ്യർത്ഥന നടത്തിക്കൊണ്ടിരിക്കുന്നു. ജനകീയ മുഖവും ന്യൂനപക്ഷങ്ങളുടെ പിന്തുണയും മണ്ഡലത്തിൽ ഫുവാദിന്റെ വിജയം ഉറപ്പാക്കുമെന്നു തന്നെയാണ് സിപിഎമ്മിന്റെ പ്രതീക്ഷ

വിജയം അഭിമാനപ്രശ്‌നമായതിനാൽ ബംഗാളിലെ മറ്റേതു മണ്ഡലത്തേക്കാളും ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡയമണ്ട് ഹാർബറിലാണ്. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദിയും അമിത് ഷായുമെല്ലാം ഉന്നം വെച്ചതും ഈ മണ്ഡലത്തെ തന്നെയാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ അമിത് ഷായുടെ റോഡ് ഷോയ്ക്ക് മമത സർക്കാർ അനുമതി നിഷേധിച്ചത് ബിജെപി വലിയ ചർച്ചയാക്കിയിരുന്നു. അനന്തരവൻ തോൽക്കുമെന്ന ഭയം കൊണ്ടാണ് മമത തന്റെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്നാണ് തൊട്ടടുത്ത മണ്ഡലത്തിൽ സംഘടിപ്പിച്ച റാലിയിൽ അമിത് ഷാ ആഞ്ഞടിച്ചത്.

Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

താൻ ജയ് ശ്രീരാം വിളിക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാനും മമതയെ വെല്ലുവിളിച്ച് അമിത് ഷാ അണികളെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളിലെ 40 തൃണമൂൽ എംഎൽഎ മാർ ബിജെപിയിലേക്ക് വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനവും മണ്ഡലത്തിൽ ബിജെപി ഏറെ ചർച്ചയാക്കുന്നുണ്ട്. അത്തരമൊരു നീക്കം സത്യമാണെങ്കിൽ ഡയമണ്ട് ഹാർബറിലടക്കം അനുകൂലമായൊരു അടിയൊഴുക്ക് ബിജെപിക്ക് പ്രതീക്ഷിക്കാം.

തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങൾക്കെതിരെ ദേശീയ നേതാക്കളടക്കം ഇപ്പോൾ ഇങ്ങോട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നേട്ടമാകുമെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. അതേ സമയം സ്ഥാനാർത്ഥി നിലഞ്ജൻ റോയിക്കെതിരെ പോക്‌സോ പ്രകാരം എടുത്ത പീഡനക്കേസും അറസ്റ്റുമെല്ലാം പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ബിജെപിയ്ക്കുണ്ട്.

Read Also; ബേഗുസരായിയിൽ ഇക്കുറി കരുത്തൻമാരുടെ പോരാട്ടം

അനന്തരവനെ വിജയിപ്പിക്കാനായി മമത സർക്കാർ കെട്ടിച്ചമതാണ് പീഡനക്കേസെന്ന പ്രചാരണത്തിലൂടെ ഇതിനെ മറികടക്കാനുള്ള പ്രയത്‌നത്തിലാണ് ബിജെപി സ്ഥാനാർത്ഥി. അഭിഷേക് ബാനർജിക്കെതിരെ തൃണമൂലിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തി തങ്ങൾക്ക് അനുകൂലമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്.

രാജ്യത്ത് തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള നടപടികളിലൂടെയാണ് ഡയമണ്ട് ഹാർബർ അടക്കമുള്ള മണ്ഡലങ്ങൾ അവസാന ഘട്ടത്തിൽ വോട്ടെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആശയങ്ങൾ വച്ചുള്ള പോരാട്ടത്തിൽ നിന്നു മാറി ബംഗാളിലെ തെരഞ്ഞെടുപ്പ് ആയുധപ്പോരാട്ടത്തിലേക്ക് നീങ്ങുന്നത് ആശങ്കാവഹം തന്നെ.

കഴിഞ്ഞ ഘട്ടത്തിൽ പരക്കെ ആക്രമങ്ങൾ അരങ്ങേറിയിട്ടും ഏറ്റവും കൂടുതൽ പോളിങ് നടന്ന സംസ്ഥാനം ബംഗാൾ തന്നെയായിരുന്നു. കൊൽക്കത്തയിലെ സംഘർഷത്തിന്റെ കനലുകൾക്കിടയിലൂടെയാണ് ഡയമണ്ട് ഹാർബർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടർമാർ അവസാനഘട്ടത്തിൽ ബംഗാളിലെ ബൂത്തിലേക്കുന്നത്. പോളിങ് ശതമാനം വാനോളമുയരുന്ന ബംഗാളിൽ ജനങ്ങളുടെ മനസ്സ് ആർക്കൊപ്പമെന്നറിയാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ കൂടി കാത്തിരിക്കാം.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here