ഇന്നത്തെ പ്രധാന വാർത്തകൾ
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും പ്രളയ ദുരിതം രൂക്ഷമാകുന്നു; മരണനിരക്ക് നൂറ്റിയന്‍പതായി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും പ്രളയ ദുരിതം രൂക്ഷമായി തുടരുന്നതിനിടെ മരണനിരക്ക് നൂറ്റിയന്‍പതായി. അസമില്‍ അറുനൂറ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്റെയും ദുരന്തനിവാരണ ഏജന്‍സികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
കർണാടകയിൽ തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാർ സുപ്രീം കോടതിയിൽ ഹർജി നൽകി. എംഎൽഎമാരായ എച്ച് നാഗേഷും ആർ ശങ്കറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നാളെ തന്നെ വോട്ടെടുപ്പ് നടത്താൻ സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.
സോൻഭദ്ര കൂട്ടക്കൊലപാതകം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം നഷ്ടപരിഹാരം
സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. വെടിവെയ്പിൽ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.വെടിവെയ്പ് നടന്ന സോൻഭദ്രയിലെ പ്രദേശം സന്ദർശിച്ച ശേഷമാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ കളമശ്ശേരി സ്വദേശി ഉള്‍പ്പെടെ 3 മലയാളികള്‍
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ മൂന്ന് മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. ഒരുമാസം മുമ്പാണ് കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ജോലിക്ക് കയറിയത്. ശനിയാഴ്ച വെളുപ്പിനെയാണ് കപ്പല്‍ ഇറാന്‍ പിടികൂടിയ വിവരം ഡിജോയുടെ കുടുംബം അറിയുന്നത്.
യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുന്നെന്ന് അദ്ദേഹം വടകരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.അതേസമയം, യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ ഒളിവിലുള്ള 10 പ്രതികൾക്കായി വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
ഇന്തോനേഷ്യൻ ഓപ്പൺ; ഫൈനലിൽ കാലിടറി സിന്ധു
ഇന്തൊനീഷ്യൻ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യമഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍– 15–21, 16–21. ഈ സീസണില്‍ ഇതുവരെ കിരീടം നേടാന്‍ സിന്ധുവിന് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷത്തെ സിന്ധുവിന്റെ ആദ്യ ഫൈനലായിരുന്നു ഇത്. ആദ്യ ഗെയിമിൽ ഒരു ഘട്ടത്തിൽ 11–8 എന്ന നിലയിൽ മുന്നിട്ടുനിന്ന ശേഷമാണു സിന്ധു പതറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here