കെവിൻ വധക്കേസ്; ഇന്ന് ആറ് സാക്ഷികളെ വിസ്തരിക്കും

കെവിൻ വധക്കേസിൽ ഇന്ന് ആറ് സാക്ഷികളെ വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉൾപ്പെടെയാണ് ഇന്ന് നടക്കുക. ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ കോടതിയിൽ ഹാജരായി മൊഴി നൽകും.
പിന്നാക്ക വിഭാഗത്തിൽപെട്ട കെവിനെ വിവാഹം ചെയ്താൽ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകുക. പുനലൂർ ചാലിയേക്കര സ്വദേശികളും പ്രതികളുടെ സുഹൃത്തുക്കളുമായ അഞ്ച് പേരെ കൂടി ഇന്ന് വിസ്തരിക്കും.
Read Also : കെവിൻ വധക്കേസ്; രണ്ട് സാക്ഷികൾ കൂടി മൊഴി മാറ്റി
18 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here