Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (27-07-2019)

July 27, 2019
Google News 0 minutes Read

സിറോ മലബാർ വ്യാജരേഖാ കേസ്; ബിഷപ്പുമാരുടെ മൊഴിയെടുത്തു

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ ബിഷപ്പുമാരുടെ മൊഴിയെടുത്തു. കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് അന്വേഷണ സംഘം 2 ബിഷപ്പുമാരുടെ മൊഴി രേഖപ്പെടുത്തിയത്.

കട്ടച്ചിറപള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. കനത്ത പാലീസ് സുരക്ഷയിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. കോടതി വിധി നടപ്പാക്കിയതിനെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

അമ്പൂരി കൊലപാതകം; രണ്ടാം പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ

അമ്പൂരി കൊലപാതകത്തിൽ രണ്ടാം പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അഖിലിന്റെ സഹോദരനാണ് രാഹുൽ. അതേസമയം, അഖിലിനെ കണ്ടെത്താൻ പൊഴിയൂർ എസ്‌ഐ പ്രസാദിന്റെ മേൽനോട്ടത്തിലുള്ള മൂന്നംഗ സംഘം ഡൽഹിക്ക് തിരിച്ചു. സംഭവശേഷം അഖിൽ മിലിറ്ററി ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ എം പി. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം കാലം എസ്എഫ്‌ഐയുടെ തേർവാഴ്ചയുണ്ടാകും. അതുകൊണ്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും ശരി ആ കോളേജ് അവിടെ നിന്നും മാറ്റും. അന്ന് സമരം ചെയ്യാൻ ഇപ്പോൾ ഭരിക്കുന്നവർ തയ്യാറെടുക്കണമെന്നും മുരളീധരൻ പറഞ്ഞു.

കൈ ഒടിഞ്ഞെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല; വാർത്ത മാധ്യമങ്ങൾ വളച്ചൊടിച്ചതെന്ന് എൽദോ എബ്രഹാം എംഎൽഎ

കൈ ഒടിഞ്ഞെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് എൽദോ എബ്രഹാം എംഎൽഎ. വാർത്ത മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത്. കൈക്ക് പരിക്കുണ്ടെന്നാണ് താൻ പറഞ്ഞതെന്നും എൽദോ എബ്രഹാം വ്യക്തമാക്കി. എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പൊലീസ് കളക്ടർക്ക് കൈമാറിയ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം.

നെഹ്‌റു കോളേജിന്റെ പ്രതികാര നടപടി വീണ്ടും; ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച കാർഡ് വിതരണം ചെയ്ത വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്ത വിദ്യാർത്ഥികളെസസ്‌പെൻഡ് ചെയ്ത് പാമ്പാടി നെഹ്‌റു കോളേജിന്റെ പ്രതികാര നടപടി വീണ്ടും. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അടക്കം ഏഴ് വിദ്യാർത്ഥികളെയാണ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്. അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുമ്പോഴും ജിഷ്ണുവിന്റെ ചിത്രംവെച്ച കാർഡ് പുതിയ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതാണ് സസ്‌പെൻഷന് കാരണമെന്ന് പരാതിക്കാരനായ അധ്യാപകൻ പറയുന്ന ശബ്ദരേഖ പുറത്തു വന്നു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here