ഇന്നത്തെ പ്രധാന വാർത്തകൾ
നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാർത്ഥിയുടെ നില സ്റ്റേബിളാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം
പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജിൽ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഇടുക്കി സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ മെഡിക്കൽ കോളെജിൽ എത്തിച്ചപ്പോൾ ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ആംബുലൻസിൽവെച്ചായിരുന്നു ജേക്കബ് തോമസിന്റെ മരണം സംഭവിച്ചത്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് വിജിലന്‍സ്. കിറ്റ്‌കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കി. ഖജനാവിന് കോടികളുടെ നഷ്ടം ഇതിലൂടെയുണ്ടായെന്നും വിജിലന്‍സ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. എഫ്‌ഐആറിന്റെ ട്വന്റി ഫോറിന് ലഭിച്ചു.
അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷ ഫലത്തില്‍ ആദ്യ അന്‍പത് റാങ്കുകളില്‍ മൂന്ന് മലയാളികള്‍. രാജസ്ഥാന്‍ സ്വദേശി നളീന്‍ ഖണ്ഡേവാള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡിയാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്. മെയ് മാസം അഞ്ചിനാണ് നീറ്റ് പരീക്ഷ നടന്നത്.
വ്യോമ സേനയുടെ കാണാതായ വിമാനത്തില്‍ ഒരു മലയാളി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു
അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. ഐഎസ്ആര്‍ഒയുടേയും നാവികസേനയുടേയും പങ്കാളിത്തതോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. വിമാനത്തില്‍ ഒരു മലയാളിയും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാറാണ് കാണാതായ മലയാളി.
ചാഹലിന് നാല് വിക്കറ്റ്; ഇന്ത്യയ്ക്ക് 228 റൺസ് വിജയലക്ഷ്യം
ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 228 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. 42 റൺസെടുത്ത ക്രിസ് മോറിസാണ് ടോപ് സ്‌കോറർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here